• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

വിട...ഒരു കാലത്തിന്


Updated: August 16, 2018, 5:48 PM IST
വിട...ഒരു കാലത്തിന്

Updated: August 16, 2018, 5:48 PM IST
പാർട്ടി-പ്രതിപക്ഷ ഭേദമന്യേ ഏവർക്കും പ്രിയങ്കരൻ, നെഹ്രുവിന് ശേഷം തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയായ വ്യക്തി, ബിജെപിയുടെ മുതിർന്ന നേതാവ് ഇതെല്ലാമായിരുന്നു വാജ്പേയി.വിദേശകാര്യമന്ത്രി, പാർലമെന്റിലെ പ്രതിപക്ഷ നേതാവ്, പ്രധാനപ്പെട്ട വിവിധ സ്റ്റാന്റിംങ് കമ്മിറ്റികളുടെ ചെയർമാൻ തുടങ്ങിയ പദവികളിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര, വിദേശ നയങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബമായിരുന്നു വാജ്പേയിയുടെത്. കൃഷ്ണ ദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25നായിരുന്നു അടൽ ബിഹാരി വാജ്പേയി എന്ന എ ബി വാജ്പേയിയുടെ ജനനം.ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഉന്നത വിദ്യാഭ്യാസ നൽകിയ പിൻബലമാണ് രാഷ്ട്രീയ രംഗത്തെ പലരംഗങ്ങളിൽ ശോഭിക്കാൻ അദ്ദേഹത്തിന് കരുത്തേകിയത്.

രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാർഥിയെന്ന നിലയിൽ, കോളജ് വിദ്യാഭ്യാസത്തിനിടെ തന്നെ വിദേശകാര്യങ്ങളിൽ താൽപര്യമെടുത്തു തുടങ്ങിയ അദ്ദേഹം മികച്ച ദേശീയ കാഴ്ചപ്പാടും പിൻതുടർന്നിരുന്നു. ബ്രിട്ടീഷ് കോളനിഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് 1942ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു വാജ്പേയിയുടെ രാഷ്ട്രീയപ്രവേശം. 1951ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു വാജ്പേയി.1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി.1980-86 കാലയളവിൽ ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം വഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
Loading...

1996 ലാണ് പ്രധാനമന്ത്രിയായി വാജ്പേയി അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി പദത്തിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കോൺഗ്രസിന് പുറത്തുള്ള ആദ്യ വ്യക്തി കൂടിയായിരുന്നു വാജ്‌പേയി. 3 ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവച്ചു. 1998 ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും അടുത്ത വർഷം എഐഎഡിഎംകെ പിന്തുണ പിൻവലിച്ചതിനെ തുടർന്നുണ്ടായ വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനായില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. നാല് പതിറ്റാണ്ടോളം നീണ്ട പാർലമെന്ററി ജീവിതത്തിനിടെ ലോക്സഭയിലേക്ക് ഒൻപത് തവണയും രാജ്യസഭയിലേക്ക് രണ്ട് തവണയുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

മികച്ച പാർലമെന്റേറിയൻ എന്നതിനപ്പുറം പ്രഭാഷകനായും കവിയായും അദ്ദേഹം തിളങ്ങി. അദ്ദേഹത്തിന്റെ വാക്ചാതുര്യത്തിൽ ആകൃഷ്ടരാകാത്തവർ കുറവാണ്. ജനാധിപത്യത്തോടുള്ള അർപ്പണമനോഭാവവും ഉദാരമായ കാഴ്ചപാടുകളും അദ്ദേഹത്തെ പ്രിയനേതാവായി ഉയർത്തി. കാശ്മീർ വിഷയത്തിലടക്കം അദ്ദേഹം സ്വീകരിച്ച പല നിലപാടുകൾക്കും വൻസ്വീകാര്യതയാണ് ലഭിച്ചത്.2005 ഡിസംബറിലാണ് താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി വാജ്പേയി പ്രഖ്യാപിച്ചത്.

രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആ മഹ്ദവ്യക്തിത്വത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകിയാണ് രാജ്യം ആദരിച്ചത്. പദ്മവിഭൂഷൺ അടക്കമുള്ള പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ശാരീരിക അവശതകളെ തുടർന്ന്  ദീർഘകാലമായി പൊതുരംഗത്തു നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹം ലോകത്തോട് വിട പറയുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഒരു മികച്ച അധ്യായത്തിന് കൂടിയാണ് പരിസമാപ്തിയാകുന്നത്.
First published: August 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍