മുംബൈ: ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച സംഭവത്തിൽ 34കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വാക്കുതർക്കത്തിനൊടുവിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഷോർ കർഡാക്കിനെ ഓട്ടോയിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്താൻ സൽമാൻ സയ്യിദ് എന്നയാൾ ശ്രമിച്ചത്. സൽമാനെ മുംബൈ ഡിയോനാർ പൊലീസ് അറസ്റ്റു ചെയ്തു.
കിഷോർ, ബൈക്കിൽ നിന്ന് വീണുപോയെങ്കിലും വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. സംഭവം മനസിലാക്കിയ പോലീസ് ഓട്ടോയുടെ നമ്പർ ഉപയോഗിച്ച് പ്രതിയെ പിടികൂടി. ഐപിസി 307 (കൊലപാതകശ്രമം), 279 (അവിവേകവും അശ്രദ്ധമായ ഡ്രൈവിംഗ്) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഓട്ടോ ഡ്രൈവറുടെ പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ റദ്ദാക്കുന്നതിന് ഇപ്പോൾ സ്ഥലം ആർടിഒ വിജ്ഞാപനം പുറപ്പെടുവിച്ചതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. ഘട്കോപർ-മൻഖുർഡ് ലിങ്ക് റോഡിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി.
ആർടിഒ സൽമാന് രണ്ട് നോട്ടീസുകൾ നൽകിയിട്ടുണ്ട്, ഒന്ന് പെർമിറ്റ് റദ്ദാക്കിയതിനും മറ്റൊന്ന് ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനും. ദിയോനാർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഫയൽ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി”- മഹാരാഷ്ട്ര ഗതാഗത കമ്മീഷണർ അവിനാശ് ധക്കാനെ പറഞ്ഞു.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 19 പ്രകാരം പെർമിറ്റ് റദ്ദാക്കൽ നോട്ടീസിനും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കൽ നോട്ടീസിനും സയ്യിദ് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കർശനമായ നടപടി നേരിടേണ്ടിവരുമെന്ന് ആർടിഒ വൃത്തങ്ങൾ അറിയിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത മുംബൈയിലെ കിഴക്കൻ പ്രാന്തപ്രദേശങ്ങൾ വഡാല ആർടിഒയ്ക്ക് കീഴിലാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.