ന്യൂഡൽഹി: അയോദ്ധ്യ കേസ് കേവലം ഭൂമി തർക്കം അല്ലെന്ന് സുപ്രീം കോടതി. വൈകാരികവും മാനസികവുമായ വിഷയമാണന്നും സുപ്രീംകോടതിയുടെ നീരീക്ഷണം. മധ്യസ്ഥ ചർച്ചയ്ക്കായി ഒരാളെ നിയമിക്കുന്നതിന് പകരം ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. മധ്യസ്ഥ ശ്രമം നടത്താനുളള സുപ്രീം കോടതിയുടെ ശ്രമത്തെ ഹിന്ദു സംഘടനകൾ കോടതിയിൽ എതിർത്തു. എന്നാൽ മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് അനുയോജ്യമായ തീരുമാനം എടുക്കാമെന്നുമാണ് മുസ്ലീം സംഘടനകളുടെ നിലപാട്.
മധ്യസ്ഥ നിർദേശത്തെ ശക്തമായ എതിർക്കുന്ന നിലപാടാണ് ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ സ്വീകരിച്ചത്. കക്ഷികൾ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണമെന്നില്ലെന്നായിരുന്നു ഹിന്ദു മഹാസഭയുടെ വാദം. അയോദ്ധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തർക്കം അല്ലെന്നും ഹിന്ദു മഹാസഭ വാദിച്ചു. മധ്യസ്ഥ ശ്രമങ്ങളെ എതിർക്കുകയാണോ ഹിന്ദുമ മഹാസഭ ചെയ്യുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു. മധ്യസ്ഥത ആവുമ്പോൾ വിട്ടു വീഴ്ച വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമഹാസഭയെ കൂടാതെ ഉത്തർപ്രദേശ് സർക്കാരും റാം ലല്ല വിരാജ്മാനും മധ്യസ്ഥശ്രമത്തെ എതിർക്കുന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ മധ്യസ്ഥത സംബന്ധിച്ച് അനുയോജ്യമായ തീരുമാനം കോടതിക്ക് കൈക്കൊള്ളാമെന്നായിരുന്നു മുസ്ലീം സംഘടനകളുടെ നിലപാട്. മധ്യസ്ഥചർച്ചക്ക് കക്ഷികളുടെ അനുമതി നിർബന്ധമില്ലെന്ന് മുസ്ലീം സംഘടനകൾക്ക് വേണ്ടി ഹാജരായ രാജീവ് ധവാൻ പറഞ്ഞു. മധ്യസ്ഥചർച്ച മുസ്ലിം സംഘടനകൾക്ക് സമ്മതമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.