അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന ക്യംപയിൻ ശനിയാഴ്ച അവസാനിച്ചു. 2000 കോടിയോളം രൂപ ലഭിച്ചുവെന്നാണ് സൂചന. വലിയൊരു തുക ഇനിയും എണ്ണത്തിട്ടപ്പെടുത്താനുണ്ടെന്നും ഇതു പൂർത്തിയാകുന്നതോടെ തുക ഇനിയും വർധിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. ക്യാംപയിൻ അവസാനിക്കുന്നതിന് ഒരു ദിവസം മുൻപേ, വിശ്വ ഹിന്ദു പരിഷത് ദേശീയ വക്താവ് വിനോദ് ബൻസാൽ, ജനങ്ങളോട് കഴിയുന്നത്ര വേഗം സംഭാവന നൽകണമെന്നും ഇതിനായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. ലഭിക്കുന്ന തുക ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്ന നടപടിയെക്കുറിച്ച് അയോധ്യയിലെ ട്രസ്റ്റ് ഓഫീസിന്റെ ചുമതലയുള്ള പ്രകാശ് ഗുപ്ത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെ- വലിയൊരു തുക ഇനിയും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. നോട്ടെണ്ണലിന്റെയും ഓഡിറ്റിന്റെയും മുഴുവൻ പ്രക്രിയയും പൂർത്തിയാകാൻ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. വിശ്വ ഹിന്ദു പരിഷത് കൊണ്ടുവന്ന നോട്ടെണ്ണൽ സംവിധാനം പിഴവുകൾ ഇല്ലാത്തതാണ്. ഓരോ ഘട്ടവും സാങ്കേതിക രംഗത്തെ വിദഗ്ധർ രൂപം നൽകിയ ആപ്പ് വഴി ട്രാക്ക് ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും പ്രത്യേകം ഐഡിയും പാസ് വേഡും നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഡാറ്റ അപ്ലോഡ് ചെയ്യണമെന്നത് നിർബന്ധമാണ്.
കൂപ്പണുകൾ കൈമാറുന്നത് സംബന്ധിച്ച്, ബന്ധപ്പെട്ട ആളുകൾക്ക് ഒരു നിശ്ചിത എണ്ണം കൂപ്പണുകളും രസീതുകളും നൽകിയിട്ടുണ്ടെന്നും ഓരോ കൂപ്പണിലും രസീത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. 44 ദിവസത്തെ ക്യാംപയിനിടെ രാജ്യത്തെ എല്ലാ കോണുകളിലുമായി 55 കോടി ജനങ്ങളിലേക്കും 11 കോടി കുടുംബങ്ങളിലേക്കും 5 ലക്ഷം ഗ്രാമങ്ങളിലേക്കും എത്തിച്ചേരാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ സമാജ് വാദി പാർട്ടി രക്ഷാധികാരിയും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ മരുമകളുമായ അപർണ യാദവ് ക്ഷേത്ര നിർമാണത്തിനായി 11 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. “ഞങ്ങൾക്ക് രാമനിൽ വിശ്വാസവും ബഹുമാനവുമുണ്ട്, അതിനാൽ അയോധ്യയിൽ ഒരു മഹത്തായ രാമക്ഷേത്രം പണിയുന്നതിനായി ഞാൻ 11 ലക്ഷം രൂപ സ്വമേധയാ സംഭാവന ചെയ്തു. ഇന്ത്യയുടെ സ്വഭാവത്തിന്റെയും മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ് രാമൻ. ഓരോ ഇന്ത്യക്കാരനും ഈ ക്ഷേത്രത്തിലേക്ക് സംഭാവന നൽകണമെന്ന് എനിക്ക് തോന്നുന്നു, അതിനാൽ ഞാനും സംഭാവന നൽകിയിട്ടുണ്ട്. ”- അപർണ യാദവ് ന്യൂസ്18നോട് പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട് നിയമസഭയിലെ ജിംഗി നിയോജകമണ്ഡല പ്രതിനിധി കൂടിയായ ഡി എം കെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി കെ എസ് മസ്താനും കഴിഞ്ഞയാഴ്ച അയോധ്യയിലെ രാമ ക്ഷേത്രം നിർമാണത്തിനായി 11,000 രൂപ സംഭാവന നൽകിയിരുന്നു.
Also Read- മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സിൻ വിതരണം; മാർഗനിർദേശം ഇന്ന് ലഭിച്ചേക്കും
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് എന്‍എസ്എസ് ഏഴ് ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു. പണം ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് പണം കൈമാറിയതെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് എൻ എസ് എസ് നിന്നത്. അതേ വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയത്. അയോധ്യയും രാമക്ഷേത്രവുമെല്ലാം വിശ്വാസത്തിന്‍റെ ഭാഗമാണ്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻ എസ് എസ് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ജനുവരി 15 ന് രൂപീകരിച്ച ശ്രീ രാമ ജന്മ തീർത്ഥ ക്ഷത്ര ട്രസ്റ്റാണ് രാമക്ഷേത്രത്തിനുള്ള ഫണ്ട് ശേഖരണ യജ്ഞം ആരംഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ayodhya ram temple, Ayodhya temple