കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ (West Bengal) ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിളക്കമാർന്ന വിജയം. മുന്‍ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് വിജയിച്ചത്. സി.പി.എം (CPM) സ്ഥാനാര്‍ഥി സൈറ ഷാ ഹലീമീനെ 20,056 വോട്ടുകൾക്കാണ് ബാബുൽ സുപ്രിയോ തോൽപ്പിച്ചത്. ബാബുല്‍ സുപ്രിയോക്ക് 40623 വോട്ടും സൈറ ഷാ 28515 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി കേയ ഘോഷ് 8094 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കംറുസമാന്‍ ചൗധരി 4881 വോട്ടും നേടി. കഴിഞ്ഞ തവണ വെറും അഞ്ച് ശതമാനം വോട്ട് മാത്രം നേടി കെട്ടിവെച്ച കാശ് നഷ്ടമായ സിപിഎം ഇത്തവണ രണ്ടാമതെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
പരമ്പരാഗതമായി തൃണമൂൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ ബാലിഗഞ്ചിൽ സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച സൈറ. 2011ല്‍ സൈറയുടെ ഭര്‍ത്താവ് ഡോ. ഫുവദ് ഹലിം ബാല്‍ഗുഞ്ച് സീറ്റില്‍ നിന്നും മത്സരിച്ചിരുന്നു. അന്ന് ഡോ. ഫുവദ് ഹലിം 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തായിരുന്നു.
കരസേന മുന്‍ ഉപമേധാവി ലഫ്റ്റനന്‍റ് ജനറല്‍ സമീര്‍ ഉദിന്‍ ഷായുടെ മകളും ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ മരുമകളുമാണ് സൈറ ഷാ ഹലീം. എന്‍.ആര്‍.സി-സി.എ.എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു സൈറ.
Also Read- Hindu Sena | 'കാവിയെ അപമാനിച്ചാൽ കർശന നടപടി'; ജെഎൻയുവിന് ചുറ്റും പോസ്റ്ററുകൾ സ്ഥാപിച്ച് ഹിന്ദു സേന
അതേസമയം ബീഹാറിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ബച്ചോഹാന്‍ നിയമസഭാ സീറ്റിൽ പ്രതിപക്ഷകക്ഷിയായ ആര്‍ജെഡിക്ക് വൻ വിജയം. ആര്‍ജെഡിക്ക് വേണ്ടി മല്‍സരിച്ച അമര്‍ കുമാര്‍ പാസ്വാന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബച്ചോഹാൻ സീറ്റിൽനിന്ന് വിജയിച്ചുകയറിയത്. ബിജെപിയുടെ ബേബി കുമാരിയെയാണ് അമർ കുമാർ പാസ്വാൻ തോൽപ്പിച്ചത്. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ ഗീത കുമാരി മൂന്നാം സ്ഥാനത്തുമെത്തി. മുസഫര്‍ നഗര്‍ ജില്ലയിലെ ബോച്ചാഹാന്‍ മണ്ഡലത്തിലെ എംഎല്‍എ മുസാഫിര്‍ പാസ്വാന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി ടിക്കറ്റിലാണ് മുസാഫിര്‍ പാസ്വാന്‍ ജയിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി സ്ഥാനാർഥിക്ക് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, West bengal