ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുർമു ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. കേരള സർക്കാരും ഗവർണർ ആരിഫ് ഖാനുമായുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണറായിരുന്ന മുർമുവിന്റെ ചില നീക്കങ്ങൾ കൂടി ഒന്നറിയാം.
2015 മുതല്‍ 2021 വരെയാണ് മുർമു ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്. ആറ് വർഷത്തെ ഭരണകാലയളവിൽ തന്റെ കർത്തവ്യ നിർഹവണത്തിൽ തെല്ലും വീഴ്ച വരുത്താത്ത ഗവർണർ എന്ന നിലയിലും മുർമു ശ്രദ്ധ നേടിയിരുന്നു. വിയോജിപ്പുകളെയെല്ലാം മറികടന്ന് സംസ്ഥാനത്തെ ബിജെപി സർക്കാർ അയച്ച രണ്ട് ബില്ലുകൾ മുർമു തിരിച്ചയച്ചിരുന്നു. ആദിവാസി ഭൂമിയുടെ അവകാശം സംബന്ധിക്കുന്ന ബില്ലായിരുന്നു ഒന്ന്. 2015-ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേക്ക് അവരെ തിരഞ്ഞെടുത്തത്. എന്നിട്ടും എതിർ ശബ്ദമുയർത്താൻ മുർമു ഒട്ടും ഭയന്നില്ല.
ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട്, 1908, സന്താൽ പർഗാന ടെനൻസി ആക്റ്റ്, 1949 എന്നിവയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ജാർഖണ്ഡ് നിയമസഭ അംഗീകരിച്ച ബില്ലിന് 2017-ൽ ഗവർണർ എന്ന നിലയിൽ അനുമതി നൽകാൻ മുർമു വിസമ്മതിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് രഘുബർ ദാസിൻറെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനോട് മുർമു വിശദീകരണവും തേടിയിരുന്നു. സംസ്ഥാനത്തുടനീളം ബില്ലിനെതിരെ നിരവധി പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ജാർഖണ്ഡിലെ ആദിവാസി സമൂഹം മുർമുവിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗവർണറുടെ തീരുമാനത്തെ മാനിക്കുകയാണ് സർക്കാർ ചെയ്തത്.
ശിക്ഷാ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രൈവറ്റ് പ്ലേസ്‌മെന്റ് ഏജൻസി ആൻഡ് ഡൊമസ്റ്റിക് വർക്കേഴ്സ് ബില്ലും 2017 ൽ മുർമു മടക്കി അയച്ചിരുന്നു. പ്ലെയ്‌സ്‌മെന്റിന്റെ പേരിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്കുള്ള ശിക്ഷാ വ്യവസ്ഥ കർശനമാക്കണമെന്നും മുർമു സർക്കാരിന് അയച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരുമായുള്ള പോരിനിടെ നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചിരിക്കുകയാണ് ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അഞ്ച് ബില്ലുകളിലും ഒപ്പുവച്ചത്. ജനങ്ങളുടെ ക്ഷേമം പരിഗണിച്ചാണ് ബില്ലുകളില്‍ ഒപ്പിട്ടതെന്നാണ് രാജ്ഭവന്റെ വിശദീകരണം. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്ത ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു. കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.
ഗവർണറെ നിലയ്ക്കു നിർത്താൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം രാഷ്ട്രപതി ദ്രൗപദി മുർമുവിനു പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.