ന്യൂഡൽഹി: പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ് വാൾ ബി ജെ പിയിൽ ചേർന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ബാഡ് മിന്റൺ താരം രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വെച്ചാണ് സൈന രാഷ്ട്രീയപ്രവേശനം വ്യക്തമാക്കിയത്.
ഹരിയാനയിൽ ജനിച്ച സൈന ഒളിംപിക്സിൽ വെങ്കല മെഡൽ ഉൾപ്പെടെ നേടിയിട്ടുണ്ട്. 'രാജ്യത്തിനു വേണ്ടി ഒരുപാട് പ്രവർത്തനങ്ങൾ നടത്തിയ പാർട്ടിയിൽ ഞാൻ ഇന്ന് ചേർന്നു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' - ബി ജെ പിയിൽ ചേർന്നത് പ്രഖ്യാപിച്ച് കൊണ്ട് സൈന നെഹ് വാൾ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് ഒരു സവിശേഷ ഭാഗ്യമായി കാണുന്നതായും അവർ പറഞ്ഞു.
ക്രിക്കറ്റർ ഗൗതം ഗംഭീർ ബി ജെ പിയിൽ ചേർന്നതിനു ശേഷം പാർട്ടിയിൽ എത്തുന്ന അടുത്ത കായികതാരമാണ് സൈന. സൈനയ്ക്കൊപ്പം മൂത്ത സഹോദരി ചന്ദ്രാൻഷു നെഹ് വാളും ബി ജെ പിയിൽ ചേർന്നു.
മുൻ ലോക ഒന്നാം നമ്പർ താരമായ സൈന നെഹ് വാളിന് രാജ്യത്തെ ഉയർന്ന കായിക ബഹുമതികളായ അർജുന അവാർഡും രാജിവ് ഗാന്ധി ഖേൽരത്ന അവാർഡും ലഭിച്ചിട്ടുണ്ട്. ലോക ഒന്നാം നമ്പർ പദവിയിൽ എത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിത ബാഡ്മിന്റൺ താരമായിരുന്നു അവർ. നിലവിൽ ഒമ്പതാം റാങ്കുകാരിയാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.