• HOME
 • »
 • NEWS
 • »
 • india
 • »
 • Ban on Muslim Traders | കർണാടകയിലെ ക്ഷേത്രങ്ങളിൽ മുസ്ലീം വ്യാപാരികൾക്ക് നിരോധനം; 2002ലെ നിയമം പറയുന്നതെന്ത്?

Ban on Muslim Traders | കർണാടകയിലെ ക്ഷേത്രങ്ങളിൽ മുസ്ലീം വ്യാപാരികൾക്ക് നിരോധനം; 2002ലെ നിയമം പറയുന്നതെന്ത്?

കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട്, 2002 റൂൾ 31 ഒരു സ്ഥാപനത്തിന്റെ സ്ഥാവര സ്വത്തുക്കൾ പാട്ടത്തിനെടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളെ കുറിച്ചാണ് വ്യക്തമാക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  രണ്ടാഴ്ച മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് (Hijab) അനുവദിക്കില്ലെന്ന് കർണാടക ഹൈക്കോടതി (HC) ഉത്തരവിട്ടതിന് പിന്നാലെ, തീരദേശ കർണാടകയിലെ മുസ്ലീം വ്യാപാരികൾ (Muslim Traders) ഇതിൽ പ്രതിഷേധിച്ച് കടകൾ അടച്ചിട്ടു. എന്നാൽ ഇതിനെ തുടർന്നുണ്ടായ പ്രത്യാഘാതം വളരെ വലുതാണ്. ഇപ്പോൾ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങൾ മുസ്ലീം വിഭാഗക്കാർ നടത്തുന്ന കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലും ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി സ്റ്റാളുകൾ സ്ഥാപിക്കുന്നതിനുമാണ് മുസ്ലീം വിഭാഗത്തിലുള്ളവർക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

  2002ൽ കോൺഗ്രസ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ഉദ്ധരിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. എന്നാൽ ഈ നിയമം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്?

  ആദ്യ നിരോധനം ശിവമോഗയിൽ

  മുസ്ലീം കച്ചവടക്കാർക്ക് ആദ്യം വിലക്ക് ഏർപ്പെടുത്തിയത് ശിവമോഗയിലാണ്. ഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് മുസ്ലീം കടയുടമകൾക്ക് ടെൻഡർ നൽകേണ്ടതില്ലെന്ന് ചരിത്രപ്രസിദ്ധമായ കോട്ടെ മാരികാംബ ജാത്രത്തിന്റെ സംഘാടക സമിതി തീരുമാനിച്ചു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്സവത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ടവർക്ക് മാത്രമേ സ്റ്റാൾ തുറക്കാൻ അനുവാദമുള്ളൂ. കൂടാതെ അയൽ ജില്ലകളിൽ നിന്ന് എല്ലാ മതത്തിലും ജാതിയിലും പെട്ട ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന ഉത്സവമാണിത്.

  ക്ഷേത്ര സമിതിയുടെ ഈ തീരുമാനത്തെ പിന്തുടർന്ന് മറ്റ് ക്ഷേത്രങ്ങളും സമാനമായ നിരോധനം ഏർപ്പെടുത്തി. കറുപ്പ്, ഉഡുപ്പി, തുംകൂർ, ഹസ്സൻ, ചിക്കമംഗളൂരു, തുടങ്ങിയ ജില്ലകളിലെ ക്ഷേത്രങ്ങളും ക്ഷേത്രപരിസരത്ത് ഹിന്ദു കച്ചവടക്കാരെ മാത്രം അനുവദിക്കാൻ തീരുമാനിച്ചു.

  പുത്തൂരിലെ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ഏപ്രിലിൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി സ്റ്റാളിനായി ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്നും സംഘാടകർ മുസ്ലീങ്ങളെ വിലക്കി. ഉഡുപ്പിയിലെ ഹോസ മാരിഗുഡി ക്ഷേത്രവും സമാനമായ ഒരു നിയമം ഏർപ്പെടുത്തി. ഇവിടെയും മുസ്ലീങ്ങളെ സ്റ്റാളുകൾ തുറക്കാൻ അനുവദിക്കുന്നില്ല.

  ഹൈക്കോടതി വിധിക്ക് ശേഷം മുസ്ലീങ്ങൾ കടകൾ അടച്ചിട്ടതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

  “നിയമത്തെയും ദേശത്തെയും ബഹുമാനിക്കാത്തവരും ഞങ്ങൾ പ്രാർത്ഥിക്കുന്ന പശുക്കളെ കൊല്ലുന്നവരും ഐക്യത്തിന് എതിരായവരുമായ ആളുകളെ കച്ചവടം ചെയ്യാൻ അനുവദിക്കില്ല. അവരെ ബിസിനസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല” ദക്ഷിണ കന്നഡ ജില്ലയിൽ, ബപ്പനാട് ശ്രീ ദുർഗാപാമേശ്വരി ക്ഷേത്രത്തിലെ വാർഷിക ആഘോഷങ്ങളുടെ ഒരു ഹോർഡിംഗിൽ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നതായി ദി ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.

  ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. “പൗര ഏജൻസി പരാതി നൽകാൻ തയ്യാറാണെങ്കിൽ, നിയമ വിദഗ്ധരുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും” അദ്ദേഹം പറഞ്ഞു.

  ഹസ്സനിലെ ബേലൂർ ചന്നകേശവ, തുംകൂരിലെ സിദ്ധലിംഗേശ്വര, മംഗലാപുരത്തിനടുത്തുള്ള 800 വർഷം പഴക്കമുള്ള ബപ്പനാട് ക്ഷേത്രം എന്നിവയാണ് മുസ്ലീം വ്യാപാരികളെ വിലക്കിയിട്ടുള്ള മറ്റ് പ്രശസ്തമായ ക്ഷേത്രങ്ങൾ. വിരോധാഭാസമെന്നു പറയട്ടെ, കേരളത്തിലെ മുസ്ലീം വ്യാപാരിയായ ബാപ്പ ബേരി പണികഴിപ്പിച്ചതാണ് ബപ്പനാട് പ്രദേശത്തുള്ള ദുർഗാപരമേശ്വരി ക്ഷേത്രം.

  വിഷയം കർണാടക നിയമസഭയിൽ ചർച്ചയായപ്പോൾ

  മുസ്ലീങ്ങൾക്കെതിരായ നിരോധനം സമൂഹത്തിൽ ഭിന്നത സൃഷ്‌ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംഎൽഎയാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. "മുസ്ലിംകളും ഹിന്ദുക്കളും സൗഹാർദ്ദപരമായി ഉത്സവങ്ങളും മറ്റും ഒരുമിച്ച് ആഘോഷിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ തീരദേശ ജില്ലയുടെ ചരിത്രത്തിലുണ്ട്. ചില ഭീരുക്കൾ മുസ്ലീങ്ങൾ വ്യാപാരം നടത്താൻ പാടില്ലെന്ന ഹോർഡിംഗുകൾ സ്ഥാപിക്കുന്നു. ഇത് വളരെ മോശമാണ്. ചിലയിടങ്ങളിൽ ഹിന്ദുക്കൾ തന്നെ ഇത്തരം ആജ്ഞകൾക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

  എന്നാൽ 2002ൽ കോൺഗ്രസ് രൂപീകരിച്ച ചട്ടങ്ങൾ പ്രകാരം ക്ഷേത്രങ്ങൾക്ക് സമീപമുള്ള ഭൂമിയോ കെട്ടിടങ്ങളോ അഹിന്ദുക്കൾക്ക് പാട്ടത്തിന് നൽകുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ഭരണകക്ഷിയായ ബിജെപി നിരോധനത്തെ ന്യായീകരിച്ചു കൊണ്ട് വ്യക്തമാക്കി.

  സർക്കാർ നിരോധനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കർണാടക നിയമ, പാർലമെന്ററികാര്യ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞുവെങ്കിലും 2002 ലെ നിയമം അദ്ദേഹവും ഉദ്ധരിച്ചു. 2002ലെ കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ടിന്റെ റൂൾ 31(12) പ്രകാരം സ്ഥാപനത്തിന് സമീപമുള്ള സ്ഥലമോ കെട്ടിടമോ ഉൾപ്പെടെയുള്ള ഒരു വസ്തുവും അഹിന്ദുക്കൾക്ക് പാട്ടത്തിന് നൽകരുതെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്ന് മധുസ്വാമി പറഞ്ഞു.

  "ഈ നിയമങ്ങൾ ഉദ്ധരിച്ച്, പലയിടങ്ങളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്," ബഹിഷ്കരണത്തെ പിന്തുണച്ച് മധുസ്വാമി പറഞ്ഞു. “ക്ഷേത്ര പരിസരത്തിന് പുറത്ത് അവർക്ക് എന്തെങ്കിലും തടസ്സം സൃഷ്ടിക്കുകയാണെങ്കിൽ, അത് പരിഹരിക്കുകയും നടപടിയെടുക്കുകയും ചെയ്യും. ക്ഷേത്ര പരിസരത്ത് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

  നിയമം യഥാർത്ഥത്തിൽ വ്യക്തമാക്കുന്നത് എന്ത്?

  കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട്, 2002 റൂൾ 31 ഒരു സ്ഥാപനത്തിന്റെ സ്ഥാവര സ്വത്തുക്കൾ പാട്ടത്തിനെടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകളെ കുറിച്ചാണ് വ്യക്തമാക്കുന്നത്. റൂൾ 31ന് കീഴിലുള്ള സബ്-റൂൾ 12 പറയുന്നത്, ഒരു ഹിന്ദുസ്ഥാപനത്തിനോ ക്ഷേത്രത്തിനോ സമീപം സ്ഥിതി ചെയ്യുന്ന ഏതൊരു വസ്തുവും അതായത് ഭൂമി, കെട്ടിടം അല്ലെങ്കിൽ പ്രദേശം അഹിന്ദുക്കൾക്ക് പാട്ടത്തിന് നൽകരുതെന്നാണെന്ന് ന്യൂസ് മിനിറ്റ് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

  എന്നാൽ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന സ്റ്റാളുകൾ ക്ഷേത്രത്തിന്റെ ഭാഗമായ സ്ഥാവര വസ്‌തുക്കളല്ല. ഇവ പൊളിച്ചുമാറ്റാവുന്നതിനാൽ നിയമമന്ത്രിയുടെ വാദം നിലനിൽക്കില്ല.

  “(ഇത്) വ്യവസ്ഥയുടെ ബോധപൂർവമായ ദുർവ്യാഖ്യാനമാണ്, ചട്ടം 31 ഒരു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കളുടെ ദീർഘകാല പാട്ടത്തിന്റെ (ഭൂമിക്ക് 30 വർഷം വരെയും കടകൾക്കും കെട്ടിടങ്ങൾക്കും അഞ്ച് വർഷം വരെയും) കാര്യം മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂ. ഒരു ഉത്സവ വേളയിൽ കച്ചവടക്കാർക്ക് സ്റ്റാളുകളോ സ്ഥലങ്ങളോ അനുവദിക്കാൻ ഉപയോഗിക്കുന്ന ഹ്രസ്വകാല ലൈസൻസുകൾ ഇതിൽ ഉൾപ്പെടുന്നില്ല” പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബേർട്ടീസ് കർണാടക, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിനും അയച്ച കത്തിൽ പറയുന്നതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

  രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം

  നിരോധനം സംസ്ഥാനത്തുടനീളം വ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ പ്രതിപക്ഷ നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വലതുപക്ഷ സംഘടനകളുടെ കളിപ്പാവയാണ് സർക്കാരെന്ന് ആരോപിച്ചു.

  എന്നാൽ രണ്ട് ബിജെപി എംഎൽഎമാർ നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. എംഎൽഎമാരായ എഎച്ച് വിശ്വനാഥും എംഎൽഎ അനിൽ ബെനകെയും ഈ നിരോധനം തെറ്റും ജനാധിപത്യവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ടു.

  “ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങൾ ആഹ്വാനം ചെയ്യുന്നില്ല. മതങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നവയാണ്” വിശ്വനാഥ് പറഞ്ഞു.

  “ഭരണഘടന അനുസരിച്ച് എല്ലാവർക്കും തുല്യാവകാശമാണുള്ളത്. ആർക്കും എവിടെയും ബിസിനസ്സ് നടത്താം. ആളുകൾക്ക് എവിടെ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കാം, അത്രമാത്രം. ഞങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല,” ബെനകെ പറഞ്ഞു.

  ചർച്ചകൾ സജീവമാകുമ്പോഴും മുസ്ലീം കച്ചവടക്കാർക്ക് കനത്ത നഷ്ടം തുടരുകയാണ്. നവംബർ മുതൽ ഏപ്രിൽ വരെ കർണാടകയിൽ കച്ചവട സീസണാണ്, മഹാമാരിയെ തുടർന്ന് ഇതിനോടകം തന്നെ വ്യാപാരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
  Published by:Naveen
  First published: