ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടൻ ഫെർദൗസ് അഹമ്മദിനോട് രാജ്യം വിടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെർദൗസിന് നോട്ടീസും നൽകി. ബിസിനസ് വിസ റദ്ദാക്കിയതിനൊപ്പം നടനെ കരിമ്പട്ടികയിലും ഉൾപ്പെടുത്തി. റായിഗഞ്ച് മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി കനായി ലാൽ അഗർവാളിനുവേണ്ടിയാണ് ഫെർദൗസ് പ്രചരണം നടത്തിയത്. വിസ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
പായൽ സർക്കാർ, അങ്കുഷ് ഹസ്ര എന്നിവർക്കും സ്ഥാനാർഥിക്കുമൊപ്പം തുറന്ന ജീപ്പിലായിരുന്നു നടന്റെ തെരഞ്ഞെടുപ്പ് പ്രചരണം. റായിഗഞ്ച്, ഹെംദാബാദ്, കരൻദിഗി, ഇസ്ലാംപുർ എന്നിവിടങ്ങളിലായിരുന്നു പ്രചരണയാത്ര. ബംഗ്ലാദേശിലെ ജനപ്രിയ നടനാണ് ഫെർദൗസ്. തങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം ഇവിടെ പ്രചരണം നടത്താൻ എത്തിയതെന്ന് സ്ഥാനാർഥിയുടെ ഇലക്ഷൻ ഏജന്റ് പറഞ്ഞു.
ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മുഖ്യമന്ത്രി മമത ബാനർജി തിരിച്ചറിയൽ കാർഡ് നൽകി വോട്ടർമാരാക്കിയെന്ന ആരോപണം നിലനിൽക്കുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള നടൻ തന്നെ സ്ഥാനാർഥിക്കുവേണ്ടി വോട്ട് തേടിയെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തന്നെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. 'തൃണമൂലിന്റേത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഒരു രാഷ്ട്രീയ പാർട്ടിക്ക് എങ്ങനെയാണ് ഒരു വിദേശിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാൻ കഴിയുക. നാളെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും മമത പ്രചരണത്തിന് ക്ഷണിച്ചേക്കും. മണ്ഡലത്തിലെ ന്യൂനപക്ഷ മതിവിഭാഗത്തെ ലക്ഷ്യമിട്ടാണ് മമത ഇത് ചെയ്യുന്നത്'- അദ്ദേഹം ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.