• HOME
  • »
  • NEWS
  • »
  • india
  • »
  • ബംഗാളി പഠിക്കാന്‍ ഗവര്‍ണറുടെ എഴുത്തിനിരുത്തല്‍; ആനന്ദബോസിനെതിരെ ബിജെപി ബംഗാള്‍ ഘടകം

ബംഗാളി പഠിക്കാന്‍ ഗവര്‍ണറുടെ എഴുത്തിനിരുത്തല്‍; ആനന്ദബോസിനെതിരെ ബിജെപി ബംഗാള്‍ ഘടകം

തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു.

  • Share this:

    ബംഗാൾ ഗവര്‍ണര്‍ സി.വി ആനന്ദബോസിനോട് ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സർക്കാരിനെ ഗവർണർ  പരിധിവിട്ടു സഹായിക്കുന്നെന്ന് സംസ്ഥാന ഘടകം ആരോപിച്ചു. ഗവർണർ, മമത ബാനർജിയുടെ ഫോട്ടോസ്റ്റാറ്റ് യന്ത്രമാണെന്നും  നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന ഘടകത്തിന്റെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ ഗവർണറെ ഡൽഹിക്കു വിളിപ്പിച്ചുവെന്ന് പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ ഇത്  അടിസ്ഥാനരഹിതമാണെന്ന് ആനന്ദബോസ് പ്രതികരിച്ചു. വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനാണ് താന്‍ ഡൽഹിയിലെത്തിയതെന്നും ഇന്നുതന്നെ ബംഗാളിലേക്കു മടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

    അതേസമയം, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിക്ക് ചുമതല നൽകിയ ബിൽ ബംഗാൾ സർക്കാർ പിൻവലിച്ചത് ഗവര്‍ണറോടുള്ള സര്‍ക്കാരിന്‍റെ മമതയുടെ തെളിവാണെന്ന പ്രചാരണം ശക്തമാകുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയതും ബിജെപിയുടെ അതൃപ്തിക്ക് ഇടയാക്കി.

    കഴിഞ്ഞ ദിവസം രാജ്ഭവനിൽ സംഘടിപ്പിച്ച ബംഗാളിലെ വിദ്യാരംഭ ചടങ്ങായ ‘ഹാഥെ ഖോഡി’ യില്‍  മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തതാണ് ബിജെപി ബംഗാള്‍ ഘടകത്തെ ചൊടിപ്പിച്ചത്. ഗവര്‍ണറെ പുകഴ്ത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി    സംസാരിച്ച ചടങ്ങിൽ  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നില്ല. ചടങ്ങിൽ ഗവർണർ ബംഗാളി ഭാഷയിലെ ആദ്യാക്ഷരം കുറിക്കുകയും ചെയ്തു.

    Also Read-സിപിഎം-കോൺഗ്രസ് സഖ്യത്തിനിടെ ത്രിപുരയിൽ CPM എംഎൽഎയും കോൺഗ്രസ് നേതാവും BJPയിലേക്ക്

    താൻ ബംഗാളിഭാഷ പഠിക്കാൻ തുടങ്ങിയതിനെ എല്ലാവരും അഭിനന്ദിച്ചതാണെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഗവർണർ പറഞ്ഞു.

    മുന്‍ ബംഗാൾ ഗവർണറായിരിക്കെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ത്രിണമൂല്‍ സർക്കാരുമായി നിരന്തരം ഏറ്റുമുട്ടിയിരുന്നു. പുതിയ ഗവര്‍ണറായി നിയമിതനായ ആനന്ദബോസ് മുഖ്യമന്ത്രിയുമായി രമ്യതയില്‍ പോകാന്‍ ശ്രമിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. പുതിയ ഗവർണർ തികഞ്ഞ മാന്യനാണെന്നു മമത പരസ്യപ്രസ്താവന നടത്തിയിരുന്നു. കാളിഘട്ടിലെ മമതയുടെ വീട്ടിൽ ഗവർണർ കുടുംബസമേതം സന്ദർശനം നടത്തിയതോടെ സംസ്ഥാന നേതൃത്വം രോഷം പ്രകടമാക്കി. മുന്‍ ഗവർണറുടെ സ്റ്റാഫിൽ പലരും ആനന്ദബോസ് എത്തിയതോടെ മാറി. ഗവർണറുടെ മാറ്റങ്ങൾക്കൊപ്പം സ്റ്റാഫ് മാറ്റവും പതിവാണെങ്കിലും ബിജെപിക്ക് ഇതു സ്വീകാര്യമായിരുന്നില്ല.

    ഗവര്‍ണര്‍ക്കെതിരായ ബിജെപിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ വഴിയല്ല നിലവിലെ ഗവര്‍ണര്‍ സ്വീകരിച്ചത്. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എം.പി. സൗഗത റോയ് പറഞ്ഞു.

    Published by:Arun krishna
    First published: