രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനത്തെ ‘ബില്യൺ ഡോളർ ചതി’ എന്നാണ് മമത വിശേഷിപ്പിച്ചത്. റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു മമതയുടെ പ്രതികരണം. ട്വീറ്ററിലൂടെയായിരുന്നു മമത ബാനർജി വിഷയത്തിൽ തൻ്റെ പ്രതികരണം അറിയിച്ചത്.
2016ലെ നോട്ടു നിരോധനത്തെത്തുടർന്ന് ജനങ്ങൾ നേരിടേണ്ടിവന്ന കഷ്ടതകൾ മറക്കാനാകില്ലെന്നും മമത പറഞ്ഞു. ‘അപ്പോൾ, അത് രണ്ടായിരത്തിൻ്റെ ധമാക്കയായിരുന്നില്ല എന്നർത്ഥം. ഒരു ബില്യൺ ഇന്ത്യക്കാരോടുള്ള ബില്യൺ ഡോളർ ചതിയായിരുന്നു അത്. എൻ്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഇനിയെങ്കിലും ഉണരൂ. നോട്ടുനിരോധനം കാരണം നമ്മളനുഭവിച്ച കഷ്ടപ്പാടുകൾ അത്ര എളുപ്പത്തിൽ മറന്നു കളയാനാവില്ല. ആ കഷ്ടപ്പാടുകൾക്ക് കാരണക്കാരായവർക്ക് മാപ്പും നൽകരുത്.’ മമത ട്വിറ്ററിൽ കുറിച്ചു.
So it wasn’t ₹2000 dhamaka but a billion dollar dhoka to a billion Indians . Wake up my dear brothers and sisters. The suffering we have endured due to demonetisation can’t be forgotten and those who inflicted that suffering shouldn’t be forgiven.
— Mamata Banerjee (@MamataOfficial) May 19, 2023
രണ്ടായിരം രൂപയുടെ നോട്ടുകൾ വിതരണം ചെയ്യുന്നത് ഉടൻതന്നെ നിർത്തിവയ്ക്കാനുള്ള നിർദ്ദേശം വെള്ളിയാഴ്ചയാണ് റിസർവ് ബാങ്ക് മറ്റു ബാങ്കുകൾക്ക് നൽകിയത്. റിസർവ് ബാങ്കിൻ്റെ ‘ക്ലിയർ നോട്ട് പോളിസി’ പ്രകാരമാണ് പുതിയ നിർദ്ദേശമെന്നായിരുന്നു വിശദീകരണം. 2023 സെപ്തംബർ വരെ പൊതുജനങ്ങൾക്ക് രണ്ടായിരം രൂപ നോട്ടുകൾ വിനിമയം ചെയ്യാനും ബാങ്കുകളിൽ നിക്ഷേപിക്കാനും സമയമുണ്ട്.
2000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം
2016 നവംബറിൽ നോട്ടു നിരോധനത്തിനു തൊട്ടുപിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നത്. അന്നു നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയും, അതിനു ബദലായി പുതിയ രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിക്കുകയുമായിരുന്നു നരേന്ദ്രമോദി സർക്കാർ. മറ്റ് നോട്ടുകളുടെ ലഭ്യത ആവശ്യത്തിന് അനുസരിച്ച് വർദ്ധിച്ചതോടെ, രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിച്ചതിൻ്റെ ഉദ്ദേശം നടപ്പിലായിക്കഴിഞ്ഞുവെന്നാണ് റിസർവ് ബാങ്ക് നൽകുന്ന വിശദീകരണം.
2018-2019 വർഷങ്ങളിൽത്തന്നെ രണ്ടായിരം രൂപയുടെ അച്ചടി റിസർവ് ബാങ്ക് നിർത്തലാക്കിയിരുന്നു. 2018 മാർച്ച് 31ന് വിനിമയത്തിലുണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടി രൂപയായിരുന്നു. അന്ന് വിനിമയത്തിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ 37.3 ശതമാനമായിരുന്നു ഇത്. 2023 മാർച്ച് 31ഓടെ രണ്ടായിരം രൂപ നോട്ടുകളുടെ മൂല്യം 3.62 ലക്ഷം കോടിയായി ഇടിഞ്ഞിരുന്നു. വിനിമയത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് ഇപ്പോൾ രണ്ടായിരം രൂപ നോട്ടുകളുള്ളത്.
2000 രൂപ നോട്ട് പിൻവലിക്കലിനെ കുറിച്ച് അറിയേണ്ട15 കാര്യങ്ങൾ
കോൺഗ്രസും സിപിഎമ്മും അടക്കമുള്ള മറ്റു രാഷ്ട്രീയപ്പാർട്ടികളും തൃണമൂൽ നേതാക്കൾക്കൊപ്പം ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രണ്ടായിരം രൂപ നോട്ടുകൾ ചിലരെ കള്ളപ്പണം സൂക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ‘നോട്ടുനിരോധനം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. നമ്മുടെ സാമ്പത്തിക രംഗത്തെ ആകെ സ്തംഭിപ്പിച്ചു കളഞ്ഞ നീക്കമായിരുന്നു അത്. നരേന്ദ്രമോദി സർക്കാരിൻ്റെ കിറുക്കുകളുടെ പേരിൽ ചിലർക്ക് അവരുടെ ജീവിതം തന്നെയാണ് വിലയായി നൽകേണ്ടിവന്നത്.’ കോൺഗ്രസ് നേതാവ് അധീർ രജ്ഞൻ ചൗധരി ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Demonetisation, Mamata Banerjee, Rbi, Reserve Bank of India