ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഭരണത്തില്‍ നിന്ന് പുറത്താക്കുന്നതുവരെ മുടി വളര്‍ത്തില്ലെന്ന് ശപഥം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി. മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് അറസ്റ്റിലായ ബാഗ്ചി കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബംഗാളിലെ ഒട്ടേറെ കോൺഗ്രസ് നേതാക്കളെ സാക്ഷിനിർത്തി തല മുണ്ഡനം ചെയ്ത് ശപഥം ചെയ്തത്.
‘ എന്റെ പ്രതിഷേധത്തിന്റെ അടയാളമായാണ് ഞാന്‍ തല മുണ്ഡനം ചെയ്യുന്നത്. മമത ബാനർജിയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്താക്കും വരെ ഞാൻ തലയിൽ മുടി വളർത്തില്ല’ മാധ്യമങ്ങളോട് ബാഗ്‍ചി പറഞ്ഞു. ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയോട് മമത മനസ്താപം പ്രകടിപ്പിച്ചാൽ അവരോടു മാപ്പു ചോദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ബാഗ്‍ചി അറിയിച്ചു.
മമത ബാനര്‍ജിക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് കൗസ്തവ് ബാഗ്ചിയെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു.
ബംഗാളിലെ സാഗർദിഗ്ഗിയില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുമായും സിപിഎമ്മുമായും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാണു കോൺഗ്രസ് ജയിച്ചതെന്ന് മമത ആരോപിച്ചിരുന്നു. ഒപ്പം പിസിസി അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരിക്കെതിരെ വ്യക്തിപരമായ ആക്ഷേപവും മമത നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം. ഇതിനുള്ള മറുപടിയായിരുന്നു ബാഗ്ചിയുടെ പരാമർശം.
ബർട്ടോല പൊലീസ് സ്റ്റേഷനിൽ ബാഗ്ചിക്കെതിരെ പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പുലർച്ചെ 3 മണിയോടെ അദ്ദേഹത്തെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപശ്രമം , ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ബൻക്ഷാലിലെ കോടതിയിൽ ഹാജരാക്കിയ കൗസ്തവ് ബാഗ്ചിക്ക് അന്ന് തന്നെ കോടതി ജാമ്യം അനുവദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.