• HOME
 • »
 • NEWS
 • »
 • india
 • »
 • SSC Scam | യോഗ്യത ഇല്ലാത്ത മകൾക്ക് അധ്യാപികയായി നിയമനം;തൃണമൂൽ നേതാവ് അനുബ്രത വീണ്ടും വിവാദ​ക്കുരുക്കിൽ

SSC Scam | യോഗ്യത ഇല്ലാത്ത മകൾക്ക് അധ്യാപികയായി നിയമനം;തൃണമൂൽ നേതാവ് അനുബ്രത വീണ്ടും വിവാദ​ക്കുരുക്കിൽ

ബംഗാളിലെ കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനുബ്രത മൊണ്ടാലിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു.

 • Last Updated :
 • Share this:
  കന്നുകാലിക്കടത്ത് കേസിൽ (cattle smuggling case) അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടാലിന്റെ (Anubrata Mondal) പേര് ഇപ്പോൾ പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി (West Bengal school recruitment scam) ബന്ധപ്പെട്ടും ഉയർന്നു കേൾക്കുന്നു.

  മൊണ്ടാലിന്റെ മകൾ സുകന്യയോടും അദ്ദേഹത്തിന്റെ അഞ്ച് ബന്ധുക്കളോടും അടുത്ത പരിചയക്കാരോടും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോടതിയിൽ ഹാജരാക്കണമെന്നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (Teacher Eligibility Test (TET) യോഗ്യതയില്ലാത്ത സുകന്യ ഉൾപ്പെടെയുള്ളവരെ സർക്കാർ സ്‌കൂളുകളിൽ നിയമവിരുദ്ധമായി നിയമിച്ചു എന്നാരോപിച്ചുള്ള ഹർജിയിലാണ് ഉത്തരവ്.

  താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള ബോൾപൂർ സർക്കിളിനുള്ളിലായിരുന്ന ‌സ്കൂൾ എന്നും ജോലി വാഗ്ദാനം ചെയ്തതിന് ശേഷം സുകന്യ ജോലിക്ക് പോയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഒപ്പിടാനായി, സ്‌കൂളിൽ നിന്നുള്ള ഹാജർ രജിസ്റ്റർ സുകന്യയുടെ വീട്ടിലേക്ക് എത്തിച്ചിരുന്നു എന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

  also read : 3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ; നൂറ് ജീവനക്കാർ; നോയിഡയിലെ ഇരട്ട കെട്ടിടങ്ങൾ പൊളിക്കുന്നത് എങ്ങനെ?

  ബംഗാളിലെ കാലിക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനുബ്രത മൊണ്ടാലിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. ബുധനാഴ്ച മൊണ്ടാലിന്റെയും സുകന്യയുടെയും അടുത്ത ബന്ധുക്കളുടെയും ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് 17 കോടിയോളം രൂപ സിബിഐ പിടിച്ചെടുക്കുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ബോൾപൂരിലും സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലുമായി മൊണ്ടാലിന്റെയും മകളുടെയും ഉടമസ്ഥതയിലുള്ള, സ്വത്തുക്കൾ, റൈസ് മില്ലുകൾ, മണൽ ഖനികൾ, ഡമ്പറുകൾ, ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ ഓഹരികൾ എന്നിവയുൾപ്പെടെ നിരവധി സ്വത്തുക്കൾ ഇതിനകം കണ്ടെത്തിയതായി സിബിഐ അറിയിച്ചു.

  കന്നുകാലിക്കടത്ത് കേസിൽ സുകന്യയെ ചോദ്യം ചെയ്യാൻ ബോൽപൂരിലെ വസതിയിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥരോട് പ്രതികരിക്കാൻ സുകന്യ വിസമ്മതിച്ചിരുന്നു.

  see also : ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

  സുകന്യ മൊണ്ടാൽ, അനുബ്രത മൊണ്ടാലിന്റെ പിഎ, അർക്കോ ദത്ത എന്നിവർക്ക് ബോൽപൂർ വെസ്റ്റ് സർക്കിളിലെ കാളികാപൂർ പ്രൈമറി സ്കൂളിൽ നിയമനം നൽകിയതായി ഹർജിക്കാരൻ പറയുന്നു. അനുബ്രത മൊണ്ടാലിന്റെ അനന്തരവൻ സത്യകി മൊണ്ടാലിന് ഇതേ സർക്കിളിലെ കുഞ്ചബെഹാരി ബോൾപൂർ ജൂനിയർ ബേസിക് സ്കൂളിൽ ജോലി ലഭിച്ചു. അനുബ്രത മൊണ്ടാലിന്റെ സഹോദരൻ സുമിത് മൊണ്ടാലിന് നൗദംഗൽ പ്രൈമറി സ്‌കൂളിൽ അധ്യാപക ജോലി ലഭിച്ചതായും മൊണ്ടാലിന്റെ അടുത്ത പരിചയക്കാരായ കസ്തൂരി ചൗധരി, സുജിത് ബാഗ്ദി എന്നിവർക്ക് ബോൽപൂർ ഇന്റൻസീവ് സർക്കിളിലെ സ്‌കൂളിൽ നിയമനം നൽകിയതായും ഹർജിയിൽ പറയുന്നു. ഇവർക്കാർക്കും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത ഇല്ലെന്നും ഹർജിയിൽ പറയുന്നു.

  കുറ്റാരോപിതരായ ആറു പേരോടും അവരുടെ TET യോഗ്യതാ സർട്ടിഫിക്കറ്റുകളും നിയമന കത്തുകളുമായി വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകി. അതത് സ്‌കൂളുകളിലെ പ്രധാനാധ്യാപകരോട് ഹാജർ രജിസ്റ്ററുമായി കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
  Published by:Amal Surendran
  First published: