ബെംഗളൂരു: ISIS ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കർണാടകയിൽ താവളമാക്കിയതായി യുഎൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബംഗളൂരുവിൽ നിന്നും ഒരു ഡോക്ടറിനെ എൻഐഎ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബംഗളൂരു ബസവങ്ങുടി സ്വദേശിയായ അബ്ദുർ റഹ്മാനാണ് അറസ്റ്റിലായിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. ബെംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളേജിൽ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുകയായിരുന്നു അബ്ദുർ റഹ്മാന്.
സംഘർഷമേഖലകളിൽ പരിക്കേറ്റ ISIS പോരാളികളെ സഹായിക്കുന്നതിനായി ഡോക്ടറായ അബ്ദുർ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഐസിസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി 2014 തുടക്കത്തിൽ സിറിയയിലെ ഒരു ഐസിസ് മെഡിക്കൽ ക്യാമ്പ് അബ്ദുർ സന്ദർശിച്ചതായും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് 10 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകർക്കൊപ്പം താമസിച്ചതായും എൻഐഎ വ്യക്തമാക്കുന്നു.
2020 മാർച്ചിൽ കശ്മീരി ദമ്പതികളെ അറസ്റ്റ് ചെയ്ത ശേഷം ദില്ലി പോലീസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്നുമാണ് ഈ കേസിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയായ ഐസിസിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുമായി (ഐഎസ്കെപി) ഈ ദമ്പതികൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എൻഐഎയുടെ മറ്റൊരു കേസിൽ തിഹാർ ജയിലിൽ കിടന്നിരുന്ന അബ്ദുല്ല ബസിവുമായി ഇവർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
കേസ് എൻഐഎ ഏറ്റെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സാദിയ അൻവർ ഷെയ്ക്ക്, നബീൽ സിദ്ദിഖ് ഖത്രി എന്നീ രണ്ട് പ്രതികളെ കൂടി പൂനെയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എൻഐഎയുടെ അന്വേഷണത്തിൽ ഇന്ത്യയിലെ ഐസിസ് / ഐഎസ്കെപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിന്റെ (സിഎഎ) പ്രതിഷേധത്തിന്റെ മറവിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഗൂഡാലോചന ഇവർ നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.