കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം നേടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 58832 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമത എതിർ സ്ഥാനാർഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിനെ പരാജയപ്പെടുത്തിയത്. 84,709 വോട്ടുകളാണ് മമത നേടിയത്. പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളും ലഭിച്ചു. വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിൽ ഒന്നിൽ പോലും ശക്തമായ പോരാട്ടം നടത്താൻ ബിജെപിക്ക് സാധിച്ചില്ല.
2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് മമത നേടിയത്. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമായിരുന്നു. എന്നാൽ ഭവാനി പൂരിൽ താനാണ് മാൻ ഓഫ് ദ മാച്ചെന്ന് പ്രിയങ്ക ടിബ്രവാൾ അവകാശപ്പെട്ടു. "ഈ തിരഞ്ഞെടുപ്പിലെ മാന്‍ ഓഫ് ദി മാച്ച് ഞാനാണ്. കാരണം മമത ബാനര്‍ജിയുടെ ശക്തികേന്ദ്രത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും 25,000 ത്തിലധികം വോട്ടുകള്‍ നേടുകയും ചെയ്തു. ഇനിയും ഞാന്‍ കഠിനാധ്വാനം തുടരും." പ്രിയങ്ക പറഞ്ഞു.
തൃണമൂലിന്‍റെ ആത്മവിശ്വാസം കൂട്ടുന്ന ജയംബംഗാളിലെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താൻ മമത ബാനര്‍ജിക്ക് ജയം അനിവാര്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപിയും തൃണമൂലും പുറത്തെടുത്തത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചതോടെ തൃണമൂൽ ഭൂരിപക്ഷം കുത്തനെ ഉയർത്തുന്നതാണ് കാണാനായത്. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും വലിയ കരുത്തേകുന്ന വിജയമാണിത്. ഭവാനിപ്പൂരിലെ ഒരു വാര്‍ഡില്‍ പോലും തോല്‍ക്കാതെയാണ് ഈ വിജയം തൃണമൂല്‍ നേടിയത്. തന്റെ വസതിക്ക് മുന്നില്‍ കൂടിയ അനുയായികള്‍ക്ക് മമത നന്ദി പറഞ്ഞു.
ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടി. ജംഗിപോരിൽ തൃണമൂർ സ്ഥാനാർത്ഥി ജാക്കിർ ഹൊസൈനും സംസേർഗഞ്ചിൽ അമറുൽ ഇസ്ലാമും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഭവാനിപൂരിൽ സിപിഎം നോട്ടയ്ക്ക് മുകളിൽഒരു കാലത്ത് ബംഗാൾ ഭരിച്ചിരുന്ന സി പി എമ്മിന് വൻ തകർച്ചയാണ് ഭവാനിപൂരിൽ നേരിട്ടത്. 4201 വോട്ടാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഷിര്‍ജീബ് ബിശ്വാസിന് നേടാനായത്. സി.പി.എമ്മിന് പിന്നാലെ നോട്ടയാണുള്ളത്. 1450 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ തൃണമൂലിലെ സുബ്രതാ ബക്ഷിക്ക് 87,903 വോട്ട് ലഭിച്ചപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥിയായ നാരായണ്‍ പ്രസാദ് ജയ്നിന് 37,967 വോട്ടാണ് ലഭിച്ചിരുന്നു. പത്ത് വര്‍ഷം കൊണ്ട് സി പി എം വോട്ട് വിഹിതം പത്തിലൊന്നായി ഇടിഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്. 2011 ല്‍ 5078 വോട്ട് നേടിയ ബി ജെ പി ഇക്കുറി 26,320 വോട്ടാണ് നേടിയത്.
ഒഡിഷയിലെ പിപ്ലി മണ്ഡലത്തിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ബി.ജെ.ഡി എം.എൽ.എ പ്രദീപ് മഹാരഥി അന്തരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. പ്രദീപിന്റെ മകൻ രുദ്രപ്രതാപാണ് മണ്ഡലത്തിൽ വിജയിച്ചത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.