• HOME
  • »
  • NEWS
  • »
  • india
  • »
  • Bhagavad Gita | ഭഗവദ് ഗീത ഇനി പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തും: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

Bhagavad Gita | ഭഗവദ് ഗീത ഇനി പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തും: കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ഈ അധ്യയന വര്‍ഷത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും 2023-24 വര്‍ഷത്തേക്കുള്ള സിലബസിലാണ് ഭഗവദ് ഗീത ഉള്‍പ്പെടുത്താന്‍ വകുപ്പ് ആലോചിക്കുന്നതെന്നും നാഗേഷ് പറഞ്ഞു

  • Share this:
    അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഭഗവദ് ഗീത (Bhagavad Gita) വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് (B C Nagesh) പറഞ്ഞു. മോറൽ സയൻസ് വിദ്യാഭ്യാസം (moral science education) കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാല്‍ കുട്ടികളിൽ ധാര്‍മികത വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന രാമായണ, മഹാഭാരത കഥകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ഇതിനുള്ള അംഗീകാരം ലഭിച്ചാല്‍ ഭഗവദ്ഗീത സിലബസില്‍ (syllabus) ഉള്‍പ്പെടുത്തുമെന്ന് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഗുജറാത്തും 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്.

    എന്നാല്‍ ഈ അധ്യയന വര്‍ഷത്തില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും 2023-24 വര്‍ഷത്തേക്കുള്ള സിലബസിലാണ് ഭഗവദ് ഗീത ഉള്‍പ്പെടുത്താന്‍ വകുപ്പ് ആലോചിക്കുന്നതെന്നും നാഗേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭഗവദ് ഗീത ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല, എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. വിദഗ്ധരുടെ അനുമതി ലഭിച്ചാല്‍ ഭഗവദ് ഗീത തീര്‍ച്ചയായും പാഠ്യപദ്ധതിയിൽഉള്‍പ്പെടുത്തുമെന്നാണ് നാഗേഷ് കഴിഞ്ഞ മാസം എഎൻഐയോട് പറഞ്ഞിരുന്നു.

    ഭഗവദ് ഗീതയ്ക്ക് പ്രത്യേകമായ ഒരു ശക്തിയുണ്ടെന്ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ടെന്നും നാഗേഷ് കൂട്ടിച്ചേര്‍ത്തു. ഭഗവദ് ഗീത വായിക്കുന്നത് ഒരു മതപരമായ ആചാരമല്ലെന്നും വ്യത്യസ്ത മതങ്ങളില്‍ പെട്ട ആളുകള്‍ ഭഗവദ് ഗീത മനസ്സിലാക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിന്റെ നേട്ടങ്ങളെ കുറിച്ച് വിദഗ്ധര്‍ പഠനം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

    സിലബസില്‍ മോറല്‍ സയന്‍സ് കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളില്‍ രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുള്ള കഥകളും യേശുക്രിസ്തുവിന്റെ സാരോപദേശങ്ങളും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    സിലബസിലെ ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള നിരവധി പാഠങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. നിലവിലെ പാഠപുസ്തകങ്ങളില്‍ ടിപ്പുവിനെ കുറിച്ച് പറയുന്നത് ശരിയല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഒരു വശം മാത്രമാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് ബാങ്കിന് വേണ്ടി ഈ വിഷയം വഷളാക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

    നേരത്തെ, സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത ഉള്‍പ്പെടുത്തുന്നതിനെ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പരോക്ഷമായി എതിര്‍ത്തിരുന്നു. മെച്ചപ്പെട്ട ജീവിതം എങ്ങനെ നയിക്കാം എന്നതിനെക്കുറിച്ചുള്ള പാഠങ്ങളും മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംവിധാനവുമാണ് വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. വോട്ടില്‍ കണ്ണുവെയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ഇത്തരം നിര്‍ദ്ദേശങ്ങളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗം മാറിയിരിക്കുന്നു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് നിരവധി വീഴ്ചകളുണ്ടെന്നും അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ശ്രദ്ധ തിരിച്ചുവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    Published by:Naveen
    First published: