• HOME
 • »
 • NEWS
 • »
 • india
 • »
 • Bhagwant Mann| പഞ്ചാബിലെ 'കെജ്രിവാൾ'; ആംആദ്മി പാർട്ടിയുടെ സൂപ്പർ സ്റ്റാർ ഭഗവന്ത് മാന്നിനെ അറിയാം

Bhagwant Mann| പഞ്ചാബിലെ 'കെജ്രിവാൾ'; ആംആദ്മി പാർട്ടിയുടെ സൂപ്പർ സ്റ്റാർ ഭഗവന്ത് മാന്നിനെ അറിയാം

മദ്യം ഇനി കൈകൊണ്ട് തൊടില്ലെന്ന് 2019ൽ ശപഥം ചെയ്ത നേതാവ്

ഭഗവന്ത് മാൻ

ഭഗവന്ത് മാൻ

 • Share this:
  ഡൽഹിക്ക് പുറത്ത് രാജ്യത്തെ വലിയൊരു സംസ്ഥാനത്തിന്റെ ഭരണം കൂടി ആം ആദ്മി പാർട്ടിയുടെ (aam aadmi party) കൈകളിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. പഞ്ചാബ് (Punjab)  നിയമസഭാ തെരഞ്ഞെടുപ്പിലെ രാവിലെ 11.30 വരെയുള്ള ലീഡ് നില അനുസരിച്ച് ആകെയുള്ള 117 സീറ്റുകളിൽ 85 സീറ്റുകളിലും എഎപി (AAP) ലീഡ് ചെയ്യുകയാണ്. വൻവിജയം സ്വന്തമാക്കുമെന്ന് ഉറപ്പായതോടെ പഞ്ചാബിൽ ആം ആദ്മി  ആഘോഷം തുടങ്ങിക്കഴിഞ്ഞു. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നിലെ സൂപ്പർ സ്റ്റാർ ഭഗവന്ത് മാൻ ആണ്. ചുരുക്കി പറഞ്ഞാൽ ആം ആദ്മി പാർട്ടിയുടെ പഞ്ചാബിലെ 'അരവിന്ദ് കെജ്രിവാൾ' ആണ് ഭഗവന്ത് മാൻ.

  'CM എന്നാൽ കോമൺമാൻ'

  'സിഎം എന്ന വാക്കിന് കോമൺ മാൻ എന്നാണ് അർഥം. എന്റെ ജീവിതത്തിൽ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഇതൊന്നും പുതിയ അനുഭവമല്ല'- മാൻ പറഞ്ഞു.‌

  ഭഗവന്ത് മാൻ മുഖ്യമന്ത്രിയാകുമ്പോൾ

  ആം ആദ്മിയുടെ പഞ്ചാബ് സംസ്ഥാന അധ്യക്ഷനായ ഭഗവന്ത് 2014 മുതൽ സംഗ്രൂരിൽനിന്നുള്ള ലോക്സഭാംഗമാണ്. രണ്ടു തെരഞ്ഞെടുപ്പുകളിലും വൻഭൂരിപക്ഷത്തിനായിരുന്നു ജയം. രാഷ്ട്രീയപ്രവേശത്തിനു മുൻപു നടനായും സ്റ്റാൻഡപ് കൊമേഡിയനായും തിളങ്ങി. ലോക്സഭയിൽ ഉൾപ്പെടെ മദ്യപിച്ചെത്തിയതു പലപ്പോഴും വിവാദങ്ങളുണ്ടാക്കി. 2019ൽ, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജലാലാബാദിൽ മത്സരിച്ചിരുന്നെങ്കിലും സുഖ്ബീർ സിങ് ബാദലിനോടു തോറ്റു.

  'പഞ്ചാബിനെ തിരികെ കൊണ്ടുവരും'

  മുൻ സ്റ്റാൻഡപ്പ് കൊമേഡിയനെ പ്രചാരണത്തിലുടനീളം എതിർ പാർട്ടികൾ മദ്യപാന ആരോപണങ്ങളുമായി ആക്രമിച്ചു. പാർലമെന്റിൽ ഉൾപ്പെടെ പൊതുസ്ഥലത്ത് അദ്ദേഹം മദ്യപിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഇതൊന്നും ജനങ്ങൾ ഭഗവന്ത് മാന്നിൽ അർപ്പിച്ച വിശ്വാസത്തിന് പോറലേൽപ്പിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

  പഞ്ചാബിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് അദ്ദേഹം പ്രചാരണത്തിലുടനീളം പറഞ്ഞത്. "എന്റെ പഞ്ചാബ് സ്വപ്നങ്ങളുടെ പഞ്ചാബാണ്... പഴയ പഞ്ചാബ് തിരികെ ലഭിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു. "ഞങ്ങൾ പഞ്ചാബിനെ വീണ്ടും പഞ്ചാബ് ആക്കും. അതിനെ പാരീസോ ലണ്ടനോ കാലിഫോർണിയയോ ആക്കേണ്ടതില്ല. അത് അവരുടെ (മറ്റ് പാർട്ടികൾ) സ്വപ്നങ്ങളായിരുന്നു, അവർ തോൽക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

  ആരാണ് ഭഗവന്ത് മാൻ

  1973 ഒക്ടോബർ 17ന് ജാട്ട് സിഖ് കുടുംബത്തിൽ ജനനം. ബിരുദം നേടിയത് ഷഹീദ് ഉദ്ദം സിംഗ് ഗവ. കോളജിൽ നിന്ന്. ഇന്റർ കോളേജീയറ്റ് കോമഡി മത്സരങ്ങളിലുടെ ശ്രദ്ധേയനായി. പഞ്ചാബ് സർവകലാശാലാ മത്സരങ്ങളിൽ രണ്ട് സ്വർണമെഡലുകൾ നേടി. രാഷ്ട്രീയം, ബിസിനസ്, സ്പോർട്സ് എന്നിവ കോർത്തിണക്കിയാണ് ഹാസ്യപരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ജഗ്താർ ജാഗ്ഗി ആയിരുന്നു ആദ്യ കോമഡി ആൽബം. ജുഗ്നു കെഹന്ദാ ഹേ എന്ന ടെലിവിഷൻ പ്രോഗ്രാം ചെയ്തു.

  2008-ൽ, സ്റ്റാർ പ്ലസിലെ ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ചിൽ മാൻ മത്സരിച്ചു, ഇത് അദ്ദേഹത്തിന് വലിയ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. ദേശീയ അവാർഡ് നേടിയ ബൽവന്ത് ദുല്ലത്ത് സംവിധാനം ചെയ്ത "മെയിൻ മാ പഞ്ചാബ് ഡീ" എന്ന ചിത്രത്തിലും ഭഗവന്ത് മാൻ അഭിനയിച്ചിട്ടുണ്ട്.

  രാഷ്ട്രീയക്കാരൻ

  2011ന്റെ തുടക്കത്തിൽ, പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിലാണ് അദ്ദേഹം ആദ്യം ചേർന്നത്. 2012ൽ ലെഹ്‌റ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. 2014 മാർച്ചിൽ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മാൻ ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2,11,721 വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചു. എഎപി പഞ്ചാബിന്റെ കൺവീനർ കൂടിയായിരുന്നു അദ്ദേഹം, എന്നാൽ മയക്കുമരുന്ന് മാഫിയ കേസിൽ അരവിന്ദ് കെജ്രിവാൾ ബിക്രം സിംഗ് മജിതിയയോട് നിരുപാധികം മാപ്പ് പറഞ്ഞതിനെത്തുടർന്ന് അദ്ദേഹം രാജിവച്ചു. 2017-ൽ അദ്ദേഹം ജലാലാബാദിൽ സുഖ്ബീർ സിംഗ് ബാദലിനും രവ്നീത് സിംഗ് ബിട്ടുവിനുമെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ബാദലിനോട് 18,500 വോട്ടുകൾക്ക് പരാജയപ്പെട്ടു.
  2019-ൽ, ബർണാലയിൽ നടന്ന ഒരു പാർട്ടി റാലിയിൽ ഇനി ഒരിക്കലും മദ്യം തൊടില്ലെന്ന് ശപഥം ചെയ്തു.

  2019 ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 17-ാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1,11,111 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം രണ്ടാം തവണ പാർലമെന്റിൽ വിജയിച്ചത്. 2022 ജനുവരി 18ന്, 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പൊതുജനങ്ങളിൽ നിന്നുള്ള വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്, പാർട്ടി തലവൻ അരവിന്ദ് കെജ്രിവാളാണ് ഫലം പ്രഖ്യാപിച്ചത്.‌
  Published by:Rajesh V
  First published: