• HOME
  • »
  • NEWS
  • »
  • india
  • »
  • Bhakra Railway Train | 73 വര്‍ഷമായി 'ഫ്രീ'; ഈ ട്രെയിനിൽ കയറിയാൽ സൗജന്യയാത്ര; കൂടുതലറിയാം

Bhakra Railway Train | 73 വര്‍ഷമായി 'ഫ്രീ'; ഈ ട്രെയിനിൽ കയറിയാൽ സൗജന്യയാത്ര; കൂടുതലറിയാം

ഇന്ത്യന്‍ റെയില്‍വേ അഞ്ച് എന്‍ജിന്‍ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പ്രത്യേക ട്രെയിന്‍ 60 വര്‍ഷം പഴക്കമുള്ള എന്‍ജിനില്‍ തന്നെയാണ് ഇപ്പോഴും സർവ്വീസ് നടത്തുന്നത്.

  • Share this:
    ഇന്ത്യയിലെ നിയമപ്രകാരം ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത് പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ, ഒരു രൂപ പോലും നല്‍കാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു ട്രെയിന്‍ (train) രാജ്യത്ത് ഉണ്ട്. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും അല്ലേ? കഴിഞ്ഞ 73 വര്‍ഷമായി യാത്രക്കാര്‍ ഭക്ര റെയില്‍വേ ട്രെയിനില്‍ (bhakra railway train) സൗജന്യ യാത്ര (free ride) നടത്തുന്നുണ്ട്.

    പഞ്ചാബിന്റെയും (punjab) ഹിമാചല്‍ പ്രദേശിന്റെയും (himachal pradesh) അതിര്‍ത്തികളിലൂടെയാണ് ഈ സ്പെഷ്യൽ ട്രെയിന്‍ സഞ്ചരിക്കുന്നത്. നങ്കലിനും ഭക്കറിനും ഇടയില്‍ യാത്ര ചെയ്യാൻ യാത്രക്കാര്‍ പതിവായി ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണിത്. ഈ ട്രെയിനിലെ യാത്ര പൂര്‍ണമായും സൗജന്യമാണ്.

    1948ലാണ് ഭക്കര്‍-നംഗല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ഭക്കർ- നംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണ വേളയിലാണ് സ്പെഷ്യൽ ട്രെയിനിന്റെ ആവശ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അക്കാലത്ത് നംഗലിനും ഭക്കറിനും ഇടയില്‍ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. അതിനാല്‍, തൊഴിലാളികളുടെയും വലിയ മെഷിനറികളുടെയും ഗതാഗതം സുഗമമാക്കുന്നതിന് റൂട്ടില്‍ ഒരു റെയില്‍വേ ട്രാക്ക് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    തുടക്കത്തില്‍ സ്റ്റീം എഞ്ചിനുകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് 1953-ല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്ന് പുതിയ എഞ്ചിനുകള്‍ അവയ്ക്ക് പകരം ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍, ഇന്ത്യന്‍ റെയില്‍വേ അഞ്ച് എന്‍ജിന്‍ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പ്രത്യേക ട്രെയിന്‍ 60 വര്‍ഷം പഴക്കമുള്ള എന്‍ജിനില്‍ തന്നെയാണ് ഇപ്പോഴും സർവ്വീസ് നടത്തുന്നത്. കറാച്ചിയില്‍ നിര്‍മ്മിച്ച കോച്ചുകളാണ് ട്രെയിനിന്റെ മറ്റൊരു സവിശേഷത. കൂടാതെ, ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തിലെ തടി ബെഞ്ചുകള്‍ കൊണ്ടാണ്.

    ഭക്കര്‍-നംഗല്‍ ട്രെയിന്‍ ശിവാലിക് മലനിരകളിലൂടെ 13 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുന്നത്. നെഹ്ല സ്റ്റേഷനില്‍ കയറി പഞ്ചാബിലെ നംഗല്‍ അണക്കെട്ടിലേക്ക് പോകുന്നു. മണിക്കൂറില്‍ 18 മുതല്‍ 20 ലിറ്റര്‍ വരെ ഡീസല്‍ തീവണ്ടിയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ചെലവ് കൂടുതലാണ്. എങ്കിലും സര്‍വീസ് സൗജന്യമായി നിലനിര്‍ത്തി കൊണ്ടുപോകാന്‍ ഭക്ര ബിയാസ് മാനേജ്മെന്റ് ബോര്‍ഡ് (ബിബിഎംബി) തീരുമാനിക്കുകയായിരുന്നു.

    നംഗല്‍ അണക്കെട്ടിനോട് ചേർന്നും റെയില്‍വേ ട്രാക്ക് സ്ഥാപിച്ചിട്ടുണ്ട്. ദിവസേന നിരവധി യാത്രക്കാര്‍, ബിബിഎംബി ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍ എന്നിവര്‍ സൗജന്യമായി ഈ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ട്. 25 ഗ്രാമങ്ങളില്‍ നിന്നായി 300 ഓളം യാത്രക്കാര്‍ ഭക്ര റെയില്‍വേയില്‍ യാത്ര ചെയ്യുന്നുണ്ടെന്നും വിദ്യാര്‍ഥികളാണ് പ്രധാനമായും സര്‍വീസ് ഉപയോഗപ്പെടുത്തുന്നത് എന്നും പറയപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് സൗജന്യ യാത്ര അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ബിബിഎംബി ഒരിക്കല്‍ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് ആ തീരുമാനം മാറ്റി.ഭക്കര്‍-നംഗല്‍ ട്രെയിന്‍ അതിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിച്ചു കൊണ്ട് സൗജന്യ സര്‍വീസ് ഇന്നും തുടരുന്നു.
    Published by:Sarath Mohanan
    First published: