• HOME
 • »
 • NEWS
 • »
 • india
 • »
 • യുപിയിൽ BJPക്ക് തിരിച്ചടി; യോഗി മന്ത്രിസഭയിലെ അംഗം രാജിവെച്ച് SPയിൽ ചേർന്നു

യുപിയിൽ BJPക്ക് തിരിച്ചടി; യോഗി മന്ത്രിസഭയിലെ അംഗം രാജിവെച്ച് SPയിൽ ചേർന്നു

മറ്റൊരു മന്ത്രിയായ ധരംസിങ് സൈനിയും നാല് എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേക്കേറുമെന്നാണ് വിവരം.

സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം

സ്വാമി പ്രസാദ് മൗര്യ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം

 • Share this:
  ലഖ്‌നൗ: യുപിയിൽ‌ (UP) നിയമസഭ തെരഞ്ഞെടുപ്പിന് (Assembly Election) ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് (BJP) തിരിച്ചടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ (Swami Prasad Maurya) ചൊവ്വാഴ്ച മന്ത്രിസ്ഥാനം രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ (samajwadi party) ചേര്‍ന്നു. മറ്റൊരു മന്ത്രിയായ ധരംസിങ് സൈനിയും നാല് എംഎല്‍എമാരും അദ്ദേഹത്തോടൊപ്പം എസ്.പിയില്‍ ചേക്കേറുമെന്നാണ് വിവരം.

  ബിജെപിയിൽ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് പുറത്തെത്തുന്നതിന് മുൻപു തന്നെ അദ്ദേഹം സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു. നിരവധിതവണ എം.എല്‍.എയായിട്ടുള്ള മൗര്യ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2016 ല്‍ മായാവതിയുടെ ബി.എസ്.പി വിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്‌.

  Also Read- Sthree Sakthi SS-295, Kerala Lottery Result | സ്ത്രീശക്തി SS-295 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  ദളിതരോടും പിന്നാക്കവിഭാഗങ്ങളോടും യുപി സര്‍ക്കാർ അവഗണന കാട്ടുന്നതിൽ‌ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നാണ് സ്വാമി പ്രസാദ് മൗര്യയുടെ വിശദീകരണം. കര്‍ഷകരെയും ചെറുകിട സംരംഭകരെയും തൊഴിലില്ലാത്ത യുവാക്കളെയും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  അതേസമയം, മന്ത്രിയുടെ രാജിയെ സംബന്ധിച്ച് മറ്റുചില വിവരങ്ങളും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വാമി പ്രസാദ് മൗര്യ ഒരുസീറ്റ് കൂടി അധികമായി ചോദിച്ചെന്നും ഈ ആവശ്യം പാര്‍ട്ടി തള്ളിയതാണ് രാജിക്ക് കാരണമെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  ഫെബ്രുവരി ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്താം തീയതിയാണ് വോട്ടെണ്ണല്‍.

  ''2022ലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എന്റെ രാജിയുടെ ആഘാതം നിങ്ങൾ കാണും. മൂന്നുപേർ മാത്രമല്ല, ഡസൻ കണക്കിന് എംഎൽഎമാർ ബിജെപി വിടും,"- മൗര്യ മാധ്യമങ്ങളോട് പറഞ്ഞു.

  സംഭവവികാസത്തോട് പ്രതികരിച്ച് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു, “സ്വാമി പ്രസാദ് മൗര്യ ജിയുടെ രാജിക്ക് കാരണം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ഇരുന്നു സംസാരിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു, തിടുക്കത്തിലുള്ള തീരുമാനങ്ങൾ പലപ്പോഴും തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്''.

  Also Read- Incredible Idea| കുട്ടികൾക്ക് പഠിക്കാൻ സ്കൂളിൽ 'വിമാന' ലൈബ്രറി; പ്രധാനാധ്യാപകന്റെ പരിശ്രമത്തിന്റെ വിജയം

  മറ്റൊരു ബി.ജെ.പി എംഎൽഎ റോഷൻ ലാൽ വർമയാണ് മൗര്യയുടെ രാജിക്കത്ത് രാജ്ഭവനിലേക്ക് കൊണ്ടുപോയത്. ഈ എംഎൽഎയും ബിജെപിയിൽ നിന്ന് രാജിവെച്ച് എസ്പിയിലേക്ക് മാറിയേക്കുമെന്നാണ് വിവരം. തൊഴിൽ മന്ത്രി കുറച്ചുകാലമായി അതൃപ്തിയിലായിരുന്നുവെന്നും രാജിവയ്ക്കാനും പാർട്ടി മാറാനുമുള്ള തീരുമാനത്തെക്കുറിച്ച് കുറച്ചുകാലമായി ആലോചിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. അദ്ദേഹം അഖിലേഷ് യാദവുമായി ബന്ധപ്പെട്ടിരുന്നതായും ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കണ്ടിരുന്നതായും വൃത്തങ്ങൾ അറിയിച്ചു.

  സ്വാമി പ്രസാദ് മൗര്യയുടെ രാജി വാർത്ത പുറത്തുവന്നയുടൻ അഖിലേഷ് യാദവ് മൗര്യയ്‌ക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തു, “സാമൂഹിക സമത്വത്തിനായി പോരാടിയ എല്ലാ ബഹുമാന്യരായ നേതാക്കളെയും ഞങ്ങൾ എസ്‌പിയിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രവർത്തകർക്കും അനുയായികൾക്കും എസ്പിയിൽ പൂർണ ബഹുമാനം ലഭിക്കും. 2022ൽ ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടാകും.''

  ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ വലിയ ഒബിസി മുഖമായി കണക്കാക്കപ്പെടുന്ന മൗര്യ ചൊവ്വാഴ്ച രാവിലെയാണ് ഗവർണർക്ക് രാജിക്കത്ത് നൽകിയത്.

  നിരവധി ബിജെപി നേതാക്കളും സിറ്റിംഗ് എംഎൽഎമാരും പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർ ഉടൻ എസ്പിയിലേക്ക് മാറുമെന്നും സമാജ്‌വാദി പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു. മൂന്ന് മന്ത്രിമാർ കൂടി അഖിലേഷ് യാദവിന്റെ പാർട്ടിയിലേക്ക് മാറിയേക്കുമെന്ന് അവർ പറഞ്ഞു.

  English Summary: In a big blow to the ruling Bharatiya Janata Party days head of the crucial assembly elections in Uttar Pradesh, Labour Minister and the party’s OBC face Swami Prasad Maurya tendered his resignation from the government on Tuesday.
  Published by:Rajesh V
  First published: