• HOME
 • »
 • NEWS
 • »
 • india
 • »
 • Bihar| ആർജെഡ‍ിയുമായി കൈകോർക്കാൻ നിതീഷ് കുമാർ; ഗവർണറെ കണ്ട് രാജി സമർപ്പിക്കും

Bihar| ആർജെഡ‍ിയുമായി കൈകോർക്കാൻ നിതീഷ് കുമാർ; ഗവർണറെ കണ്ട് രാജി സമർപ്പിക്കും

ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ

 • Last Updated :
 • Share this:
  പട്‌ന: ബിഹാറില്‍ ബിജെപി-ജെഡിയു (BJP-JDU) സഖ്യം പിരിയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവെച്ചേക്കും. വൈകിട്ട് നാലുമണിക്ക് അദ്ദേഹം ഗവര്‍ണറെ കാണും. ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും നിതീഷിനൊപ്പം ഗവര്‍ണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് ചേര്‍ന്ന ജെഡിയു എംഎല്‍എമാരുടേയും എംപിമാരുടേയും യോഗത്തില്‍ സഖ്യം പിരിയാന്‍ തീരുമാനം എടുത്തതായാണ് വിവരം.

  ഇതിനിടെ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം റാബ്‌റി ദേവിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തേജസ്വി യാദവ് സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ആര്‍ജെഡി എംഎല്‍എമാരും അറിയിച്ചു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ നിതീഷുമായി സഹകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം മഹാസഖ്യം നേതാക്കള്‍ അറിയിച്ചിരുന്നു.

  കോണ്‍ഗ്രസുമായും ലാലു പ്രസാദ് യാദവുമായും ഒന്നിക്കാനാണ് നിതീഷ് കുമാറിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തിസര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാര്‍ ഇപ്പോള്‍ രാജിക്കൊരുങ്ങുന്നത്.

  Also Read- Bihar Live updates| നിതീഷ് കുമാർ ഉടൻ രാജിവെച്ചേക്കും; തേജസ്വി യാദവിനൊപ്പം ഗവർണറെ കാണും

  ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വയ്ക്കുന്നത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

  ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

  ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ജെഡിയുവും ബി.ജെ.പി.യും തമ്മിലുള്ള ചേരിപ്പോരുകൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് എംപിമാരോടും എംഎല്‍എമാരോടും ഉടന്‍ തലസ്ഥാനമായ പട്‌നയിലെത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും നിതീഷ് കുമാര്‍ ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Also Read- സൗജന്യ വെള്ളവും വൈദ്യുതിയും ഉറപ്പാക്കുന്നത് ഭരണഘടനാപരമായ കടമ മാത്രം; സുപ്രീം കോടതിയിൽ എഎപി

  മഹാരാഷ്ട്ര മോഡലില്‍ ശിവസേനയെ പിളര്‍ത്തി ഭരണം നേടിയതുപോലെ പാര്‍ട്ടിക്കുള്ളില്‍ വിമതരെ സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ജെഡിയു നേതൃത്വത്തിന്റെ സംശയം. രണ്ടാം മോദിസര്‍ക്കാരില്‍ ജെഡിയുവിന്റെ മന്ത്രിയായിരുന്ന ആര്‍സിപി സിങ്ങിനെ കരുവാക്കി ബിജെപി വിമതനീക്കത്തിന് ശ്രമം നടത്തിയെന്ന് ആരോപണമുണ്ട്. ഇതിന്റെ പേരിലാണ് മന്ത്രിയായിരുന്നിട്ടും സിങ്ങിന് വീണ്ടും രാജ്യസഭാ സീറ്റ് നല്‍കാതിരുന്നത്. കഴിഞ്ഞദിവസം സ്വത്തുവിവരങ്ങള്‍ ചോദിച്ച് പാര്‍ട്ടി സിങ്ങിന് നോട്ടീസും നല്‍കി. തൊട്ടുപിന്നാലെ സിങ് രാജിവെച്ചു.

  രാഷ്ട്രീയവഴിക്ക് ഇത്തരം നീക്കങ്ങള്‍ നടക്കുമ്പോള്‍ മറുവഴിക്ക് കേന്ദ്രവുമായി സര്‍ക്കാര്‍ തലത്തിലും ജെഡിയു നിസ്സഹകരണത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ നിതി ആയോഗ് യോഗത്തിനുള്‍പ്പടെ ഒരുമാസത്തിനിടെ കേന്ദ്രസര്‍ക്കാര്‍ വിളിച്ച നാലുപരിപാടികളില്‍ നിതീഷ് കുമാര്‍ പങ്കെടുത്തില്ല. ഇതില്‍ രണ്ടെണ്ണം പ്രധാനമന്ത്രി പങ്കെടുത്തവയാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രയയപ്പില്‍നിന്നും പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍നിന്നും നിതീഷ് വിട്ടുനിന്നതും വാര്‍ത്തയായി.

  Also Read- Maharashtra | ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു

  മാസങ്ങളായി ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ കല്ലുകടിയുണ്ട്. കഴിഞ്ഞമാസം അവസാനം പട്‌നയില്‍ നടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തില്‍ ദേശീയതയടക്കം പല വിഷയങ്ങളുമുയര്‍ത്തിയത് നിതീഷിനെ ചൊടിപ്പിച്ചിരുന്നു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ചില ബിജെപി നേതാക്കളുടെ പ്രസ്താവനകളെ ദേശീയ നേതൃത്വം വിലക്കിയില്ല. ബിഹാറിന് പ്രത്യേക പദവിയെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
  Published by:Rajesh V
  First published: