വൃക്ക ഇല്ലാതായതിനെത്തുടർന്ന് തന്റെ കുടുംബജീവിതം തന്നെ നഷ്ടമായിരിക്കുകയാണ് ബീഹാർ സ്വദേശിയായ ഒരു യുവതിക്ക്. ചികിത്സയ്ക്കിടെ യുവതിയുടെ വൃക്കകൾ ഡോക്ടർമാർ മോഷ്ടിച്ചെന്നാണ് പരാതി. വൃക്കകൾ നഷ്ടമായ യുവതിയെയും മൂന്നു മക്കളെയും ഭർത്താവും ഉപേക്ഷിച്ച് പോയി. 2022 സെപ്തംബർ 3-നാണ് സംഭവം നടന്നത്.
ബീഹാർ സ്വദേശിനിയായ 38 കാരി സുനിതാ ദേവിക്കാണ് തന്റെ ഇരു വൃക്കകളും നഷ്ടമായത്. ഗർഭാശയത്തിലെ അണുബാധയെ തുടർന്നായിരുന്നു യുവതി ചികിത്സ തേടിയത്. മുസാഫർപൂരിലെ ബരിയാർപൂർ പ്രദേശത്തുള്ള ശുഭ്കാന്ത് ക്ലിനിക്ക് എന്ന അനധികൃത നഴ്‌സിംഗ് ഹോമിൽ ചികിത്സയിലിരിക്കെ ആണ് വ്യാജ ഡോക്ടർ സുനിതയുടെ വൃക്കകൾ മോഷ്ടിച്ചത്.
സംഭവത്തെ തുടർന്ന് നാല് മാസത്തിന് ശേഷം യുവതിയെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് ഭർത്താവ് ഒളിച്ചോടിയതായാണ് റിപ്പോർട്ട്. തന്നോടൊപ്പം ജീവിക്കാൻ പ്രയാസമാണെന്നും ഞാൻ മരിച്ചാലും അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞതായും സുനിത വ്യക്തമാക്കി. ഭർത്താവ് ഉപേക്ഷിച്ചു പോയതിനെ തുടർന്ന് നിലവിൽ അമ്മയാണ് സുനിതയെ ആശുപത്രിയിൽ പരിചരിക്കുന്നത്.
യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയുമാണ്. മൂന്ന് കുട്ടികളെ എങ്ങനെ നോക്കണം എന്നറിയാതെ, വരുമാന മാർഗം നിലച്ച്, വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ സുനിത. “ഞാൻ മരണത്തിന്റെ ദിവസങ്ങൾ എണ്ണുകയാണ്. ആരോഗ്യമുള്ളപ്പോൾ ഞാൻ കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്നു. ഇപ്പോൾ എനിക്ക് സുഖമില്ല. അയാൾ എന്നെ വിട്ടുപോയി”, എന്നും സുനിത വേദനയോടെ പറഞ്ഞു. താൻ മരിച്ചാൽ തന്റെ കുട്ടികൾക്ക് ആരുണ്ടെന്നും സുനിത ചോദിക്കുന്നു.
ഇപ്പോൾ സുനിത മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഇവർക്ക് പതിവായി ഡയാലിസിസും ചെയ്തുവരികയാണ്. യുവതിക്ക് അനുയോജ്യമായ കിഡ്നി ദാതാവിനെ കണ്ടെത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അവരുടെ ശരീരവുമായി പൊരുത്തപ്പെടുന്ന വൃക്ക കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ആദ്യം ഭർത്താവ് യുവതിക്ക് വൃക്ക നൽകാൻ തയ്യാറായിരുന്നു.
എന്നാൽ യുവതിക്ക് ഇതും അനിയോജ്യമാകാത്തതിനെ തുടർന്ന് വഴക്കിട്ട് ഭർത്താവ് കുട്ടികളെ യുവതിക്കൊപ്പം ഉപേക്ഷിച്ച് പോവുകയായിരുന്നു. ആശുപത്രി മാനേജ്‌മെന്റും സുനിതയെ സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന സുനിത ഇപ്പോൾ ആശുപത്രിയിൽ ആയതിനാൽ സ്വന്തം മക്കളെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ കൂടിയാണ്.
സുനിതയുടെ വൃക്കകൾ മോഷ്ടിച്ച വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ ഡോക്ടർ ചമഞ്ഞ പവൻ എന്നയാളാണ് സുനിതയുടെ വൃക്കകൾ മോഷ്ടിച്ചത്. വൃക്ക പുറത്തെടുത്തതിനെ തുടർന്ന് യുവതിയുടെ നില വഷളായതോടെ വ്യാജ ഡോക്ടറും ക്ലിനിക്ക് ഡയറക്ടറുമായ ഇയാൾ യുവതിയെ പട്‌നയിലെ നഴ്‌സിംഗ് ഹോമിൽ പ്രവേശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.