• HOME
  • »
  • NEWS
  • »
  • india
  • »
  • Nupur Sharma | നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; യുവാവിന് കുത്തേറ്റു

Nupur Sharma | നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റ്; യുവാവിന് കുത്തേറ്റു

നൂപുർ ശർമയെച്ചൊല്ലി പ്രതിയുമായുള്ള വഴക്കിനെ തുടർന്നാണ് താൻ ആക്രമിക്കപ്പെട്ടതെന്നാണ് അങ്കിത് പറയുന്നത്. എന്നാൽ നൂപുർ ശർമയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ഈ സംഭവത്തിന് വർ​ഗീയ മാനങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി.

  • Last Updated :
  • Share this:
    പ്രവാചക നിന്ദാ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമയെ (Nupur Sharma) പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റാറ്റിട്ട യുവാവിന് കുത്തേറ്റു. ബീഹാറിലെ (Bihar) സീതാമർഹി ജില്ലയിലാണ് സംഭവം. 23 കാരനായ അങ്കിത് കുമാർ ഝാ (Ankit Kumar Jha) എന്ന യുവാവിനാണ് കുത്തേറ്റത്. ​ഗുരുതരമായി പരിക്കേറ്റ അങ്കിത് ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. റോഡരികിലെ ഒരു കടക്കു സമീപം നടന്ന തർക്കത്തെ തുടർന്നാണ് സംഭവം.

    നൂപുർ ശർമയെച്ചൊല്ലി പ്രതിയുമായുള്ള വഴക്കിനെ തുടർന്നാണ് താൻ ആക്രമിക്കപ്പെട്ടതെന്നാണ് അങ്കിത് പറയുന്നത്. എന്നാൽ നൂപുർ ശർമയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ഈ സംഭവത്തിന് വർ​ഗീയ മാനങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി.

    ജൂലൈ 15 നാണ് സംഭവം നടന്നത്. എന്നാൽ പരാതിയിൽ നിന്ന് നൂപൂർ ശർമയുടെ പേര് നീക്കം ചെയ്തതിനു ശേഷമാണ് ലോക്കൽ പോലീസ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് അങ്കിത് കുമാർ ഝായുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

    അങ്കിതും കുറ്റാരോപിതരും റോഡരികിലെ കടയിൽ പുകവലിക്കുന്നതിനായി ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം നടന്നതെന്ന് നാൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ വിജയ് കുമാർ റാം പറഞ്ഞു. '' ചില കാരണങ്ങളാൽ അവർ പരസ്പരം വഴക്കിടാൻ തുടങ്ങി. പെട്ടെന്ന്, പ്രതിയായ ഗുലാബ് റബ്ബാനി എന്ന ​ഗോറ അങ്കിതിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു'', വിജയ് കുമാർ റാം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

    നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് അങ്കിത് കുമാർ ഝായെ സമീപത്തുള്ള സദർ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് ആശുപത്രിയിലെത്തി അങ്കിതിനെ കണ്ട് മൊഴിയെടുത്തിരുന്നു. ഒരു ദിവസത്തിന് ശേഷം, ഗോറ, നെഹാൽ, ബെഹൽ, ഹെലാൽ എന്നീ നാലു പേർക്കെതിരെ അങ്കിത് രേഖാമൂലം പരാതി നൽകി. തുടർന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പോലീസ് അറിയിച്ചു.

    ''സിഗരറ്റ് വലിച്ച ശേഷമുള്ള പുക അങ്കിതിന്റെ മുഖത്തേക്ക് ഊതി വിട്ടതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. അതു പിന്നീട് കത്തിക്കുത്തിലേക്ക് എത്തി'', എസ്എച്ച്ഒ വിജയ് കുമാർ റാം പറഞ്ഞു. സംഭവത്തിൽ വർ​ഗീയത കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എന്നാൽ നൂപുർ ശർമയുടെ ചിത്രം സഹിതം സോഷ്യൽ മീഡിയ സ്റ്റാറ്റസ് ആക്കിയതിനു ശേഷമാണ് സംഭവം നടന്നതെന്ന് അങ്കിത് കുമാർ ഝാ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതികളുമായുള്ള വാക്കേറ്റത്തിലേക്ക് നയിച്ച സാഹചര്യം ഇതാണെന്നും അങ്കിത് കൂട്ടിച്ചേർത്തു.

    നാലു പേർക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിൽ രണ്ടുപേരെ അറസ്റ്റു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും മറ്റ് രണ്ടുപേരെ പിടികൂടാനുള്ള അന്വേഷണം നടക്കുകയാണെന്നും സീതാമർഹി എസ്പി ഹർകിഷോർ റായ് പറഞ്ഞു. നൂപുർ ശർമയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും എസ്പി കൂട്ടിച്ചേർത്തു.

    keywords: Bihar Youth, Stabbed , Nupur Sharma, ബീഹാർ, അങ്കിത് കുമാർ ഝാ , നൂപുർ ശർമ

    link: https://www.news18.com/news/india/bihar-youth-stabbed-after-scuffle-over-nupur-sharma-in-sitamarhi-family-says-police-tweaked-complaint-copy-cops-deny-claim-5581435.html
    Published by:Amal Surendran
    First published: