• HOME
  • »
  • NEWS
  • »
  • india
  • »
  • ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള പുതിയ ഹർജി കേൾക്കാൻ സുപ്രീം കോടതി

ബിൽക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് ചോദ്യം ചെയ്തുള്ള പുതിയ ഹർജി കേൾക്കാൻ സുപ്രീം കോടതി

കേസിലെ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതിന് എതിരെ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ എന്ന സംഘടന നൽകിയ ഹർജിയാണ് പരമോന്നത കോടതി പരിഗണിച്ചത്.

  • Share this:
2002-ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരെ ഒരു സ്ത്രീ സംഘടന നൽകിയ പുതിയ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വ്യാഴാഴ്ച സമ്മതിച്ചു. ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. ജസ്റ്റിസ് അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഈ ഹർജി പ്രധാന ഹർജിയോടൊപ്പം ചേർക്കുകയും ഒരുമിച്ച് വാദം കേൾക്കാം എന്ന് അറിയിക്കുകയും ചെയ്തു.

കേസിലെ പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചതിന് എതിരെ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ എന്ന സംഘടന നൽകിയ ഹർജിയാണ് പരമോന്നത കോടതി പരിഗണിച്ചത്. പ്രതികൾക്ക് ഇളവ് നൽകിയതിന് എതിരായി സമർപ്പിച്ച ഹർജികൾക്ക് ഗുജറാത്ത് സർക്കാർ നൽകിയ മറുപടിയുടെ വലുപ്പം കൂടുതലാണെന്നും പല വിധികളും ഇതിൽ ഉദ്ധരിച്ചിട്ടുണ്ടെങ്കിലും വസ്തുതാപരമായ കാര്യങ്ങൾ കുറവാണെന്നും ഒക്ടോബർ 18-ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഗുജറാത്ത് സർക്കാർ നൽകിയ സത്യവാങ്മൂലത്തിനുള്ള മറുപടി നൽകാൻ കോടതി ഹർജിക്കാർക്ക് സമയം അനുവദിക്കുകയും നവംബർ 19-ന് വിഷയത്തിൽ വാദം കേൾക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഗോധ്രയിൽ തീവണ്ടി കത്തിച്ചതിന് ശേഷം നടന്ന ഗുജറാത്ത് കലാപത്തിൻ്റെ ഭാഗമായ അക്രമങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോഴാണ് 21 വയസ്സുകാരിയായിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അന്ന് അവർ അഞ്ച് മാസം ഗർഭിണിയും ആയിരുന്നു. അവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെയുള്ള ഏഴ് കുടുംബാംഗങ്ങളാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്.

തടവുകാർക്ക് ശിക്ഷയിൽ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിൻ്റെ തീരുമാനത്തെ തുടർന്ന് ഓഗസ്റ്റ് 15-നാണ്, കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ ഗോധ്ര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 15 വർഷത്തിലധികം ഇവർ ജയിൽ ശിക്ഷ അനുഭവിച്ചു.

Also read : ഗുജറാത്ത് കലാപം; നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഗുജറാത്ത് കലാപത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങളിൽ ഒന്നായിരുന്നു ബിൽക്കിസ് ബാനു ബലാത്സംഗ കേസ്. 2022 മാർച്ച് 3-നാണ് സംഭവം നടന്നത്. ആൾക്കൂട്ട ആക്രമണത്തിൽ നിന്ന് രക്ഷപെടാനായി കുടുംബത്തോടൊപ്പം ഒരു ട്രക്കിൽ യാത്ര ചെയ്യുകയായിരുന്നു ബാനു. ഇവരോടൊപ്പം 2 വയസ്സുള്ള മകൾ ഉൾപ്പെടെ മറ്റ് 17 പേരും ഉണ്ടായിരുന്നു. ഇവരുടെ ട്രക്കിനെ ആക്രമിച്ച ആൾക്കൂട്ടം ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും ഇവരുടെ മകളും അമ്മ ഹലീമയും ബന്ധും ഷമീമും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയെല്ലാം കൊല്ലുകയും ചെയ്തു.

Also read : ഗുജറാത്ത് കലാപ ഗൂഢാലോചനക്കേസിൽ ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

അക്രമികൾക്ക് എതിരെ പരാതിയുമായി ബാനു പോലീസിനെ സമീപിച്ചെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. കേസ് കൊടുത്താൽ അതിൻ്റെ അനന്തരഫലങ്ങൾ ഗുരുതരുമായിരിക്കും എന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവർ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്തു.

സുപ്രീം കോടതി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീട് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു. 2008-ലാണ് 6 പോലീസുകാരും ഒരു സർക്കാർ ഡോക്ടറും ഉൾപ്പെടെയുള്ള 19 പ്രതികൾക്ക് മുംബൈയിലെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പിന്നീട്, 11 പ്രതികളുടെ ജീവപര്യന്തം ബോംബെ ഹൈക്കോടതി ശരിവച്ചു.
Published by:Amal Surendran
First published: