കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും പശ്ചിമ ബംഗാളില്‍ അക്രമം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ചന്ദന്‍ സൗ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ബി ജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ചന്ദന്‍. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ചന്ദൻ സൗവിനെ ഇരുബൈക്കുകളിലായെത്തിയ നാലംഗസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നേരത്തെ ബിജെപി റാലിക്ക് പിന്നാലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകര്‍ക്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.