കൊൽക്കത്ത: ദളിത് വിഭാഗക്കാരെ യാചകർ എന്ന് വിളിച്ചാക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ബിജെപി. ടിഎംസി അരംബഗ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി സുജാത മൊണ്ടലിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് പശ്ചിമബംഗാളിലെ പട്ടികജാതി വിഭാഗത്തിലെ വോട്ടർമാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ സുജാത നടത്തിയത്.
ബംഗാളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയത്. എന്നിട്ടും അവർ ബിജെപിയെ പിന്തുണയ്ക്കുന്നത് അവരുടെ 'യാചക സ്വഭാവ'ത്തെയാണ് വെളിവാക്കുന്നത് എന്നായിരുന്നു സുജാതയുടെ പരാമര്‍ശം. പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ബിജെപി വിമർശനവുമായെത്തിയത്. 'ബംഗാളിൽ പട്ടികജാതി വിഭാഗക്കാരെല്ലാം യാചക സ്വഭാവമുള്ളവരാണ്. അവർക്കായി മമതാ ബാനർജി പല കാര്യങ്ങളും ചെയ്തിട്ടും ബിജെപി വാഗ്ദാനം ചെയ്ത പണം കണ്ട് അവർക്ക് പിന്നാലെ പോവുകയാണ്. അവരുടെ വോട്ടുകൾ കുങ്കുമപ്പാര്ട്ടിക്ക് വിൽക്കുകയാണ്' എന്നായിരുന്നു വീഡിയോയില്‍ സുജാതയുടെ വാക്കുകൾ.
'മമതാ ബാനർജിയുമായി വളരെ അടുപ്പമുള്ള സുജാത മൊണ്ടാൽ പട്ടികജാതി വിഭാഗക്കാരെ 'സ്വഭാവത്താൽ ഭിക്ഷക്കാർ' എന്നാണ് ആരോപിക്കുന്നത്. ടിഎംസിക്ക് ഉചിതമായ മറുപടി നൽകി അവരെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ബംഗാളിലെ ജനങ്ങൾക്ക് സാധിക്കുമോ? ദളിത് വിഭാഗക്കാർ ഇതിലും മികച്ച പരിഗണന അർഹിക്കുന്നവരാണ്' വീഡിയോ പങ്കുവച്ച് ബിജെപി ബംഗാൾ ഘടകം ട്വീറ്റ് ചെയ്തു.
Sujata Mandal of Trinamool, close to Mamata Banerjee, blatantly accuses the Scheduled Caste community of Bengal as “beggars by nature”.
Can the people of Bengal give TMC a befitting reply and throw them out of power? Dalit Samaaj (Rajbanshi, Matuas, Namasudras) deserves better. pic.twitter.com/bJT4acPiCN
വീഡിയോ ക്ലിപ്പ് തെളിവാക്കിയാണ് സുജാതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി ഇലക്ഷൻ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇത് പോലെയുള്ള പ്രസ്താവനകൾ തൃണമൂൽ അംഗങ്ങളിൽ നിന്നുണ്ടാകുന്നത് ഇതാദ്യമല്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ബിജെപി പറയുന്നു. തൃണമൂൽ അംഗങ്ങളുടെ മനസ്ഥിതിയാണ് ഇത്തരം പ്രസ്താവനകളിലൂടെ തുറന്നു കാട്ടപ്പെടുന്നതെന്നും മുഖ്യമന്ത്രിയാണ് ഇതിന് മാതൃക സൃഷ്ടിച്ചതെന്നുമാണ് ഇലക്ഷൻ കമ്മീഷന് നൽകിയ കത്തിൽ ബിജെപി ആരോപിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയെ തന്നെ വെല്ലുവിളിക്കുകയും നിരാകരിക്കുകയുമാണ് മമത ചെയ്യുന്നതെന്നാണ് ഇവരുടെ ആക്ഷേപം. 'മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ധ്രുവീകരിക്കാൻ മുഖ്യമന്ത്രി നിരന്തരം ശ്രമിക്കുന്നുവെന്നും' ഇവർ ആരോപിക്കുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.