HOME /NEWS /India / യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 395 മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബിജെപി അണിനിരത്തി; അൻപതോളം പേര്‍ക്ക് വിജയം

യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 395 മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബിജെപി അണിനിരത്തി; അൻപതോളം പേര്‍ക്ക് വിജയം

File Photo: PTI

File Photo: PTI

മുസ്ലീം വിഭാഗം ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് യുപിയിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി

  • Share this:

    ലക്നൗ: ഇക്കഴിഞ്ഞ യുപി തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി അണിനിരത്തിയത് 395 മുസ്ലിം സ്ഥാനാര്‍ത്ഥികളെയെന്ന് റിപ്പോര്‍ട്ട്. അതില്‍ 40-45ലധികം പേരും വിജയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

    കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയോടും മുസ്ലിം വിഭാഗത്തിന് വിശ്വാസം വന്നിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ബിജെപിയുടെ അവകാശവാദങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുസ്ലിം സ്ഥാനാര്‍ത്ഥികളെ അണിനിരത്തുമോ എന്നായിരുന്നു സമാജ് വാദി പാര്‍ട്ടി നേതൃത്വത്തിന്റെ ചോദ്യം.

    യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 395 മുസ്ലിം സ്ഥാനാര്‍ത്ഥികളെ അണിനിരത്തിയെന്ന് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ മേധാവി കന്‍വര്‍ ബാസിത് അലിയാണ് പറഞ്ഞത്. അവരില്‍ 40-45 ലധികം പേര്‍ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    ” പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ പദവിയിലേക്ക് 32 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അതില്‍ അഞ്ച് പേര്‍ വിജയിച്ചു,” എന്നും കന്‍വര്‍ ബാസിത് അലി പറഞ്ഞു.

    Also Read- കേദാർനാഥിൽ മഞ്ഞുവീഴ്ച; ക്ഷേത്ര സന്ദർശനത്തിന് എത്തുന്നവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

    അതേസമയം തെരഞ്ഞെടുപ്പില്‍ മുസ്ലിം സമുദായത്തെ ഭയപ്പെടുത്തി വോട്ട് നേടാമെന്ന സമാജ് വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസ്, ബിഎസ്പി പാര്‍ട്ടികളുടെയും തന്ത്രം ഫലിച്ചില്ലെന്ന് പടിഞ്ഞാറന്‍ യുപിയിലെ ബിജെപി ന്യൂനപക്ഷ സെല്‍ മേധാവി ജാവേദ് മാലിക് പറഞ്ഞു. നിലവിലെ കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോടും മുസ്ലിം വിഭാഗം അനുഭാവം പ്രകടിപ്പിച്ച് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ” തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സന്തോഷം തരുന്നു. ഇതുവരെ വിജയിക്കാത്ത പല സ്ഥലങ്ങളിലും രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. സമാജ് വാദി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മുസ്ലീം വിഭാഗം ബിജെപിയോട് അടുത്ത് കൊണ്ടിരിക്കുകയാണെന്ന്,”യുപിയിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു.

    അതിനുദാഹരണമാണ് റാംപൂര്‍ നഗരപാലിക പരിഷത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സന ഖനം 43,121 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി മസറത് മുജീബിന് ലഭിച്ചത് 32,173 വോട്ടുകളാണ്. അതേസമയം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

    Also Read- ‘മുസ്ലിം സമുദായത്തിന് കർണ്ണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം’; വഖഫ് ബോർഡ്

    ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ-രാഷ്ട്രീയ വികസനത്തിന് വഴിയൊരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിലൂടെ അവര്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    എന്നാല്‍ ബിജെപിയുടെ ഈ വാദങ്ങളെ എതിർത്ത് സമാജ് വാദി പാര്‍ട്ടി വക്താവ് അബ്ബാസ് ഹൈദറും രംഗത്തെത്തിയിരുന്നു.

    ” തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് നിലവിലെ സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. എന്നിട്ടും നഗര്‍ പാലിക പരിഷത്ത് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് കഴിഞ്ഞു,” അബ്ബാസ് പറഞ്ഞു.

    ”ഇപ്പോള്‍ മുസ്ലിം വിഭാഗത്തെപ്പറ്റി പറയുന്ന ബിജെപിയോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ സീറ്റ് കൊടുക്കും?” എന്നും അദ്ദേഹം ചോദിച്ചു.

    Also Read- Karnataka| കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

    അതേസമയം സ്വാര്‍ത്ഥ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നാണ് യുപിയിലെ കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി പറഞ്ഞത്. ബിജെപിയുടെ തന്ത്രങ്ങള്‍ മുസ്ലീം വിഭാഗത്തെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    ” വോട്ട് കിട്ടാന്‍ മുസ്ലിങ്ങളെ സമീപിക്കുന്നു. വിജയിച്ച് കഴിഞ്ഞാല്‍ തങ്ങളുടെ തനിസ്വരൂപം ബിജെപി പുറത്തെടുക്കും. മുസ്ലിം വോട്ടര്‍മാര്‍ ഈ വാഗ്ദാനങ്ങളില്‍ വീഴില്ല,” എന്നും അദ്ദേഹം പറഞ്ഞു.

    രണ്ട് ഘട്ടമായിട്ടാണ് യുപിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 4, 11 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

    First published:

    Tags: Bjp, Muslim, Uttar Pradesh