ഡൽഹിപയറ്റ്: മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണോ മോദിയെ മുൻനിർത്തി വോട്ടു ചോദിക്കണോ? ത്രിശങ്കുവിൽ BJP

ഇത്തവണ ബിജെപിക്ക് ചിന്തിക്കാൻ പലതുണ്ട് കാര്യങ്ങൾ. മുഖ്യമന്ത്രിമാരെ മുൻനിർത്തി തെരഞ്ഞെടുപ്പിലേക്ക് പോയ ജാർഖണ്ഡിൽ അധികാരം പോയപ്പോൾ ഹരിയാനയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

News18 Malayalam | news18
Updated: January 10, 2020, 4:10 PM IST
ഡൽഹിപയറ്റ്: മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണോ മോദിയെ മുൻനിർത്തി വോട്ടു ചോദിക്കണോ? ത്രിശങ്കുവിൽ BJP
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 10, 2020, 4:10 PM IST
  • Share this:
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി നേതാക്കൾ പ്രതിപക്ഷത്തോട്  ചോദിച്ച ചോദ്യമുണ്ട്. ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്രമോദി മുതലുള്ള നേതാക്കൾ ഈ ചോദ്യം പ്രതിപക്ഷത്തോട് പലപ്പോഴായി ആവർത്തിച്ച് പോന്നു. രാജ്യഭരണം ബിജെപി നിലനിർത്തുകയും രണ്ടാം മോദി സർക്കാർ ഭരണം തുടങ്ങുകയും ചെയ്തിട്ട് മാസം ഏഴ് കഴിഞ്ഞു. ഇപ്പോൾ രാജ്യതലസ്ഥാന മേഖല പിടിക്കാനുള്ള പോരാട്ടമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തോട് ചോദിച്ച ചോദ്യം ഇത്തവണ ഡൽഹിയിൽ  ബിജെപിയോട് എതിരാളികൾ  തിരിച്ചു ചോദിക്കാൻ സാധ്യത ഏറെയാണ്. ആരാണ് നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥി. കാരണം ബിജെപി മുഖ്യ എതിരാളിയായി കാണുന്ന ആം ആദ്മി പാർട്ടി അരവിന്ദ് കേജ്‌രിവാളിനെ മുൻനിർത്തിയാണ് വോട്ട് ചോദിക്കുന്നത്.

മോദിയെ മുൻനിർത്തി ബിജെപി

തെരഞ്ഞെടുപ്പ് പ്രചാരണം ഇത്തവണ ബിജെപി നേരത്തെ തുടങ്ങി. രാംലീല മൈതാനിയിലെ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനു ഔദ്യോഗികമായി തുടക്കം കുറിച്ചു. ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പങ്കെടുത്ത ബൂത്തുതല പ്രവർത്തകരുടെ യോഗവും നടന്നു. ഇപ്പോൾ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പക്ഷേ, മുൻ വർഷങ്ങളിലേത് പോലെയാകില്ല കാര്യങ്ങൾ. ഇത്തവണ ഡൽഹിയിൽ പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകില്ലെന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. അമിത് ഷായുടെ ഡൽഹി പ്രസംഗം ഇക്കാര്യത്തിൽ കൃത്യമായ സന്ദേശം നൽകുന്നത് കൂടിയായി. മോദിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിലേക്ക് പോകുകയെന്നാണ്  അമിത് ഷാ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കുന്നതും തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്നാണ്‌  ഡൽഹിയുടെ തെരെഞ്ഞെടുപ്പ് ചുമതലയുള്ള നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കർ പറഞ്ഞത്.

2013ൽ ഹർഷവർധൻ, 2015ൽ കിരൺ ബേദി

വിജയന്മാർ പാർട്ടിയെ നയിച്ചിരുന്ന ഡൽഹിയിൽ  (വിജയ് ഗോയൽ സംസ്ഥാന അധ്യക്ഷനും, വിജയ് കുമാർ മൽഹോത്ര പ്രതിപക്ഷ നേതാവും  2008-2013 ) 2013 ൽ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചത് ഡോ: ഹർഷ വർധനെയായിരുന്നു. കേന്ദ്ര സർക്കാരിനെതിരായ വികാരം പ്രതിഫലിക്കുന്ന ഡൽഹിയിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും ബിജെപിക്ക് അത് കാര്യമായി മുതലാക്കാനായില്ല. 70അംഗ നിയമസഭയിൽ സഖ്യകക്ഷിയായ ശിരോമണി അകാലിദൾ നേടിയ ഒരു സീറ്റ്‌ അടക്കം 32സീറ്റ്‌ നേടാനേ ബിജെപി സഖ്യത്തിന് സാധിച്ചിരുന്നുള്ളു. ഒന്നര വർഷത്തിനുള്ളിൽ 2015 ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ പരീക്ഷണമാണ് ബിജെപി നടത്തിയത്. ഡൽഹിനേതാക്കളെ തഴഞ്ഞു അതുവരെ പാർട്ടിയുടെ ഭാഗമല്ലാതിരുന്ന കിരൺ ബേദിയെ അവസാനനിമിഷം മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി. അത് വിജയിച്ചില്ലെന്ന് മാത്രമല്ല, ഹർഷവർധൻ അഞ്ച് തവണ വിജയിച്ച ബിജെപിയുടെ ഉറച്ച കോട്ടയായ കൃഷ്ണനഗറിൽ കിരൺ ബേദി പരാജയപ്പെടുകയും ചെയ്തു. 2014ൽ മോദി അധികാരത്തിൽ വന്ന ശേഷം ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിലേക്ക് പോയ ആദ്യസംസ്ഥാനം കൂടിയായിരുന്നു ഡൽഹി. അതിനു മുമ്പ് തെരെഞ്ഞെടുപ്പ് കഴിഞ്ഞ മഹാരാഷ്ട്രയിലും ഹരിയാനയിലും ജാർഖണ്ഡിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തെരെഞ്ഞെടുപ്പിനെ നേരിട്ടത്.

ബിജെപിയുടെ ആശങ്ക

ഇത്തവണ ബിജെപിക്ക് ചിന്തിക്കാൻ പലതുണ്ട് കാര്യങ്ങൾ. മുഖ്യമന്ത്രിമാരെ മുൻനിർത്തി തെരഞ്ഞെടുപ്പിലേക്ക് പോയ ജാർഖണ്ഡിൽ അധികാരം പോയപ്പോൾ ഹരിയാനയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതിനാൽ തന്നെ മോദിയെ മുൻനിർത്തി ബിജെപി തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ് ഒരു തന്ത്രം. എന്നാൽ, ഇതിനു ഒരു മറുവശം കൂടിയുണ്ട്. ആം ആദ്മിയുടെ മുഖമായി കേജ് രിവാൾ നിൽക്കുമ്പോൾ മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാത്തത് ദോഷം ചെയ്യുമെന്നാണ് ഒരു  വിലയിരുത്തൽ. അതിനേക്കാൾ ഉപരി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിലേക്ക് പോയി പരാജയപ്പെട്ടാൽ അത് മോദിയുടെ അക്കൗണ്ടിൽ വരും. അതിനാൽ തന്നെ  മോദിയെ മുൻനിർത്തി തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർഥി വന്നാലും അത്ഭുതപ്പെടാനില്ല.

ഉണ്ടെങ്കിൽ  സാധ്യത ഇവർക്ക്

മനോജ്‌ തിവാരി

2016 മുതൽ ബിജെപി സംസ്ഥാന അധ്യക്ഷൻ. ഭോജ്‌പുരി നടൻ കൂടിയാണ് തിവാരി. 2017 ൽ നടന്ന എംസിഡി തെരഞ്ഞെടുപ്പിൽ തിവാരിക്ക് കീഴിൽ പാർട്ടി മികച്ച വിജയം നേടി. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി ഷീലാ ദിക്ഷിതിനെ മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി സീറ്റ്‌ നിലനിർത്തി. 50  ലക്ഷത്തിലധികം പൂർവാഞ്ചൽ വോട്ടർമാരുണ്ട് ഡൽഹിയിൽ. ഭോജ്‌പുരി നടനെന്ന നിലയിൽ മനോജ്‌ തിവാരിയുടെ പൂർവാഞ്ചൽ ബന്ധം അനുകൂല ഘടകം .

ഹർദീപ് സിംഗ് പുരി

രണ്ടാം മോദി മന്ത്രിസഭയിൽ കേന്ദ്ര വ്യോമയാന മന്ത്രിയാണ് ഹർദീപ് സിംഗ് പുരി. 2015ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് പിന്നിൽ ശക്തമായി അടിയുറച്ച് നിന്നത് രണ്ട് മതന്യൂനപക്ഷങ്ങൾ ആയിരുന്നു. മുസ്ലിങ്ങളും സിഖുകാരും. ഹർദീപ് പുരിയിലൂടെ  ബിജെപി ആലോചിക്കുന്നത് സിഖ് വോട്ട് ബാങ്ക്.

ഡോ: ഹർഷവർധൻ

കേന്ദ്ര ആരോഗ്യമന്ത്രി. മുപ്പതു വർഷത്തോളം എംഎൽഎയായിരുന്നു. ഡൽഹിക്കാരുടെ ഡോക്ടർ സാബ് എന്ന നിലയിൽ നല്ല പ്രതിച്ഛായ. പക്ഷേ ഹർഷവർധനെ മുൻ നിർത്തി വീണ്ടും ബിജെപി ഒരു പരീക്ഷണത്തിന് മുതിരുമോ എന്ന് കണ്ടറിയണം.

ഇവർക്ക് പുറമെ വിജയ് ഗോയൽ, പർവേഷ് വർമ്മ, ഗൗതം ഗംഭീർ തുടങ്ങിവർക്കും മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ നോട്ടമുണ്ട്.
First published: January 10, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading