പശ്ചിമ ബംഗാളിൽ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു; 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് പാർട്ടി
പശ്ചിമ ബംഗാളിൽ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു; 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് പാർട്ടി
മാസ്ക് ധരിച്ചെത്തിയ ആളുകള്‍ നിരവധി തവണ വെടിയുതിർന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നെഞ്ചിലും നെറ്റിയിലും വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. തിതാഗർ കൗൺസിലറും ബിജെപി എംപി അർജുൻ സിംഗിന്റെ അടുത്ത അനുയായിയും ആയ മനീഷ് ശുക്ലയാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ തിതാഗറില് കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഹബ്രയിൽ വച്ച് നടന്ന ഒരു പാർട്ടി മീറ്റിന് ശേഷം വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ശുക്ലയ്ക്ക് നേരെ ആക്രമണമുണ്ടായത്. ബി.റ്റി റോഡിലെ ഒരു ടീ ഷോപ്പിൽ ആളുകളുമായി സംസാരിച്ച് നിൽക്കെ ബൈക്കിലെത്തിയ അജ്ഞാത സംഘം ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
മാസ്ക് ധരിച്ചെത്തിയ ആളുകള്‍ നിരവധി തവണ വെടിയുതിർന്നു എന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നെഞ്ചിലും നെറ്റിയിലും വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബരാക്ക്പോര്‍ മേഖലയിൽ ബിജെപി പന്ത്രണ്ട് മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാർട്ടി ജനറൽ സെക്രട്ടറി സഞ്ജയ് സിംഗ്, എംപിമാരായ അർജുൻ സിംഗ്, സൗമിത്ര ഖാൻ, ജഗന്നാഥ് സർക്കാർ, ശങ്കു ദേബ് പാണ്ട എന്നിവരടങ്ങിയ കേന്ദ്രസംഘം മനീഷ് ശുക്ലയുടെ വസതി സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ തൃണമൂല്‍ കോൺഗ്രസ് ആണെന്നാണ് അർജുൻ സിംഗ് ആരോപിക്കുന്നത്. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകുന്ന സാഹചര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ജഗദീപ് സർക്കാർ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന പൊലീസിനും സമൻസും അയച്ചിട്ടുണ്ട്.
കൊലപാതകങ്ങൾ ഒക്കെ സര്‍വ്വ സാധാരണമായ നിലയിലേക്ക് പശ്ചിമ ബംഗാൾ മാറിയെന്നാണ് സംഭവത്തിന് പിന്നാലെ ബിജെപി ആരോപിച്ചത്. 'കൊലപാതകങ്ങൾ സാധാരണ സംഭവമാകുന്ന സാഹചര്യത്തിലേക്ക് പശ്ചിമ ബംഗാൾ മാറിയിരിക്കുകയാണ്. തിതാഗറിൽ നിന്നുള്ള കൗൺസിലർ മനീഷ് ശുക്ല തൃണമൂൽ ഗുണ്ടകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.. ഈ കൊലപാതക പരമ്പരകൾ നിങ്ങളുടെ അനിവാര്യമായ പതനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്' എന്നാണ് ബിജെപി ട്വീറ്റിലൂടെ പ്രതികരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.