പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വലിയ വിമർശങ്ങളാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ ഇതിനെതിരെ മറുചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. മണിപ്പൂരിലെയും തമിഴ്നാട്ടിലെയും നിയമസഭാ മന്ദിരങ്ങൾ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. അന്ന് സോണിയയുടെ യോഗ്യത എന്തായിരുന്നു എന്നാണ് ബിജെപിയുടെ ചോദ്യം. പ്രധാനമന്ത്രി മോദിയെക്കാൾ പ്രസിഡന്റ് ദ്രൗപതി മുർമു ആണ് പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ യോഗ്യയെന്ന് ചൂണ്ടിക്കാട്ടി, കോൺഗ്രസ് ഉൾപ്പെടെ ഇരുപതോളം പാർട്ടികൾ മെയ് 28 ന് നടക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതിയെ ബിജെപി പൂർണമായും അവഗണിക്കുകയാണ് എന്നും ഇവർ ആരോപിച്ചു.
”കോൺഗ്രസിന്റെ കാപട്യത്തിന് അതിരുകളില്ല”, എന്നാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാർലമെന്റ് ഹൗസ് അനക്‌സ് ഉദ്ഘാടനം ചെയ്യുകയും പിൻഗാമി രാജീവ് ഗാന്ധി 1987ൽ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്‌തത് ഓർമിപ്പിച്ചു കൊണ്ട് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല പ്രതികരിച്ചത്. ”2011ൽ മണിപ്പൂരിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയാ ഗാന്ധിയും ചേർന്ന് നിയമസഭാ മന്ദിരവും സമുച്ചയവും ഉദ്ഘാടനം ചെയ്തതിൽ കോൺഗ്രസിന് പ്രശ്‌നമൊന്നുമില്ലേ?” എന്നും അദ്ദേഹം ചോദിച്ചു.
മൻമോഹൻ സിങ്ങും സോണിയാ ഗാന്ധിയും ചേർന്ന് തമിഴ്‌നാട് നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത കാര്യവും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതൊക്കെ ചെയ്തപ്പോൾ സോണിയ ഗാന്ധിയുടെ യോഗ്യത എന്തായിരുന്നു എന്നും ഷെഹ്‌സാദ് പൂനവല്ല ചോദിച്ചു.
ബീഹാർ നിയമസഭയുടെ സെൻട്രൽ ഹാൾ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഉദ്ഘാടനം ചെയ്തത് എന്നും പൂനവല്ല ട്വിറ്ററിൽ കുറിച്ചു. ഈ അവസരങ്ങളിലെല്ലാം രാഷ്ട്രപതിയും ഗവർണർമാരും അപമാനിക്കപ്പെട്ടോ എന്നു ചോദിച്ച പൂനവല്ല കോൺഗ്രസിനെ ‘കാപട്യത്തിന്റെ മാതാവ്’ എന്നും വിശേഷിപ്പിച്ചു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികളാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. “ഈ സർക്കാർ ജനാധിപത്യത്തിന് ഭീഷണി ഉയർത്തുകയാണ്. സ്വേച്ഛാധിപത്യ രീതിയിലൂടെ പുതിയ പാർലമെന്റ് നിർമിച്ചതിനെ ഞങ്ങൾ അംഗീകരിക്കുന്നില്ല”, എന്ന് 19 പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരം ഒറ്റയ്ക്ക് ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിലൂടെ പ്രസിഡന്റ് ദ്രൗപതി മുർമു പൂർണമായും മാറ്റിനിർത്തപ്പെടുകയാണെന്നും ഇത് ഒരു ജനാധിപത്യ രാജ്യത്തിന് നിരക്കുന്നതല്ല എന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.
Also read-പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന് ബിജെഡി
ദ്രാവിഡ മുന്നേറ്റ കഴകം, ജനതാദൾ യുണൈറ്റഡ്, സിപിഐ (മാർക്സിസ്റ്റ്), സിപിഐ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവസേന (യുബിടി), രാഷ്ട്രീയ ജനതാദൾ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരള കോൺഗ്രസ്-എം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, വിടുതലൈ ചിരുതൈഗൽ കച്ചി, മറുമലർച്ചി ഡിഎംകെ, രാഷ്ട്രീയ ലോക്ദൾ എന്നിവയാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ട മറ്റ് പാർട്ടികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.