തലസ്ഥാനമായ കൊൽക്കത്ത ഉൾപ്പെടെയുള്ള പശ്ചിമ ബംഗാളിലെ നഗര കേന്ദ്രങ്ങളിലേക്കുള്ള ബി ജെ പിയുടെ കടന്നുകയറ്റം ഭദ്രലോക് ജനവിഭാഗത്തിന് രണ്ട് പ്രധാന സന്ദേശങ്ങൾ നൽകുന്നുണ്ട്. അതിലൊന്ന് സംസ്ഥാനത്ത് പ്രബലമായ നിയമവാഴ്ചയില്ലായ്മയും അരാജകത്വവും അവരെയും ബാധിക്കുന്നുണ്ട് എന്നതാണ്. മറ്റൊന്ന്, ഗ്രാമങ്ങളിൽ അധിവസിക്കുന്ന പിന്നോക്കജനതയെപ്പോലെ തന്നെ വിദൂരമല്ലാത്ത ഭാവിയിൽ അതിർത്തികളിലൂടെ ഉണ്ടാകുന്ന നുഴഞ്ഞുകയറ്റത്തിന്റെ ആഘാതം ഭദ്രലോക് വിഭാഗത്തിനുംഅനുഭവിക്കേണ്ടിവരുംഎന്ന മുന്നറിയിപ്പാണ്. ബംഗാളിലെ നഗര കേന്ദ്രങ്ങൾ പരമ്പരാഗതമായിമുഖ്യമന്ത്രി മമത ബാനർജിയോടൊപ്പമാണ് നിലകൊള്ളാറുള്ളത്. എന്നാൽ, തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങൾ ഭദ്രലോകിനെയും കാര്യമായി ബാധിക്കുന്നതാണ് എന്ന പ്രചാരണത്തിലൂടെഅവർക്കിടയിൽ സ്വാധീനം ഉറപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം.
എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ശനിയാഴ്ചയാണ് നടക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിലെ ബിധാനഗർ മണ്ഡലത്തിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ അമിത്ഷാ പ്രസംഗിച്ചത്, കൊൽക്കത്തയിലും അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാലം അതിവിദൂരമല്ല എന്നാണ്. ബി ജെ പിയ്ക്ക് മാത്രമേ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ എന്നും നുഴഞ്ഞുകയറ്റം നടത്തുന്നവരിൽ വോട്ട് ബാങ്ക് കാണുന്ന മറ്റ് പാർട്ടികൾക്ക് അതിന് കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
34 വർഷക്കാലം ഇടതുപക്ഷം ഭരിച്ച സംസ്ഥാനത്തെ, വലതുപക്ഷ പ്രത്യയശാസ്ത്രത്തോട് വിമുഖത കാട്ടുന്നതായി കരുതപ്പെടുന്ന നഗര വോട്ടർമാരെ ആകർഷിക്കുന്നതിനായി ബുദ്ധിജീവികളെ ഉള്‍ക്കൊള്ളിച്ചുള്ള യോഗങ്ങളും തെരുവ് റാലികളും സംഘടിപ്പിച്ചുകൊണ്ടുള്ള തന്ത്രങ്ങളാണ് ബി ജെ പി ആവിഷ്കരിക്കുന്നത്. പുരോഗമന വോട്ടർമാരായി കണക്കാക്കപ്പെടുന്ന നഗര കേന്ദ്രങ്ങളിലെ ഭദ്രലോക് വിഭാഗം ഏറെക്കാലം ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നിന്നിരുന്ന ജനവിഭാഗമാണ്. അവരിൽ വലിയൊരു വിഭാഗം 2011-ൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകിയെങ്കിലും ബി ജെ പിയുടെ വലതുപക്ഷ രാഷ്ട്രീയത്തോട് വിമർശനാത്മകമായ സമീപനമാണ് പുലർത്തിയിരുന്നത്. ഈ വിഭാഗത്തെതങ്ങളിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.
ന്യൂ ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ, ബൗദ്ധിക തലത്തിലുള്ള ഉദ്യമങ്ങളും ചർച്ചകളുമൊക്കെ ബംഗാളിൽ അവസാനിച്ചിരിക്കുന്നുവെന്ന് ബി ജെ പി നേതാവ് ജെ പി നദ്ദപറഞ്ഞു. ചിന്തിക്കാനുള്ള ശേഷി ഇല്ലാതാകുന്നതോടെ സമൂഹത്തിന്റെ വികസനം മുരടിക്കുമെന്നും ബംഗാളിൽ നിയമവാഴ്ചകൊണ്ടുവരുന്നതിലൂടെ നിങ്ങളെയെല്ലാവരെയും സഹായിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗര വോട്ടർമാരെ ആകർഷിക്കാനായി എല്ലാ അടവുകളും പയറ്റിനോക്കുകയാണ് ബി ജെ പി. സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ 20% വരുന്ന നഗരങ്ങളിലെ വോട്ടർമാർ ബി ജെ പിയ്‌ക്കൊപ്പമാണോ ഇക്കുറി നിലകൊണ്ടത്എന്നറിയാൻ മെയ് 2 വരെ കാത്തിരിക്കുക തന്നെ വേണം.
Keywords: Bengal Election, West Bengal, Bhadralok, Assembly Elections 2021, BJP, Amit Shah, TMC, J P Nadda, Mamata Banerjee, ബംഗാൾ തെരഞ്ഞെടുപ്പ്, പശ്ചിമ ബംഗാൾ, ഭദ്രലോക്, നിയമസഭാ തെരഞ്ഞെടുപ്പ് 2021, ബി ജെ പി, അമിത് ഷാ, തൃണമൂൽ കോൺഗ്രസ്, മമത ബാനർജി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.