• HOME
  • »
  • NEWS
  • »
  • india
  • »
  • ലക്‌ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രവർത്തനം തുടങ്ങാൻ ബിജെപി സംസ്ഥാനഘടകങ്ങൾക്ക് നിർദേശം

ലക്‌ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രവർത്തനം തുടങ്ങാൻ ബിജെപി സംസ്ഥാനഘടകങ്ങൾക്ക് നിർദേശം

ഏകദേശം 5000 വോട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട നിയോജക മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണം നടത്താനാണ് പാര്‍ട്ടി തീരുമാനം

  • Share this:

    2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള (Loksabha Elections) തയ്യാറെടുപ്പ് സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന ബിജെപിയുടെ ദ്വിദിന ദേശീയ ഭാരവാഹി യോഗം സമാപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന ഘടകങ്ങളോട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടു.

    തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഹിമാചലിലും ഗുജറാത്തിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമായ സാഹചര്യത്തിലായിരുന്നു പാര്‍ട്ടിയുടെ ദേശീയ സമ്മേളനം. വരാന്‍ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും 2024ലെ ദേശീയ തെരഞ്ഞെടുപ്പിലും അനുവര്‍ത്തിക്കേണ്ട പ്രചരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായാണ് വിവരം.

    പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് അവരുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനും ബൂത്ത് ലെവല്‍ കേഡറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്ര നേതൃത്വം നല്‍കിയ ചുമതലകള്‍ നിര്‍വ്വഹിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കി.

    ബിജെപിയ്ക്ക് നേടാനാകാതെ പോയ 144 സീറ്റുകളെപ്പറ്റി നടത്തിയ അവലോകനമായിരുന്നു സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ പാര്‍ട്ടിയാണ് ബിജെപി. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അധികാര വിരുദ്ധ പ്രചരണത്തെ ഇല്ലാതാക്കാനായി വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ പ്രചരണം ആവശ്യമാണെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

    Also read: ബിജെപിയെ തകര്‍ത്ത് AAP ഡൽഹി കോർപ്പറേഷൻ പിടിക്കാനുള്ള അഞ്ച് കാരണങ്ങൾ

    ഏകദേശം 5000 വോട്ടുകളുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട നിയോജക മണ്ഡലങ്ങളില്‍ ശക്തമായ പ്രചരണം നടത്താനാണ് പാര്‍ട്ടി തീരുമാനം. ഇതിനായി ബൂത്ത് ലെവലില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

    ‘സംഘടനാപരമായ ചുമതലകളെപ്പറ്റി ചര്‍ച്ച ചെയ്യുകായിരുന്നു സമ്മേളനത്തില്‍ ഉടനീളം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകള്‍ക്ക് ദോഷം സംഭവിക്കാത്ത രീതിയില്‍ എവിടെ, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന കാര്യത്തിലുള്ള ചര്‍ച്ചകളാണ് നടന്നത്,’ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

    മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് സംഘടനാപരമായ ചുമതലകള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സമ്മേളനത്തില്‍ തീരുമാനിച്ചു.

    പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ദ്വിദിന സമ്മേളനത്തില്‍ ബിജെപിയുടെ സംസ്ഥാന യൂണിറ്റ് മേധാവികളും ജനറല്‍ സെക്രട്ടറിമാരും മറ്റ് ഭാരവാഹികളും പങ്കെടുത്തിരുന്നു.

    വിവിധ സംസ്ഥാനഘടകങ്ങളുടെ ദൗര്‍ബല്യങ്ങളെ സംബന്ധിച്ച വിശദമായ അവതരണവും സമ്മേളനത്തില്‍ ഉണ്ടായിരുന്നു. തങ്ങളുടെ കുറവുകള്‍ എന്താണെന്ന് അറിഞ്ഞ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവയെ പരിഹരിക്കണമെന്നും പാര്‍ട്ടി നേതൃത്വം നേതാക്കളോട് ആവശ്യപ്പെട്ടു.

    മികച്ച പ്രവര്‍ത്തനം നടത്തിയതിന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 2019ലെ തെരഞ്ഞെടുപ്പില്‍ മുന്‍കാലത്ത് പാര്‍ട്ടിയ്ക്ക് തോല്‍വിയേല്‍ക്കേണ്ടി വന്ന മണ്ഡലങ്ങളും ബൂത്തുകളും പാര്‍ട്ടിയ്ക്ക് അനുകൂലമാക്കി നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് ഉത്തര്‍പ്രദേശ് ഘടകത്തെ അഭിനന്ദിച്ചത്.

    ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ ബിജെപി 125 മുതല്‍ 140 സീറ്റുകള്‍ വരെ നേടുമെന്നാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. അതേസമയം ഹിമാചല്‍ പ്രദേശില്‍ 32 മുതല്‍ 40 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു.

    Published by:user_57
    First published: