ലക്നൗ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച ഒമ്പതു മണിക്ക് ഒമ്പതു മിനിറ്റ് രാജ്യം ദീപം തെളിയിച്ചിരുന്നു. എന്നാൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർത്ത് വിവാദത്തിലായിരിക്കുകയാണ് ബിജെപി നേതാവ്.
ഉത്തർപ്രദേശിലെ പ്രാദേശിക വനിതാ നേതാവാണ് വെടിയുതിർത്തത്. ബാൽറാംപൂരിലെ ബിജെപി നേതാവ് മഞ്ജു തിവാരിയാണ് വെടിയുതിർത്തത്. ഇത് മൊബൈലിൽ പകർത്തി സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനുപിന്നാലെ നേതാവിനെതിരെ കടുത്ത വിമർശനവും ഉയർന്നിരിക്കുകയാണ്. ഇവർക്കെതിരെ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടിരിക്കുകയാണ്.
ആഘോഷത്തിന്റെ ഭാഗമായി വെടിയുതിർക്കുന്നത് ഉത്തർപ്രദേശിൽ നിരോധിച്ചിട്ടുണ്ട്. ഇതു മറികടന്നാണ് ബിജെപി നേതാവ് വെടിവെച്ചത്. തോക്ക് ആകാശത്തേക്ക് ഉയർത്തി മഞ്ജു വെടിവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്ത് ഇവരുടെ ഭർത്താവും ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വിളക്ക് കത്തിച്ച ശേഷമായിരുന്നു ബിജെപി നേതാവ് ആകാശത്തേക്ക് വെടിയുതിർത്തത്. ഇവരുടെ ഭർത്താവ് ഓം പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. വിളക്കുകൾ കത്തിച്ച് കൊറോണ വൈറസിനെ അകറ്റുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് വീഡിയോയുടെ അടിസ്ഥാനത്തിൽ ആയുധ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.