ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നതിനിടെ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ. ഇതിന്റെ ഭാഗമായി മധ്യപ്രദേശിൽ ബിജെപിയുടെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം പ്രതിഷേധ റാലികൾ നടന്നു. സമാധാനപരമായിരുന്നു റാലിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള വിവേചനം എന്നാരോപിച്ച് പൗരത്വ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ വിവിധ സര്‍വകലാശാല വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. ഒരു പ്രത്യേക വിഭാഗത്തെ ഉന്നം വച്ചുള്ള നിയമം ഭരണഘടനവിരുദ്ധമാണെന്നാണ് ആക്ഷേപം. രാജ്യമെമ്പാടും ഇതിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ റാലി. പ്രതിഷേധത്തിന് പുറമെ നിയമം നടപ്പിൽ വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടനെയും കണ്ടു.
കോൺഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശിൽ പുതിയ നിയമം നടപ്പിലാക്കില്ല എന്ന തരത്തിലുള്ള ചില സൂചനകൾ മുഖ്യമന്ത്രി കമൽനാഥ് നൽകിയിരുന്നു. വിഭജന സ്വഭാവമുള്ള ഈ നിയമം ഭരണഘടനയുടെ അന്തസത്തയ്ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്.
എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ബിജെപി സംസ്ഥാന നേതൃത്വം, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കുന്ന പ്രസ്താവനായാണ് കമൽനാഥ് നടത്തിയതെന്നാണ് ആരോപിച്ചത്. നിയമം സംസ്ഥാനത്ത് പൂർണ്ണമായും നടപ്പിലാക്കാൻ വേണ്ടിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചതെന്നും ബിജെപി മധ്യപ്രദേശ് മീഡിയ സെൽ ഇൻ ചാർജ് ലോകേന്ദ്ര പ്രശാർ വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.