കൊച്ചി: ഈദിന് ബിജെപി പ്രവർത്തകർ മുസ്ലിം വീടുകൾ സന്ദർശിച്ച് ആശംസ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. കൊച്ചിയിൽ വച്ചു നടന്ന ബിജെപി ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അതേസമയം, സ്നേഹയാത്ര വിജയിപ്പിച്ച ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും ജാവദേക്കർ പറഞ്ഞു.
‘ജാതി-മത-പ്രാദേശിക ചിന്തകൾക്ക് അതീതമായി ഇന്ത്യക്കാർ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവർത്തകർ പ്രയത്നിക്കുന്നത്. വിഷു ബിജെപി പ്രവർത്തകർ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും’ എന്നും ആദേഹം പറഞ്ഞു.
5.18 കോടി സൗജന്യ വാക്സിൻ മോദി സർക്കാർ കേരളത്തിൽ വിതരണം ചെയ്തു. 1.5 കോടി ആളുകൾക്ക് സൗജ്യ റേഷൻ വിതരണം ചെയ്തു. 52 ലക്ഷം യുവാക്കൾക്ക് മുദ്രാ ലോൺ വിതരണം ചെയ്തു. 31 ലക്ഷം പേർക്ക് 26,000 രൂപ കിസാൻ സമ്മാൻ നിധിയിൽ വിതരണം ചെയ്തു. 10 ലക്ഷം പേർക്ക് സൗജന്യ കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷൻ എത്തിച്ചു. അങ്ങനെ നിരവധി പദ്ധതികളാണ് കേരളത്തിൽ മോദി സർക്കാർ നടപ്പിലാക്കിയത്. മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾ നല്ലത് പറയുന്നത് മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുന്നില്ല. അടിയന്തരാവസ്ഥ കാലത്ത് മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജയിലിൽ കിടന്നവരാണ് ഇന്ന് ബിജെപിയെ നയിക്കുന്നത്. മാദ്ധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, PM narendra modi, Prakash Javadekar