ന്യൂഡൽഹി: ഏഴാംതവണ എംപിയായെത്തിയ ബിജെപിയുടെ വീരേന്ദ്ര കുമാർ പതിനേഴാം ലോക്സഭയുടെ പ്രോടേം സ്പീക്കറാകും. 17ാം ലോക്സഭയുടെ ആദ്യ സിറ്റിങ്ങിന് വീരേന്ദ്രകുമാര്‍ അധ്യക്ഷത വഹിക്കും. ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും വീരേന്ദ്രകുമാറായിരിക്കും. കഴിഞ്ഞ മോദി സർക്കാരിൽ സഹമന്ത്രിയായിരുന്നു വീരേന്ദ്രകുമാർ. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ 17ന് ആരംഭിക്കും. പുതിയ സ്പീക്കറെ ജൂൺ 19ന് തെരഞ്ഞെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
മധ്യപ്രദേശിലെ ടികാംഗഡിൽ നിന്നാണ് വീരേന്ദ്ര കുമാർ ഏഴുതവണ ലോക്സഭയിലെത്തിയത്. കഴിഞ്ഞ മോദി മന്ത്രിസഭയിൽ ശിശുവികസന വകുപ്പിന്റെയും ന്യൂനപക്ഷകാര്യ വകുപ്പിന്റെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 1996ലാണ് വീരേന്ദ്രകുമാർ ആദ്യം ലോക്സഭയിലെത്തുന്നത്. തൊഴിൽ ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നു. പിന്നീട് 12,13,14,15,16,17 ലോക്സഭകളിൽ തുടർച്ചയായി അംഗമായി. വിവിധ പാർലമെന്റ് സമിതികളുടെ അധ്യക്ഷപദവിയും വഹിച്ചിരുന്നു.
പിഎച്ച്ഡി ബിരുദധാരിയായ വീരേന്ദ്രകുമാർ എബിവിപിയിലൂടെ 1977ലാണ് രാഷ്ട്രീയ രംഗത്തിറങ്ങുന്നത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലായിരുന്നു തട്ടകം. ആർഎസ്എസുമായി കുട്ടിക്കാലം മുതൽ ബന്ധപ്പെട്ട് പ്രവർത്തിച്ച വീരേന്ദ്രകുമാര്‍ അടിയന്തരവാസ്ഥക്കാലത്ത് ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.