• HOME
 • »
 • NEWS
 • »
 • india
 • »
 • Conductor-less Bus Service | കണ്ടക്ടർമാരില്ലാതെ സർവീസ് നടത്താൻ BMTC; ഇനി എല്ലാം ഡിജിറ്റലാകും

Conductor-less Bus Service | കണ്ടക്ടർമാരില്ലാതെ സർവീസ് നടത്താൻ BMTC; ഇനി എല്ലാം ഡിജിറ്റലാകും

bmtc

bmtc

 • Share this:
  കണ്ടക്ടർമാരില്ലാതെ (Conductors) ഓടുന്ന ബസോ? കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ ഇക്കാര്യം യാഥാർഥ്യമാക്കാൻ പോകുകയാണ് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (Bangalore Metropolitan Transport Corporation). അടുത്ത വർഷം മുതൽ ഇത് പ്രാവർത്തികമാക്കും എന്നാണ് റിപ്പോർട്ടുകൾ.

  കണ്ടക്ടർമാരില്ലാതെ ഓടുക എന്നാൽ എല്ലാം ഡിജിറ്റൽ ആക്കുന്നു എന്നർഥം. ഡിജിറ്റൽ പാസുകളിലൂടെയും ടിക്കറ്റുകളിലൂടെയും ആയിരിക്കും ഇത് യാഥാർഥ്യമാക്കുക. ഓട്ടോമാറ്റിക് ഫെയർ കളക്ഷനുമായി (AFC) ബന്ധപ്പെട്ട കരാർ ഉടൻ പൂർത്തിയാക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നതായി ബിഎംടിസി മാനേജിങ്ങ് ഡയറക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇത്തരം ഡിജിറ്റൽ ​ഗതാ​ഗത സംവിധാനങ്ങളെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

  ബിഎംടിസിയുടെ 6,600 ബസുകളിൽ നിന്ന് കണ്ടക്ടർമാരെ ഒഴിവാക്കുന്നതിലൂടെ പ്രതിമാസം ഏകദേശം 25 കോടി മുതൽ 30 കോടി രൂപ വരെ കോർപ്പറേഷന് ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അപ്പോഴും ആയിരക്കണക്കിന് ആളുകൾ തൊഴിൽരഹിതരാകുകയല്ലേ എന്ന ചോദ്യത്തിന് എംഡിയുടെ മറുപടി ഇങ്ങനെ: ''ബെംഗളൂരുവിൽ നിലവിൽ കുറഞ്ഞത് 12,000 ബസുകളെങ്കിലും ഉണ്ടായിരിക്കും. എന്നാൽ 5,500 ബസുകൾ മാത്രമാണ് ഇപ്പോൾ ഓടുന്നത്. അധിക ബസുകൾ നിരത്തിലിറക്കുമ്പോൾ അവ ഓടിക്കാൻ ബിഎംടിസിക്ക് ഉടൻ തന്നെ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും''. ബസുകൾക്കുള്ളിൽ കണ്ടക്ടർമാരെ വിന്യസിക്കില്ലെങ്കിലും, ടിക്കറ്റ് പരിശോധിക്കുന്നതിന് ബസ് സ്റ്റോപ്പുകളിലും ബസ് ടെർമിനലുകളിലും കണ്ടക്ടർമാരെ ഇനിയും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കണ്ടക്ടർ രഹിത ബസുകൾ എന്ന ചിന്ത സാധ്യമാണെന്നും ആദ്യം ബിഎംടിസിയുടെ 800 വോൾവോ ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സാങ്കേതികവിദ്യ പരീക്ഷിക്കുമെന്നും എംഡി പറഞ്ഞു. പിന്നീട് ഘട്ടംഘട്ടമായി എല്ലാ ബസുകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കും.

  Also Read- തിരുതയുടെ പ്രശസ്തിക്കു പിന്നിൽ;വേഗത്തിൽ വളര്‍ച്ച; മറ്റുളളവയുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ്; രുചിയും ഉയര്‍ന്ന വിലയും

  ദിനംപ്രതിയുള്ള ഇന്ധനവില വർധനവിനിടയിലും കോർപ്പറേഷൻ അതിന്റെ വരുമാനത്തിന്റെ 60 ശതമാനവും ജീവനക്കാരുടെ ശമ്പളവും ഇൻസെന്റീവുകളും ഉൾപ്പെടെയുള്ള പ്രവർത്തങ്ങൾക്കായി ചെലവഴിക്കുകയാണെന്നും എംഡി പറഞ്ഞു . ''സ്‌മാർട്ട് കാർഡ് അധിഷ്‌ഠിത ടിക്കറ്റിംഗ് (smart card-based ticketing) ഏർപ്പെടുത്തിയാൽ കണ്ടക്ടർ ഇല്ലാത്ത ബസുകൾ അവതരിപ്പിക്കുക എന്ന ആശയം എളുപ്പമാകും. സ്മാർട്ട് കാർഡ്, മൊബൈൽ ടിക്കറ്റ്, ദേശീയ കോമൺ മൊബിലിറ്റി കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഡ്രൈവറുടെ പക്കൽ പണം നൽകാം. പണരഹിത സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് കിഴിവ് ലഭിക്കും. അതിനാൽ കൂടുതൽ യാത്രക്കാരും ഈ ഓപ്ഷൻ തരഞ്ഞെടുക്കാനാണ് സാധ്യത'', എംഡി കൂട്ടിച്ചേർത്തു.

  1990-കളുടെ അവസാനത്തിൽ കണ്ടക്ടർമാരില്ലാത്ത പുഷ്പക് ബസുകൾ (Pushpak buses) ബിഎംടിസി അവതരിപ്പിച്ചിരുന്നു. എന്നാൽ ടിക്കറ്റ് നൽകുന്നതും തിരക്കുള്ള റോഡിലൂടെ ഓടിക്കുന്നതുമൊക്കെ ഒരുമിച്ച് കൊണ്ടുപോകാൻ ഡ്രൈവർമാർ ബുദ്ധിമുട്ടി. ചില അപകടങ്ങൾക്ക് കാരണമായതിനാൽ ഉടൻ തന്നെ ഈ രീതി നിർത്തലാക്കുകയായിരുന്നു. എന്നാൽ അത്തരം സംഭവങ്ങൾ ഇത്തവണ ഉണ്ടാകില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഉദ്യോ​ഗസ്ഥർ.
  Published by:Anuraj GR
  First published: