• HOME
  • »
  • NEWS
  • »
  • india
  • »
  • Ukraine | യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്ന് കുടുംബം

Ukraine | യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്ന് കുടുംബം

യുക്രൈനില്‍ വെച്ച് മരണമടഞ്ഞ കര്‍ണാടക സ്വദേശി നവീന്‍ എസ് ജിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് അറിയിച്ചു.

  • Share this:
    റഷ്യൻ അധിനിവേശത്തിനിടെ (Russian Invasion) യുക്രൈനില്‍ (Ukraine) വെച്ച് മരണമടഞ്ഞ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ (Indian Student) മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്ന് കുടുംബം. മാര്‍ച്ച് ഒന്നിന് മരണമടഞ്ഞ കര്‍ണാടക സ്വദേശി നവീന്‍ എസ് ജിയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവ് അറിയിച്ചു. ''എന്റെ മകന്‍ മെഡിക്കല്‍ രംഗത്ത് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അവന് അതിന് സാധിച്ചില്ല. ഇനി അവന്റെ മൃതദേഹം മറ്റ് വിദ്യാര്‍ത്ഥികൾക്ക് സഹായകമാകട്ടെ,'' നവീന്റെ പിതാവ് ശേഖരപ്പ ഗൗഡര്‍ പറഞ്ഞു.

    ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ദാവന്‍ഗരെയിലെ എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് ദാനം ചെയ്യുമെന്ന് ഗൗഡര്‍ അറിയിച്ചു. കര്‍കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയായിരുന്ന നവീന്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. റഷ്യ-യുക്രൈന്‍ യുദ്ധത്തിലെ ഇന്ത്യക്കാരനായ ആദ്യത്തെ ഇരയായിരുന്നു അദ്ദേഹം.

    വാഴ്‌സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദ്ദേഹം ദുബായ് വഴി എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ബെംഗളൂരുവിലെത്തിച്ചത്. ശനിയാഴ്ച വിമാനമാര്‍ഗം ദുബായില്‍ എത്തിച്ച നവീന്റെ മൃതദേഹം ഇന്ന് രാവിലെ ബെംഗളൂരുവിലെത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നവീന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. അവിടുന്ന് ഹവേരി ജില്ലയിലെ നവീന്റെ ജന്മഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോയി.

    നവീന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കുകയും ബസവരാജ് ബൊമ്മെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ, നവീന്റെ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി നന്ദി പറഞ്ഞു. ''ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതിന് കേന്ദ്ര സര്‍ക്കാരിനോട് ഞാന്‍ നന്ദി പറയുന്നു. ഷെല്ലാക്രമണത്തില്‍പ്പെട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം വളരെ ദൗർഭാഗ്യകരമാണ്,'' ബൊമ്മെ പറഞ്ഞു.

    നേരത്തെ കര്‍ണ്ണാടക സര്‍ക്കാര്‍ നവീന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ സഹായവും ഒരു കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നവീന്റെ മൃതദേഹം മതാചാരപ്രകാരം പൂജ നടത്തി പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും ദാവന്‍ഗരെ എസ് എസ് ആശുപത്രിയിൽ ഗവേഷണത്തിനായി ദാനം ചെയ്യുക. അവസാനമായി തന്റെ മകന്റെ മുഖം കാണാന്‍ സാധിക്കും എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും മകന്റെ മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ സഹായിച്ച കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നന്ദി പറയുന്നുവെന്നും നവീന്റെ പിതാവ് പറഞ്ഞു.

    ഹവേരിയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള നവീനെ കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാര്‍ക്ക് നേടിയ നവീന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് താരതമ്യേന പഠനചെലവ് കുറഞ്ഞ ഉക്രെയ്‌നിലേക്ക് പഠനത്തിന് പോയത്.
    Published by:Sarath Mohanan
    First published: