ബോളിവുഡ് താരം സൽമാൻ ഖാനെതിരായ കേസിൽ ക്രിമിനൽ നടപടികൾ റദ്ദ് ചെയ്ത് ബോംബെ ഹൈക്കോടതി. 2019 ൽ മാധ്യമപ്രവർത്തകൻ നൽകിയ ഭീഷണി പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. കുറ്റാരോപിതൻ സെലിബ്രിറ്റി ആയതുകൊണ്ടു മാത്രം അനാവശ്യമായി ഉപദ്രവിക്കാൻ ജുഡീഷ്യൽ സംവിധാനത്തെ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ അഞ്ചിലെ വിധിയുടെ പകർപ്പ് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
സൽമാൻ ഖാനും അംഗരക്ഷകനായ നവാസ് ഷെയ്ഖും നൽകിയ ഹർജി അംഗീകരിച്ച കോടതി കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതി പുറപ്പെടുവിച്ച സമൻസും മറ്റ് നടപടികളും റദ്ദാക്കി. മാധ്യമപ്രവർത്തകന്റെ പരാതിയിൽ സൽമാൻ ഖാനോടും അംഗരക്ഷകനോടും ഏപ്രിൽ അഞ്ചിനു മുമ്പ് നേരിട്ടു ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് താരം ഹൈക്കോടതിയെ സമീപിച്ചത്.
Also Read- സൽമാൻ ഖാൻ മുതൽ കങ്കണ റണൗട്ട് വരെ; ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യുന്ന ബോളിവുഡ് താരങ്ങൾ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പരാതിക്കാരന്റെ വാദം ശരിയാണെന്ന് തെളിയിക്കാൻ മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി ജഡ‍്ജി ചൂണ്ടിക്കാട്ടി. സമൻസ് പുറപ്പെടുവിക്കുമ്പോൾ ക്രിമിനൽ പ്രൊസീജിയർ കോഡ് (സിആർപിസി) പ്രകാരം നിഷ്‌കർഷിച്ച നടപടിക്രമങ്ങൾ കീഴ്‌ക്കോടതി മറികടന്നുവെന്നും “ഗുരുതരമായ ലംഘനമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകനായ അശോക് പാണ്ഡേയാണ് സൽമാൻ ഖാനെതിരെ പരാതി നൽകിയത്. സൽമാൻ ഖാനും അദ്ദേഹത്തിന്റെ അംഗരക്ഷകനും തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. 2019 ൽ മുംബൈയിലൂടെ സൽമാൻ ഖാൻ ബൈക്കോടിച്ചു പോകുന്നത് ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bombay high court, Salman Khan