ബെലഗാവി: മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്ക കേസിൽ സംസ്ഥാനത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് പ്രതിദിനം 59.90 ലക്ഷം രൂപ ഫീസ് നൽകാൻ തീരുമാനിച്ച് കർണാടക സർക്കാർ. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ശ്യാം ദിവാൻ, ഉദയ് ഹോള, മാരുതി സിർലി, വി എൻ രഘുപതി എന്നിവരടങ്ങുന്നതാണ് അഭിഭാഷക സംഘം.
അതിർത്തി തർക്കത്തിലെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അഭിഭാഷക സംഘത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും പ്രൊഫഷണൽ ഫീസും നിശ്ചയിച്ച് ജനുവരി 18-ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് പ്രകാരം മുകുൾ റോത്തഗിക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയും കോൺഫറൻസിനും മറ്റ് ജോലികളും ഉൾപ്പെടെ കേസിന് വേണ്ടി തയാറെടുക്കുന്നതിന് 5.50 ലക്ഷം രൂപയും ലഭിക്കും. ശ്യാം ദിവാന് ഒരു ഹിയറിംഗിന് ആറ് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.50 ലക്ഷം രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനങ്ങൾക്ക് 10 ലക്ഷം രൂപയും പ്രതിദിനം നൽകും.
കർണാടകയിലെ അഡ്വക്കേറ്റ് ജനറലിന് സുപ്രീം കോടതിക്ക് മുമ്പാകെ ഹാജരാകുന്നതിന് പ്രതിദിനം മൂന്ന് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.25 ലക്ഷം രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനത്തിന് പ്രതിദിനം രണ്ട് ലക്ഷം രൂപയും ലഭിക്കും.
സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് അഭിഭാഷകൻ ഉദയ ഹൊല്ലയ്ക്ക് പ്രതിദിനം രണ്ട് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 75,000 രൂപയും ലഭിക്കും. പെൻഡിംങ് ഉള്ളതും മറ്റ് കേസുകളും തീർപ്പാക്കുന്നതിന് 1.50 ലക്ഷം രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനത്തിന് 1.50 ലക്ഷം രൂപയും ലഭിക്കും.
കോൺഫറൻസിനും മറ്റുമായി അഡ്വക്കറ്റ് എം.ബി സിർളിക്ക് ഒരു ലക്ഷത്തി 60,000 രൂപ ലഭിക്കും. ഔട്ട്സേറ്റേഷൻ സന്ദർശനത്തിന് 50,000 രൂപയും ഇദ്ദേഹത്തിന് ലഭിക്കും. അഭിഭാഷകൻ രഘുപതിക്ക് പ്രതിദിനം 35,000 രൂപയും കോൺഫറൻസിനും മറ്റും 15,000 രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനങ്ങൾക്ക് 30,000 രൂപയും ലഭിക്കും.
2004-ലാണ് ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും ഉൾപ്പെടെ കർണാടകയിലെ 814 പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്. എം കൃഷ്ണ അതിർത്തി തർക്കത്തിൽ അഭിഭാഷകനായ എച്ച്.ബി ദാതാറിന്റെ നേതൃത്വത്തിൽ ഉപദേശക സമിതി രൂപീകരിച്ചു.
പിന്നീട്, സുപ്രീം കോടതിയിൽ കേസ് ഫലപ്രദമായി നേരിടാൻ സംസ്ഥാന സർക്കാർ മറ്റ് നിയമവിദഗ്ധരെ ഉപദേശക സമിതിയുടെ അധ്യക്ഷന്മാരായി നിയമിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് കർണാടക സർക്കാർ കോടതിയിൽ വാദിച്ചത്.
ഇതിനിടെ കർണാടകയുമായി ലയിക്കണമെന്ന് ആവശ്യവുമായി പ്രമേയം പാസാക്കിയതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ അക്കൽകോട്ടിലെ 11 ഗ്രാമങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഗ്രാമങ്ങളുടെ നടപടിയുടെ പിന്നിലെ കാരണം വ്യക്തമാക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ഈ 11 ഗ്രാമങ്ങളിൽ 10 ഗ്രാമങ്ങൾ തങ്ങളുടെ പ്രമേയങ്ങൾ റദ്ദാക്കുകയും മഹാരാഷ്ട്രയിൽ തുടരാൻ ആഗ്രഹിക്കുന്നതായും സംസ്ഥാന സർക്കാരിനെ അറിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.