മംഗളൂരു: വിവാഹവേദി നവവധുവിന്‍റെ മരണത്തിന് കൂടി വേദിയായി. നിമിഷ നേരം കൊണ്ടാണ് സന്തോഷം മാത്രം നിറഞ്ഞ ഒരു വിവാഹവേദിയിൽ വധുവിന്‍റെ മരണവാർത്തയെത്തുന്നത്. മംഗളൂരു അഡ്യാറിലാണ് ദുഃഖകരമായ സംഭവം. ലൈല ആഫിയ എന്ന 23 കാരിയാണ് വിവാഹശേഷമുള്ള ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം.
അഡ്യാർ ബീർപുഗുഡെ ജമാഅത്ത് പ്രസിഡന്‍റാണ് ലൈലയുടെ പിതാവ് അബ്ദുൾ കരീം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതിയും അഡ്യാർ കർമാർ സ്വദേശിയായ മുബാറക് എന്ന യുവാവുമായുള്ള വിവാഹം. ലൈലയുടെ സഹോദരന്‍റെ വിവാഹവും ഇതേവേദിയിൽ തന്നെയായിരുന്നു. ആഢംബരമായി തന്നെ നടന്ന ചടങ്ങുകളിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേർ പങ്കെടുക്കുകയും ചെയ്തിരുന്നു.
അഡ്യാർ പള്ളിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹച്ചടങ്ങുകൾ നടന്നത്. ഇതിനു ശേഷം ബാക്കിയുള്ള ചടങ്ങുകൾക്കായി എല്ലാവരും ലൈലയുടെ വീട്ടിൽ ഒത്തുകൂടി. ചടങ്ങുകൾക്ക് നടുവിൽ ഉത്സാഹവതിയായി ബന്ധുക്കളെ വരവേറ്റു കൊണ്ടിരുന്ന ലൈല, പെട്ടെന്ന് നെഞ്ചുവേദനയെന്ന് പറഞ്ഞ് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
'അവര്‍ അപ്പോൾ തന്നെ മരിച്ചിരുന്നു. മൃതദേഹമാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാർ മരണം സ്ഥിരീകരിക്കുകയും ചെയ്തു' എന്നാണ് ബന്ധുക്കളിലൊരാൾ അറിയിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം വിവാഹച്ചടങ്ങുകൾ നടന്ന അതേദിനം തന്നെ ലൈലയുടെ ഖബറടക്ക ചടങ്ങുകളും നടന്നു.
കുറച്ചു നാളുകൾക്ക് മുമ്പ് ഉത്തർപ്രദേശിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിവാഹച്ചടങ്ങുകൾ പുരോഗമിക്കവെ 19കാരിയാണ് വിവാഹ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഉത്തർപ്രദേശിലെ ഭഗത്പുർവ സ്വദേശി വിനീതയാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിവാഹവേദിയിൽ കുഴഞ്ഞ് വീണ് മരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.