ലക്നൗ : യുപിയിൽ കോൺഗ്രസിനെ ഒഴിവാക്കി ബിഎസ്പി-എസ്പി സഖ്യം അന്തിമ സീറ്റ് ധാരണയിലേക്ക്. മായാവതിയും അഖിലേഷ് യാദവും തമ്മിൽ ഡൽഹിയിൽ വച്ച് നടന്ന മാരത്തോൺ ചർച്ചയ്ക്കൊടുവിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
അന്തിമ സീറ്റു ധാരണയിൽ ഒഴിവാക്കപ്പെട്ടതോടെ മഹാസഖ്യത്തിൽ ഉള്‍പ്പെടുത്തുമെന്ന കോൺഗ്രസ് പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്ന സീറ്റുകളിൽ സഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. 80 സീറ്റുകളുള്ള സംസ്ഥാനത്ത് എസ്പിയും ബിഎസ്പിയും 37 സീറ്റുകളിൽ വീതം മത്സരിക്കും.
Also Read- ഒറ്റക്കാലിൽ നടന്ന അരുണിമ കീഴടക്കിയത് ചരിത്രത്തിന്റെ കൊടുമുടികൾ
അജിത് സിങ്ങിന്റെ ആർഎൽഡിക്ക് ഭാഗ്പത്, മധുര, കൈരാന എന്നീ സീറ്റുകൾ നൽകും. ബിജെപി സഖ്യകക്ഷിയായ ഓം പ്രകാശ് രാജ്ബറിന്റെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി മഹാസഖ്യത്തിൽ വന്നാൽ നൽകാനായി രണ്ടു സീറ്റുകൾ ഒഴിച്ചിടും. അടുത്തയാഴ്ച വീണ്ടും യോഗം ചേർന്ന് തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാറിനെ പിന്തുണച്ച എസ്പിക്ക് മന്ത്രിസ്ഥാനം നല്കാത്തത്തിലുള്ള അതൃപ്തി അഖിലേഷ് നേരത്തെ തന്നെ പരസ്യപ്പെടുത്തിയിരുന്നു. പിന്നാലെയാണ് കോൺഗ്രസിനെ ഒഴിവാക്കി സീറ്റ് ധാരണയായത്.
അതേസമയം മഹാസഖ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിലുള്ള അപമാനത്തിൽ അസ്വസ്ഥരായ കോൺഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്. അതിനിടെ മഹാരാഷ്ട്രയിൽ എൻസിപിയും കോൺഗ്രസും നാല്പപത് സീറ്റുകളിൽ ധാരണയിൽ എത്തി. എട്ടു സീറ്റുകളിൽ ചർച്ച തുടരുകയാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.