ന്യൂഡൽഹി: ബജറ്റിലെ നേട്ടങ്ങൾ അക്കമിട്ട് എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും പ്രാവർത്തികമാക്കാനാകുന്നതുമാണ് ബജറ്റ്. ഇതിന് ധനമന്ത്രി അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുമാനവും നിക്ഷേപവും ഉയർത്താൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ സഹായിക്കും. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകും. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ബജറ്റ് വഴിവയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയുടെയും കർഷകരുടെയും വികസനത്തിനായി 16 ഇന പരിപാടി നടപ്പാക്കുന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആദിവാസി, ദളിത് വിഭാഗങ്ങളിലെ കുട്ടികൾക്ക് ബജറ്റിൽ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ വലിയ കുതിപ്പിന് ഇടയാക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോർപറേറ്റ് നികുതി കുറച്ചത് കമ്പനികൾക്ക് ഗുണകരമാകും. ചെറുകിട-ഇടത്തരം വ്യാപാരങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും അഭിവൃദ്ധിയുണ്ടാകും. ധാരാളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ ബജറ്റിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദേശനിക്ഷേപവും ആദായനികുതിയിലെ കുറവും വിപണിയെ സജീവമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി കുറയുന്നതിലൂടെ 25000 കോടി ലാഭിക്കാൻ കമ്പനികൾക്ക് സാധിക്കും. ഇതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.