ജനങ്ങളോട് തങ്ങളുടെ സമ്പാദ്യം ബാങ്കിൽ നിക്ഷേപിക്കരുതെന്നും പകരം പണം പ്ലാസ്റ്റിൽ കവറിലോ പെട്ടികളിലോ ആക്കി മണ്ണിൽ കുഴിച്ചിടണമെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്. രാംഗഢിലെ ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജാർഖണ്ഡിലെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലമാണ് രാംഗഢ്. സോറന്റെ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രാംഗഢിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ജെഎംഎം നേതാവായ ബജ്റംഗ് മഹ്തോയാണ് ഇത്തവണ രാംഗഡില്‍ പാര്‍ട്ടിയ്ക്കായി ജനവിധി തേടുന്നത്.
പരിപാടിയില്‍ ബിജെപിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോറന് ഉയര്‍ത്തിയത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് മോദി സര്‍ക്കാരിന്റെ കാലത്താണ് എന്നും സോറന് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തന്നെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ബാങ്കുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാമെന്നും അദ്ദേഹം പറഞ്ഞു.
ഹേമന്ത് സോറന്റെ പ്രസ്താവന
” തുടക്കത്തില്‍ തന്നെ എല്ലാ കര്‍ഷകരോടും തൊഴിലാളികളോടും ഞാന്‍ പറഞ്ഞിരുന്നതാണ് ബാങ്കുകളില്‍ നിക്ഷേപം നടത്തരുത് എന്ന്. ബാങ്കുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ പണം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി മണ്ണിൽ കുഴിച്ചിടൂ. എന്നാലും ബാങ്കില്‍ നിക്ഷേപിക്കരുത്. ഏത് ബാങ്കാണ് നിങ്ങളുടെ പണവുമായി ആദ്യം മുങ്ങുക എന്ന് പറയാന്‍ കഴിയില്ല. നമ്മുടെ പൂര്‍വ്വികരും ഇതാണ് ചെയ്തത്. അവര്‍ സൂക്ഷിച്ച് വെച്ച പണം അവര്‍ക്ക് തന്നെ ലഭിച്ചിട്ടുണ്ട്. അതുപോലെ നിങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുന്ന പണം നിങ്ങള്‍ക്ക് തന്നെ ലഭിക്കും. അതുമതിയല്ലോ,’ എന്നായിരുന്നു ഹേമന്ത് സോറന്റെ പ്രസ്താവന.
അഴിമതിക്കാരനായ മുഖ്യമന്ത്രി എന്ന് വിമര്‍ശകര്‍
അതേസമയം ഹേമന്ത് സോറനെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി രഘുപര് ദാസ് രംഗത്തെത്തി. ഹേമന്ത് സോറന് അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് അഴിമതി വര്‍ധിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. നിയമവിരുദ്ധ കല്‍ക്കരി ഖനനവും മണല്‍ഖനനവും സംസ്ഥാനത്ത് വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കാരുടെ തലവനാണ് ഹേമന്ത് സോറന് എന്നും രഘുപര് ദാസ് പറഞ്ഞു. ഭരണഘടന വിരുദ്ധമായ പരാമര്‍ശമാണ് സോറന് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദാനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കാബിനറ്റ് മന്ത്രി മിതിലേഷ് താക്കൂറും രംഗത്തെത്തിയിരുന്നു. രാജ്യത്തെ സ്ഥിതിയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് തങ്ങളുടെ നേതാവിന്റെ ഉത്തരവാദിത്തമാണെന്ന് മിതിലേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പൂര്‍ണ്ണമായി തങ്ങള്‍ പിന്താങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Also Read- 52 വയസായിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി; പരിഹസിച്ച് ബിജെപി നേതാവ്
ബിജെപി വിമര്‍ശനം
ഹേമന്ത് സോറന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബാബുലാല്‍ മാരണ്ടിയും രംഗത്തെത്തിയിരുന്നു.
” ഹേമന്ത് സോറന് നിങ്ങള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. കള്ളപ്പണത്തിന്റെ ഉറവിടം തേടി അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഒടുവില്‍ നിങ്ങളുടെ പേരിലാണ് ചെന്നെത്തിനില്ക്കുന്നത്. നിങ്ങള്‍ അഴിമതി നടത്താത്ത ഏതെങ്കിലും മേഖലയുണ്ടോ?,” ബാബുലാല്‍ ചോദിച്ചു.
പണം മോഷ്ടിക്കുന്നവരാണ് മണ്ണില്‍ കുഴിച്ചിടുന്നത് എന്ന് ബിജെപി എംപി നിഷികാന്ത് ദുബൈ സോറന്റെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ഹേമന്ത് സോറന് അഴിമതിയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്, ദുബൈ പറഞ്ഞു.
നേരത്തെ ഹേമന്ത് സോറനെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സോറന് ഭരണകൂടം നടപടികള്‍ എടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് വിഹിതം ഉറപ്പാക്കാനാണ് സോറന് നടപടികള്‍ വൈകിപ്പിക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
”സോറന് ചെവി തുറന്ന് കേള്‍ക്കണം. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ജാര്‍ഖണ്ഡില്‍. മന്ത്രിയും മുഖ്യമന്ത്രിയും ആയി കഴിഞ്ഞാല്‍ അനധികൃതമായി പണം സമ്പാദിക്കുകയാണ് ചിലര്‍’ ഷാ പറഞ്ഞു.
വിവാദ പരാമര്‍ശങ്ങള്‍
അതേസമയം ഇതാദ്യമായല്ല വിവാദ പരാമര്‍ശങ്ങളുമായി ഹേമന്ത് സോറന് രംഗത്തെത്തുന്നത്. നേരത്തെ രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സോറന് നടത്തിയ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കും എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.