• HOME
  • »
  • NEWS
  • »
  • india
  • »
  • മൈസൂരിലെ ‘മോസ്ക് മാതൃകയിലുള്ള’ ബസ് സ്റ്റോപ്പിന് ഒറ്റരാത്രികൊണ്ട് രൂപമാറ്റം; നടപടി ബിജെപി എം.പിയുടെ ഭീഷണിയെ തുടർന്ന്

മൈസൂരിലെ ‘മോസ്ക് മാതൃകയിലുള്ള’ ബസ് സ്റ്റോപ്പിന് ഒറ്റരാത്രികൊണ്ട് രൂപമാറ്റം; നടപടി ബിജെപി എം.പിയുടെ ഭീഷണിയെ തുടർന്ന്

ബസ് സ്റ്റോപ്പിലെ രണ്ട് മിനാരങ്ങൾ പൊളിച്ച് മാറ്റുകയും ചുവപ്പ് പെയിന്റ് അടിയ്ക്കുകയും ചെയ്തു. ഒറ്റരാത്രി കൊണ്ടാണ് ഈ രൂപമാറ്റം വരുത്തിയിരിക്കുന്നത്

  • Share this:

    കർണാടകയിലെ മൈസൂരുവിൽ വിവാദമായ മോസ്ക് മാതൃകയിലുള്ള ബസ് സ്റ്റോപ്പ്ഒറ്റരാത്രികൊണ്ട് നവീകരിച്ചു. സംസ്ഥാനത്തെ ഒരു ബിജെപി എം‌പി “മുസ്ലീം പള്ളിയുടെ മാതൃകയിലുള്ള” ബസ് സ്റ്റോപ്പ് മാറ്റി പണിതില്ലെങ്കിൽ ജെസിബി ഉപയോഗിച്ച് പൊളിച്ച് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിലെ മിനാരങ്ങൾ നീക്കം ചെയ്ത് നവീകരിച്ചിരിക്കുന്നത്.

    ബി.ജെ.പി എം.പി പ്രതാപ് സിംഹയാണ് ഭീഷണി മുഴക്കിയത്. മൂന്ന് മിനാരങ്ങളോട് കൂടിയ ‘മുസ്ലീം പള്ളി’ പോലെ തോന്നിച്ചിരുന്ന കെട്ടിടം നാഷണൽ ഹൈവേ-766-ന്റെ കേരള അതിർത്തിയ്ക്ക് സമീപമുള്ള കൊല്ലേഗാല സെക്ഷനിലാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ബസ് സ്റ്റോപ്പിലെ രണ്ട് മിനാരങ്ങൾ പൊളിച്ച് മാറ്റുകയും ചുവപ്പ് പെയിന്റ് അടിയ്ക്കുകയും ചെയ്തു. ഒറ്റരാത്രി കൊണ്ടാണ് ഈ രൂപമാറ്റം വരുത്തിയിരിക്കുന്നത്.

    മൈസൂരുവിലെ മിക്ക ഭാഗങ്ങളിലും ഇത്തരം നിർമിതികളുണ്ടെന്നും “മുസ്ലീം പള്ളി പോലെ തോന്നിക്കുന്ന” ബസ് സ്റ്റോപ്പ് കെട്ടിടം പൊളിച്ചു നീക്കാൻ എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപ് സിംഹ ശനിയാഴ്ച പറഞ്ഞിരുന്നു.

    കെട്ടിടം പൊളിക്കാൻ മൂന്ന്-നാല് ദിവസമാണ് എംപി എഞ്ചിനീയർമാർക്ക് സമയം അനുവദിച്ചിരുന്നത്. “ഇല്ലെങ്കിൽ, താൻ തന്നെ ഒരു ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുമെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

    Also read: മോസ്ക് മാതൃകയിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കണം; മൈസൂര്‍ നഗരസഭയ്ക്ക് ദേശീയ പാത അതോറിറ്റിയുടെ നോട്ടീസ്

    എന്നാൽ ബസ് സ്റ്റാൻഡ് “മൈസൂർ കൊട്ടാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്” നിർമ്മിച്ചതെന്ന് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയ പ്രദേശത്തെ ബിജെപി എംഎൽഎ രാം ദാസ് പറഞ്ഞു.

    “മൈസൂരിന്റെ പൈതൃകം കണക്കിലെടുത്താണ് ഇങ്ങനെ ഒരു ബസ് സ്റ്റോപ്പ് രൂപകല്പന ചെയ്തത്” എന്ന് പറഞ്ഞ് ദാസ് പിന്നീട് പ്രദേശവാസികളോട് കത്ത് മുഖേന ക്ഷമാപണം നടത്തിയിരുന്നു. “ആരുടെയെങ്കിലും വികാരങ്ങൾ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും” എംഎൽഎ രാം ദാസ് കത്തിൽ വ്യക്തമാക്കിയിരുന്നു.

    ബസ് സ്റ്റോപ്പ് പുനർനിർമിച്ചതിന് ശേഷം ബിജെപി എംപി സിംഹ ഞായറാഴ്ച വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ഡിസൈൻ മാറ്റിയതിന് ദാസിനും ജില്ലാ കളക്ടർക്കും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “നവീകരണത്തിന് സമയം ചോദിക്കുകയും വാക്ക് പാലിക്കുകയും ചെയ്ത ജില്ലാ കളക്ടർക്കും യാഥാർത്ഥ്യം മനസ്സിലാക്കി ജനഹിതത്തിന് മുന്നിൽ തലകുനിച്ച രാംദാസ് ജിക്കും നന്ദി” എന്ന് സിംഹ ട്വിറ്ററിൽ കുറിച്ചു.

    എം.എൽ.എ രാംദാസ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് വിഷയം ചർച്ച ചെയ്തിരുന്നു. ഡിസൈൻ അവലോകനം ചെയ്യാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയും പാനൽ മാറ്റങ്ങൾ നിർദ്ദേശിച്ചാൽ തനിക്ക് എതിർപ്പില്ലെന്നും രാംദാസ് പറഞ്ഞിരുന്നു.

    കൂടാതെ ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന എല്ലാ വ്യാജ വാർത്തകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബസ് സ്റ്റോപ്പ് തർക്കവുമായി ബന്ധപ്പെട്ട് ബിജെപിയെ ആക്രമിക്കാനുള്ള അവസരം മറ്റ് പാർട്ടികൾ പാഴാക്കിയില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ധ്രുവീകരണം നടത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

    Published by:user_57
    First published: