‘ദി കേരള സ്റ്റോറി’ എന്ന ചിത്രം ബംഗാളിൽ പ്രദർശിപ്പിക്കില്ല എന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി ലോക്കറ്റ് ചാറ്റാർജി. ഇത് മുസ്ലിം വോട്ടുകൾ ലക്ഷ്യമാക്കിയാണെന്നും ചാറ്റർജി ആരോപിച്ചു. ബംഗാളി ചലച്ചിത്ര പ്രവർത്തകൻ സുദീപ്തോ സെന്നിന്റെ സിനിമയാണ് മമത സ്വന്തം നാട്ടിൽ നിരോധിക്കുന്നതെന്നും എന്നിട്ട് അവർ ബംഗാളികളുടെ തന്നെ വോട്ടു തേടുന്നുവെന്നും ചാറ്റർജി പറഞ്ഞു.
“മമത ഒരു വലിയ തെറ്റാണ് ചെയ്തത്. മമതയ്ക്ക് ബംഗാളികളെ അറിയില്ല. ദി കേരള സ്‌റ്റോറി നിരോധിച്ചതിലൂടെ മമത ബാനർജി ഹിന്ദു വിരുദ്ധതയും ഇന്ത്യാ വിരുദ്ധ സ്ത്രീ വിരുദ്ധതയുമാണ് പ്രകടിപ്പിച്ചത്. ചിത്രം പൂർണമായും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ മറ്റൊന്നുമല്ല. ഈ ചിത്രം നിരോധിക്കുന്നതിലൂടെ അവർ പലതും മറച്ചുവെക്കാൻ ശ്രമിക്കുന്നു”, ലോക്കറ്റ് ചാറ്റർജി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്വേഷവും അക്രമ സംഭവങ്ങളും ഒഴിവാക്കാൻ സംസ്ഥാനത്ത് ചിത്രം നിരോധിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനർജി ചൊവ്വാഴ്ചയാണ് അറിയിച്ചത്. സംസ്‌ഥാനത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനം എന്നാണ് വാദം. തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്കും മമത നിര്‍ദേശം നല്‍കിയിട്ടുണ്ട് . നിരോധനം ലംഘിക്കുന്ന സിനിമ തിയേറ്ററുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ നിരോധനം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ രാഷ്ട്രീയ പോരിന് കാരണമായിരിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള സ്ത്രീകളെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നതും ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട് ചെയ്തതും എങ്ങനെയെന്ന് ചിത്രീകരിക്കുന്ന ചിത്രം ഇതിനോടൊപ്പം തന്നെ ഒരു വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ തന്നെ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ ബംഗാൾ സർക്കാരിന്റെ ഈ നിരോധനത്തെ ചിത്രത്തിന്റെ നിർമ്മാതാക്കൾ നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കളും ഈ വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞു.
“ഒരു സമൂഹത്തിൽ, പ്രത്യേകിച്ച് കഠിനാധ്വാനികളും കഴിവുറ്റവരും ബുദ്ധിജീവികളുമുള്ള സുന്ദരഭൂമിയായ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തെ തീവ്രവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നുകാട്ടാനാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ശ്രമിക്കുന്നത്. ചിത്രം നിരോധിക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കാനുമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്,” എന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും സിനിമക്ക് നികുതി ഒഴിവാക്കിയിരുന്നു. മെയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.