ഉപതെരഞ്ഞെടുപ്പ് നിർണായകം; യെഡിയൂരപ്പ വീണ്ടും റൺഔട്ട്‌ ആകുമോ? 

നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും കാലാവധി പൂർത്തിയാക്കാൻ യെഡിയൂരപ്പക്ക് സാധിച്ചിരുന്നില്ല...

News18 Malayalam | news18-malayalam
Updated: December 4, 2019, 3:36 PM IST
ഉപതെരഞ്ഞെടുപ്പ് നിർണായകം; യെഡിയൂരപ്പ വീണ്ടും റൺഔട്ട്‌ ആകുമോ? 
ബി എസ് യെദിയുരപ്പ
  • Share this:
യെഡിയൂരപ്പ  കർണാടകത്തിന്റെ മുഖ്യമന്ത്രിയായിട്ട് അഞ്ചു മാസം തികയുന്നതേയുള്ളു. ഇതിനു മുൻപ് മൂന്നു തവണ യെഡ്‌ഡി സംസ്ഥാനം ഭരിച്ചിട്ടുണ്ട്.  അന്നൊന്നും കാലാവധി തികയ്ക്കാൻ കഴിഞ്ഞിട്ടുമില്ല. ആദ്യമായി മുഖ്യമന്ത്രിയായ 2007ൽ എട്ടു ദിവസവും രണ്ടാമൂഴത്തിൽ മൂന്നു വർഷവും (2008-2011) ആയിരുന്നു കാലാവധി. ഭൂരിപക്ഷം ഇല്ലാതെ സർക്കാർ ഉണ്ടാക്കിയ 2018 മെയ് മാസത്തിൽ കാലാവധി വെറും 55 മണിക്കൂറായിരുന്നു. യെഡിയൂരപ്പ വീണ്ടും റൺഔട്ടാകുമോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നതും അതുകൊണ്ടാണ്. കാരണം നാളെ (ഡിസംബർ  5 )നു സംസ്ഥാനത്തു ഒഴിവുവന്ന 17 ൽ, 15 മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകും യെഡ്‌ഡി സർക്കാരിന്റെ ഭാവി.

നാമനിർദേശം ചെയ്യപ്പെട്ട ഒരു അംഗം ഉൾപ്പെടെ 225 അംഗ നിയമസഭയാണ് കർണാടകയിലേത്. 2018ലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ 104സീറ്റോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.  കേവലഭൂരിപക്ഷത്തിനു വേണ്ട 113സീറ്റ്  ലഭിച്ചതുമില്ല. ബിജെപിയെ അമ്പരപ്പിച്ചു 78സീറ്റ് നേടിയ കോൺഗ്രസ്സും 38സീറ്റ് നേടിയ ജെഡിഎസും കൈകോർത്ത് പിന്നീട് സർക്കാർ ഉണ്ടാക്കിയത് ചരിത്രം.

യെഡിയൂരപ്പയ്ക്ക് നിർണ്ണായകം

പതിനാലു മാസമായിരുന്നു ജെഡിഎസ് -കോൺഗ്രസ് കൂട്ടുകക്ഷി സർക്കാരിന്റെ ആയുസ്സ്. കോൺഗ്രസ്സിൽ നിന്നും ജെഡിഎസിൽ നിന്നുമായി പതിനേഴു എംഎൽഎമാർ രാജിവെച്ചതോടെ സർക്കാർ ന്യൂനപക്ഷമായി. 2019ജൂലൈയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപെട്ടു. 105എംഎൽഎമാർ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 99എംഎൽമാർ മാത്രമാണ് സർക്കാരിൽ വിശ്വാസം രേഖപ്പടുത്തിയത്. വിമതരുടെ നിലപാട് ബിജെപിക്ക് ഗുണമായെങ്കിലും എംഎൽഎമാർ അയോഗ്യരായി. പതിനേഴു എംഎൽഎമാരെ അയോഗ്യരായിക്കയാണ് സ്പീക്കർ രമേഷ് കുമാർ പദവി ഒഴിഞ്ഞത്.

പതിനേഴു പേർക്ക് അയോഗ്യതവന്നതോടെ   നിയമസഭയുടെ  അംഗബലം 208ആയി കുറഞ്ഞു. ഇതിൽ  സ്പീക്കർ ഉൾപ്പെടെ ബിജെപിക്കു 105അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയും ബിജെപിക്കുണ്ട്. കോൺഗ്രസിന് 66ഉം ജെഡിഎസിന് 34ഉം അംഗങ്ങൾ. ഒഴിവുവന്ന പതിനേഴ് മണ്ഡലങ്ങളിൽ  15മണ്ഡലങ്ങളിലാണ്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ സഭയുടെ അംഗബലം 222ആയി ഉയരും. ഭരണം നിലനിർത്തണമെങ്കിൽ ചുരുങ്ങിയത് ഏഴു സീറ്റിൽ എങ്കിലും ബിജെപിക്ക്  ജയിക്കണമെന്ന് ചുരുക്കം. അയോഗ്യരായ പതിനഞ്ചിൽ പതിമൂന്നു എംഎൽഎമാർക്കും ബിജെപി സീറ്റ് നൽകിയിട്ടുണ്ട്. ഇതിനെതിരെ പാർട്ടിയിൽ തന്നെ എതിർപ്പുണ്ട്. ചിലമണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളുമുണ്ട്.

ഉപതെരഞ്ഞെടുപ്പ് എവിടെയൊക്കെ?

അത്തണി, കാഗ്ഡവാഡ്, ഗോകക്ക്, യെല്ലാപുർ, ഹിരെക്കെരുർ, റാണിബെന്നൂർ, വിജയനഗര, ചിക്കബല്ലാപ്പൂർ, കെആർ പുര, യെശ്വന്ത്‌പുര, മഹാലക്ഷ്മി ലേഔട്ട്, ശിവാജിനഗർ, ഹൊസ്ക്കോട്ടെ, കൃഷ്ണരാജ്നഗർ, ഹുൻസൂർ.

സഖ്യമില്ലാതെ കോൺഗ്രസ്സും ജെഡിഎസും

2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കൈകോർത്ത കോൺഗ്രസ്സും ജെഡിഎസും സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസ്സും 15 മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ നിർത്തിയപ്പോൾ പന്ത്രണ്ടിടത്ത് ജെഡിഎസ്  മത്സരരംഗത്തുണ്ട്. കോൺഗ്രസ്സ്- ജെഡിഎസ് സഖ്യമില്ലാത്തതിന് പ്രധാനകാരണങ്ങളിൽ ഒന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാണ്.

ഇരുപാർട്ടികളും സഖ്യമായി മത്സരിച്ച തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥികളെ വീതമാണ് വിജയിപ്പിക്കാനായത്. ബാക്കി 26 മണ്ഡലങ്ങളിലും തോറ്റു. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ എങ്കിലും ത്രികോണ പോരാട്ടം നടക്കുന്നതിനാൽ  കോൺഗ്രെസ്സിനോ  ജെഡിഎസിനോ ആണ്  സാധ്യത കൂടുതലെന്നു കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. സംയുക്ത സ്ഥാനാർഥി ആയിരുന്നെങ്കിൽ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തിലെ ഫലം ആവർത്തിക്കപ്പെടുമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. സഖ്യത്തെ താഴെതട്ടിൽ അണികൾ ഏറ്റെടുക്കുന്നില്ലെന്നു തന്നെയാണ് ഇതിനു കാരണം. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾക്ക് ജെഡിഎസ് സഖ്യത്തോട് താല്പര്യവുമില്ല.

കോൺഗ്രസ്സും ജെഡിഎസും വീണ്ടും കൈകൊടുക്കുമോ?

ഇടയ്ക്കു ബിജെപി ചായ്‌വ് പ്രകടിപ്പിച്ചിരുന്നെങ്കിലും  കോൺഗ്രസ്സുമായി  വീണ്ടും കൈകോർക്കുമെന്ന സൂചനകളാണ്  മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഏറ്റവും ഒടുവിൽ നൽകുന്നത്. മഹാരാഷ്ട്രയിലെ അതേഗതി തന്നെ കർണാടകത്തിലും ബിജെപിക്ക് വരുമെന്ന് കുമാരസ്വാമി പറയുന്നു. ജെഡിഎസ് -കോൺഗ്രസ് സഖ്യത്തിനായി ശക്തമായി വാദിക്കുന്ന ഡികെ ശിവകുമാറുമായി കുമാരസ്വാമി കഴിഞ്ഞ ദിവസം ചർച്ച നടത്തിയതും അഭ്യൂഹം ശക്തമാക്കി.

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയില്ലെങ്കിൽ പിന്തുണക്കായി  ആദ്യം സമീപിക്കുക ജെഡിഎസിനെ തന്നെ ആയിരിക്കും. ബിജെപിയോട്  ജെഡിഎസ് മുഖം തിരിക്കുമോ, അതോ വീണ്ടും ജെഡിഎസ് കോൺഗ്രസ് സഖ്യ സർക്കാർ വരുമോ എന്നതാണ് കർണാടകയിൽ ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പ് ഫലം എന്തായാലും ബിജെപിയുടെ ഓപ്പറേഷൻ താമര ഒരു ഇടവേളക്ക് ശേഷം കർണാടകത്തിൽ വീണ്ടും സജീവമാകാൻ തന്നെയാണ് സാധ്യത.‌

Also Read-  ജനപക്ഷം എൻഡിഎ വിട്ടു; മോദി ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന് പി സി ജോർജ്
First published: December 4, 2019, 3:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading