• HOME
  • »
  • NEWS
  • »
  • india
  • »
  • Telangana | ബിജെപി തെലങ്കാനയിൽ കരുത്താർജ്ജിക്കുമോ? ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നത് എന്തുകൊണ്ട്?

Telangana | ബിജെപി തെലങ്കാനയിൽ കരുത്താർജ്ജിക്കുമോ? ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നത് എന്തുകൊണ്ട്?

ഈ ഉപതിരഞ്ഞെടുപ്പ് തെലങ്കാനയിൽ 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

  • Last Updated :
  • Share this:
    കോൺഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് തെലങ്കാനയിലെ (Telangana) മുനുഗോഡ് അസംബ്ലി മണ്ഡലത്തിൽ (Munugode assembly constituency) നടക്കുന്ന ഉപതിരഞ്ഞെടുപ്പ് രാജ്യമാകെ ശ്രദ്ധ നേടുകയാണ്. കോൺ​ഗ്രസ് എംഎൽഎ ആയിരുന്ന കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയാണ് (Komatireddy Raj Gopal Reddy) അടുത്തിടെ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഓഗസ്റ്റ് 21 ന് ഇദ്ദേഹം ബിജെപിയിൽ ചേരും. രാജിയെത്തുടർന്ന് പരമ്പരാഗത കോൺഗ്രസ് കോട്ടയായ നൽഗൊണ്ട (Nalgonda) ജില്ലയിലെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

    രാജ് ഗോപാൽ റെഡ്ഡിയും അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഭോംഗീർ എംപിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയും സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിൽ രണ്ടു പേരാണ്. ഇവർക്ക് ജില്ലയിൽ വലിയ സ്വാധീനവുമുണ്ട്. അതുകൊണ്ടു തന്നെ ഈ ഉപതിരഞ്ഞെടുപ്പ് തെലങ്കാനയിൽ 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

    മുനുഗോഡ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനുമേൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ പൽവായ് രാഘവേന്ദ്ര റെഡ്ഡി ന്യൂസ് 18-നോട് പറഞ്ഞു. രാജഗോപാൽ റെഡ്ഡി വിജയിച്ചാൽ, അടുത്ത വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെ (ടിആർഎസ്) പരാജയപ്പെടുത്താൻ ശേഷിയുള്ള പാർട്ടിയായി ബിജെപി ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ് ഗോപാൽ റെഡ്ഡിക്ക് അനുകൂലമായി ഫലം വരുമെന്നും അത് സംസ്ഥാനത്ത് കോൺഗ്രസിന്റെ നില കൂടുതൽ സങ്കീർണമാക്കുമെന്നും രാഘവേന്ദ്ര റെഡ്ഡി പറഞ്ഞു.

    read also: ‘നിതീഷ് ജനവിധി അട്ടിമറിച്ചു’; മഹാസഖ്യത്തെ കടന്നാക്രമിക്കാൻ ബിജെപിയുടെ ആയുധങ്ങൾ

    ടി.ആർ.എസിനേക്കാൾ കൂടുതൽ വോട്ടുവിഹിതം കോൺഗ്രസിനാണുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകൻ തെലകപ്പള്ളി രവി ന്യൂസ് 18 നോട് പറഞ്ഞു. ''കോൺഗ്രസിന് ഈ സീറ്റ് നഷ്ടപ്പെട്ടാൽ, അത് ബിജെപി സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി ഉയർന്നു വരുന്നതിന് കാരണമാകും. മഹത്തായ പാരമ്പര്യമുള്ള പാർട്ടിക്ക് സംസ്ഥാനത്ത് ക്രമേണ പിന്തുണ നഷ്ടപ്പെട്ടു വരുന്ന കാഴ്ചയാണ് കാണുന്നത്. സമീപകാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ച വെച്ചിരുന്നില്ല'', അദ്ദേഹം കൂട്ടിച്ചേർത്തു.

    see also: നിതീഷ് കുമാറിന് സ്വന്തമായി 45 എംഎല്‍എമാര്‍; വേണ്ടത് 122; ഇനി അക്കൗണ്ടിൽ 165

    മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് വഴി തെലങ്കാനയിലെ ടിആർഎസ് സർക്കാർ അധികാരത്തിൽ നിന്നും പുറത്തു പോകില്ലെന്നും എന്നാൽ സംസ്ഥാനത്ത് ബിജെപിയുടെ ശക്തി വർദ്ധിക്കുമെന്നും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഇ വെങ്കിടേഷു പറയുന്നു. മിക്ക കോൺഗ്രസ് നേതാക്കളും ടിആർഎസിലേക്ക് കൂറുമാറിയതിനാൽ, പിങ്ക് പാർട്ടിക്ക് ബദലായി ബിജെപി നിലകൊള്ളുകയാണ്. സംസ്ഥാനത്ത് പാർട്ടി തങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മുൻ ഉപതെരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ

    2018 മുതൽ തെലങ്കാനയിൽ നാല് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഹുസുർനഗർ, നാഗാർജുന സാഗർ സീറ്റുകൾ ടിആർഎസ് നേടിയപ്പോൾ ഹുസുറാബാദും ദുബ്ബാക്കയും ബിജെപി പിടിച്ചെടുത്തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിലും ബിജെപിയാണ് വിജയം നേടിയത്.
    Published by:Amal Surendran
    First published: