• HOME
  • »
  • NEWS
  • »
  • india
  • »
  • NLMC | പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളിൽ നിന്നുള്ള ധനസമ്പാദനം; പ്രത്യേക കോർപ്പറേഷന് മന്ത്രിസഭയുടെ അംഗീകാരം

NLMC | പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളിൽ നിന്നുള്ള ധനസമ്പാദനം; പ്രത്യേക കോർപ്പറേഷന് മന്ത്രിസഭയുടെ അംഗീകാരം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍എല്‍എംസി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്.

  • Share this:
    സര്‍ക്കാരിന്റെയും അതിന്റെ ഏജന്‍സികളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമിയുടെയും (Surplus Land) കെട്ടിടങ്ങളുടെയും (Buildings) വില്‍പ്പന (Sale) നടത്തുന്നതിനായി നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്റെ (National Land Monetisation Corporation - NLMC) രൂപീകരണത്തിന് മന്ത്രിസഭ (Cabinet) അംഗീകാരം നല്‍കി. 5,000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനമുള്ള, കേന്ദ്ര സർക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായിരിക്കും എന്‍എല്‍എംസി എന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പബ്ലിക് എന്റർപ്രൈസസ് വകുപ്പും ധനമന്ത്രാലയവും ചേര്‍ന്നാണ് സ്ഥാപനത്തിന് രൂപം നൽകുക. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍എല്‍എംസി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നത്.

    ''ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമല്ലാത്തതും ഇതുവരെ ഉപയോഗമൊന്നുമില്ലാത്തതുമായ ആസ്തികളിലൂടെ ധനസമ്പാദനം നടത്തി ഗണ്യമായ വരുമാനം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും. നിലവില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഭൂമിയും കെട്ടിടങ്ങളും ആസ്തികളായുണ്ട്'', പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ മിച്ചഭൂമിയുടെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ആസ്തികളിൽ നിന്നുള്ള ധനസമ്പാദനം നേരിട്ടുള്ള വില്‍പ്പനയിലൂടെയോ ഇളവുകൾ നൽകുന്നതിലൂടെയോ അല്ലെങ്കില്‍ സമാനമായ മാര്‍ഗങ്ങളിലൂടെയോ ആകാമെന്ന് നിർമല സീതാരാമന്‍ കഴിഞ്ഞ വര്‍ഷം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

    ''മിച്ചഭൂമിയുള്ള ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും അതിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് ആവശ്യമായ വൈദഗ്ദ്ധ്യം നിലവില്‍ പരിമിതമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഏകദേശം 3,400 ഏക്കര്‍ ഭൂമിയും മറ്റ് അപ്രധാന ആസ്തികളും ധനസമ്പാദനത്തിനായി നിർദ്ദേശിച്ചിട്ടുണ്ട്'', 2022 ജനുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

    നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, ഇന്‍വെസ്റ്റ് ഇന്ത്യ തുടങ്ങിയ പ്രത്യേക സര്‍ക്കാര്‍ കമ്പനികള്‍ക്ക് സമാനമായ രീതിയിൽ സ്വകാര്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകളെയും എന്‍എല്‍എംസിയില്‍ ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. 'എന്‍എല്‍എംസി മുഴുവന്‍ സമയ ജീവനക്കാരുള്ള ഒരു സ്ഥാപനമായിരിക്കും, കരാര്‍ അടിസ്ഥാനത്തില്‍ നേരിട്ടാണ് ജീവനക്കാരെ നിയമിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളെ നിയമിക്കുന്നതിനും ശമ്പളം നല്‍കുന്നതിനും നിലനിര്‍ത്തുന്നതിനും എന്‍എല്‍എംസിയുടെ ബോര്‍ഡിന് കഴിയും'', സര്‍ക്കാര്‍ പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

    എന്‍എല്‍എംസിയുടെ ബോര്‍ഡില്‍ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രമുഖ വിദഗ്ധരും ഉള്‍പ്പെടും. ചെയര്‍മാനും സര്‍ക്കാരിതര ഡയറക്ടര്‍മാരും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയായിരിക്കും നിയമിക്കപ്പെടുന്നത്.

    പൊതുമേഖലാ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ പ്രക്രിയ വേഗത്തിലാക്കാനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിപിഎസ്ഇകളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ സുഗമമാക്കാനും എൻഎൽഎംസി സഹായിക്കും. ഈ ആസ്തികള്‍ കൈവശം വെയ്ക്കാനും കൈകാര്യം ചെയ്യാനും ധനസമ്പാദനം നടത്താനുമായി എന്‍എല്‍എംസിക്ക് കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
    Published by:Sarath Mohanan
    First published: