ഹർ ഘർ തിരംഗ (Har Ghar Tiranga) അഥവാ എല്ലാ വീട്ടിലും ത്രിവർണ പതാക ക്യാമ്പെയ്നിന്റെ വിജയത്തിനായി സർക്കാരിന്റെ സമഗ്ര സമീപനം ആവശ്യമാണെന്ന് എല്ലാ മന്ത്രാലയങ്ങളോടും ക്യാബിനറ്റ് സെക്രട്ടറി (Cabinet secretary) രാജീവ് ഗൗബ (Rajiv Gauba) പറഞ്ഞു. ഈ പരിപാടി പരമാവധി ജനപങ്കാളിത്തമുള്ള ഒരു ജനകേന്ദ്രീകൃത പ്രസ്ഥാനമാക്കി മാറ്റണമെന്നും അദ്ദേഹം സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു. ഈ കാമ്പെയ്നുമായി ബന്ധപ്പെട്ട് ജൂലൈ 18ന് കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെക്രട്ടറിമാരുടെ യോഗം (COS) ചേരുകയും എല്ലാ സെക്രട്ടറിമാരിൽ നിന്നും "പിന്തുണയും നേതൃത്വവും" അഭ്യർത്ഥിച്ചുകൊണ്ട് ഒരു നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
'ഹർ ഘർ തിരംഗ' ക്യാമ്പെയ്നിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും 'സർക്കാരിന്റെ സമഗ്ര സമീപനം ' സ്വീകരിക്കാം. മാത്രമല്ല സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യാം. മന്ത്രാലയങ്ങളും വകുപ്പുകളും പ്രത്യേക ജനസമ്പർക്ക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുകയും ഈ പരിപാടിയിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യണം. കൂടാതെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പൗരന്മാരെ ഉൾപ്പെടുത്തി ഇതിനെ ഒരു ജനകേന്ദ്രീകൃത പ്രസ്ഥാനമാക്കി മാറ്റുകയും വേണം,” എന്നാണ് എല്ലാ സെക്രട്ടറിമാർക്കും കാബിനറ്റ് സെക്രട്ടേറിയറ്റിൽ നിന്നും അയച്ചിരിക്കുന്ന വിജ്ഞാപനത്തിൽ പറയുന്നത്.
Also Read-
Bengal SSC Scam | നോട്ടുകെട്ടുകളുടെ കൂമ്പാരം; ബംഗാളിന്റെയും മമതാ ബാനർജിയുടെയും ഭാവി മാറ്റിമറിക്കുമോ?
പതാകകളുടെ സംഭരണത്തിലും വിതരണത്തിലും സഹായിക്കുന്നതിന് കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളെയും (സിപിഎസ്ഇ) അനുബന്ധ വ്യവസായ സംഘടനകളെയും കോർപ്പറേറ്റ് മേഖലയെയും പ്രോത്സാഹിപ്പിക്കാനും എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും യോഗങ്ങൾ നടത്താനും "മുൻഗണനാ " അടിസ്ഥാനത്തിൽ പരിപാടി നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രവർത്തന പദ്ധതികൾക്ക് അന്തിമരൂപം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദേശീയ പതാകകൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് (ജിഇഎം) പോർട്ടലിലൂടെ നേരിട്ട് പതാകകൾക്കായി ഓർഡർ നൽകാനാണ് മന്ത്രാലയങ്ങളോടും വകുപ്പുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ജിഇഎം പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 16 വിതരണക്കാരിൽ നിന്ന് ഏകദേശം നാല് കോടിയോളം ദേശീയ പതാകകൾ ഇതുവരെ ലഭ്യമാണ്. മന്ത്രാലയങ്ങൾക്ക് ഇവിടെ നിന്ന് പതാകകൾ ലഭിക്കും. പതാകൾ ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിന് വിതരണക്കാർക്ക് മതിയായ സമയം ലഭിക്കുന്നതിന് വേണ്ടി ജിഇഎം പോർട്ടലിലൂടെ പതാകകൾക്കായുള്ള ആവശ്യങ്ങൾ മുൻകൂട്ടി അറിയിക്കാൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകളിലും സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും കൂടാതെ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ക്യാമ്പെയ്ൻ കാലയളവിൽ ദേശീയ പതാക ഉയർത്തും.
ഹർ ഘർ തിരംഗ ക്യാമ്പെയ്നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളിൽ രാത്രിയും പകലും ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കുന്നതിനായി ഫ്ളാഗ് കോഡിൽ സർക്കാർ ഭേദഗതി വരുത്തിയതായി ന്യൂസ് 18 ആണ് ഈ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.