ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ വിമർശനങ്ങൾക്കിടെ സി.എ.ജിയുടെ (CAG) പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi).രാജ്യത്തിന്റെ വികസനത്തിൽ നിർണ്ണായകമായ മൂല്യവർദ്ധിത പ്രവർത്തനമാണ് ഓഡിറ്റ് വകുപ്പ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യവും കൃത്യതയും സൂക്ഷ്മതയും പുലർത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് സിഎജിയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ഭയാശങ്കകൾ കാരണം സിഐജിയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പതിവായി മാറിയിരുന്നു. എന്നാൽ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിയെന്നും 'ഓഡിറ്റ് ദിവസ് 'സംബന്ധിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ശക്തവും കൂടുതൽ പ്രസക്തവുമാകുന്ന സ്ഥാപനങ്ങൾ കാലക്രമേണ ഇല്ലാതാകും. പതിറ്റാണ്ടുകൾക്ക് ശേഷം മിക്ക സ്ഥാപനങ്ങൾക്കും പ്രസക്തി നഷ്ടപ്പെടും. എന്നാൽ സിഎജി അങ്ങനെയല്ല. ഒരു പൈതൃകമാണ്, ഓരോ തലമുറയും അത് നെഞ്ചിലേറ്റണം. അതൊരു വലിയ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു.
താഴേക്ക് ഇറങ്ങിചെന്ന് ഗ്രാപഞ്ചായത്തുകളെ വരെ വിഷയങ്ങൾ പഠിപ്പിക്കുന്നതരത്തിലേക്ക് സി.എ.ജി ഉദ്യോഗസ്ഥർ തയ്യാറാകുന്നതിൽ പ്രധാനമന്ത്രി സന്തോഷം രേഖപ്പെടുത്തി. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുറമേ നിന്ന് ശക്തമായ നിർദ്ദേശങ്ങൾ നൽകുന്ന സ്ഥാപനം എന്ന നിലയിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാൻ സി.എ.ജി കാരണമാകുന്നു.
പുതിയ പദ്ധതികൾ നടത്തിപ്പിലാക്കുമ്പോൾ സർക്കാറുകളുടെ നടപടിക്രമങ്ങളുടെ നൂലാമാലകൾ ഇല്ലാതാകണം. ജനങ്ങളിലേക്ക് വേഗത്തിൽ പദ്ധതികൾ എത്തണം. വളരെ വേഗത്തിൽ ഫയലുകൾ നീങ്ങാൻ പേപ്പർ രഹിത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ സി.എ.ജി യുടെ നിർദ്ദേശങ്ങൾ ഗുണകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ വർഷം മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ആരംഭിച്ച നിരവധി സർക്കാർ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ സർദാർ പട്ടേലിന്റെ പ്രതിമ സി.എ.ജി ആസ്ഥാനത്ത് അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി ഗാന്ധിജിയേയും പട്ടേലിനേയും അംബേദ്ക്കറേയുമാണ് സർക്കാർ ഉദ്യോഗസ്ഥർ മാതൃകയാക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.